ദോഹ: നിസ്തുലമായ സാമൂഹിക പ്രവര്‍ത്തനത്തിന് ഖത്തര്‍ കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മിറ്റി കണ്‍വീനര്‍ കെ.എം. അലി വലകെട്ടിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം.

ആഭ്യന്തരമന്ത്രാലയത്തിലെ മനുഷ്യാവകാശവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന അറബ് മനുഷ്യാവകാശ ദിനാചരണത്തിലാണ് അലി വലകെട്ടിന് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്. മനുഷ്യാവകാശവും സഹവര്‍ത്തിത്വവും എന്ന പ്രമേയത്തില്‍ സിവില്‍ ഡിഫന്‍സ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വകുപ്പ് ഡയറക്ടര്‍ ലെഫ്. കേണല്‍ സാദ് സലിം അല്‍ ദോസരിയില്‍നിന്നാണ് അലി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

എല്ലാവര്‍ഷവും മാര്‍ച്ച് പതിനാറിനാണ് അറബ് മനുഷ്യാവകാശദിനം ആചരിക്കുന്നത്. മന്ത്രാലയത്തിലെ വിവിധവകുപ്പുകളിലെ പ്രതിനിധികളും അറബ്, പ്രവാസി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുമായി സഹകരിക്കുന്ന പ്രവാസി സംഘടനകളേയും ചടങ്ങില്‍ ആദരിച്ചു.
 
ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനകളുടെ പ്രതിനിധികളായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ.സി.സി. വൈസ് പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂര്‍, വൈസ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ എന്നിവരും മനുഷ്യാവകാശവകുപ്പിന്റെ ആദരം ഏറ്റുവാങ്ങി.