ദോഹ: ദുബായില്‍ നടക്കുന്ന ഇത്തവണത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ ഖത്തറിന്റെ പങ്കാളിത്തത്തില്‍ വര്‍ധന. ഖത്തറില്‍നിന്ന് ഇത്തവണ മുപ്പത്തിയെട്ടോളം ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സേവന ദാതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനമാണ് പങ്കാളിത്ത വര്‍ധനവ്. മധ്യപൂര്‍വ മേഖലയിലെ യാത്രാ-വിനോദസഞ്ചാര മേഖലയിലെ പ്രധാന വേദിയാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട്. ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിലെ പുതിയ വികസനങ്ങളും ഉത്പന്നങ്ങളും ഓഫറുകളുമെല്ലാം ഏപ്രില്‍ 24-ന് ദുബായില്‍ ആരംഭിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ അവതരിപ്പിക്കും.

രാജ്യത്തെ ആഡംബര താമസസൗകര്യങ്ങള്‍, സാംസ്‌കാരിക ആകര്‍ഷണങ്ങള്‍, കുടുംബ വിനോദസൗകര്യങ്ങള്‍, ആഘോഷങ്ങള്‍, പ്രധാന ഇവന്റുകള്‍, ഷോപ്പിങ് സൗകര്യങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയെക്കുറിച്ചെല്ലാം ഖത്തറിന്റെ പവലിയനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് വിശദമായി അറിയാനാവും. രാജ്യത്ത് വിമാനത്താവളത്തില്‍ ഇടവേളയിലെത്തുന്ന യാത്രക്കാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ ടൂറിസം അതോറിറ്റിയും ഖത്തര്‍ എയര്‍വേയ്‌സും ട്രാവല്‍ മാര്‍ട്ടില്‍ പുതിയ സംരഭം പ്രഖ്യാപിക്കും. ഏപ്രില്‍ 24 മുതല്‍ 27 വരെ ദുബായിലാണ് ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്.

യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഡബ്‌ള്യു.ടി.ഒ.), അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് മിനിസ്റ്റീരിയല്‍ ഫോറം എന്നിവ ഉള്‍പ്പെടെ ഉന്നത തല സമ്മേളനങ്ങളിലും ഖത്തര്‍ ടൂറിസം അതോറിറ്റി പങ്കെടുക്കുന്നുണ്ട്. യു.എന്‍.ഡബ്‌ള്യു.ടി.ഒ. ലോക വിനോദസഞ്ചാര ദിനം 'സുസ്ഥിര വിനോദസഞ്ചാരം-വികസനത്തിലേക്കുള്ള ഉപകരണം' എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. സെപ്തംബറിലാണ് ലോക വിനോദസഞ്ചാര ദിനാഘോഷം നടത്തുന്നത്. മേഖലയിലുള്ള പങ്കാളികളുമായി ചേര്‍ന്നാകും ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.