ദോഹ: അല്‍വഖ്‌റ ഹാര്‍ബറിന്റെ നവീകരണം പൂര്‍ത്തിയായതായി ഖത്തര്‍ പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി (മവാണി ഖത്തര്‍) അറിയിച്ചു.

ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഷെഡ്യൂള്‍ പ്രകാരം നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഹാര്‍ബര്‍ ബെര്‍ത്ത് പൂര്‍ണമായും നവീകരിച്ചു.

പഴയ സൗകര്യങ്ങളെല്ലാം മാറ്റി ആധുനിക സൗകര്യങ്ങളാക്കി. കല്‍ത്തറ 120-ല്‍നിന്ന് 160 മീറ്ററാക്കി ഉയര്‍ത്തി. 35 ബെര്‍ത്തുകളും 16 ബൊല്ലാര്‍ഡുകളുമായി നവീകരണം പൂര്‍ത്തിയാക്കി. നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം അല്‍വഖ്‌റ ഹാര്‍ബര്‍ നവീകരണം പൂര്‍ത്തിയായതില്‍ സന്തോഷമുണ്ടെന്ന് മവാണി ഖത്തര്‍ സി.ഇ.ഒ. ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ ഖാന്‍ജി പറഞ്ഞു. പുതിയ സൗകര്യങ്ങള്‍ ബോട്ട് ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും അല്‍ വഖ്‌റയിലെയും പരിസരപ്രദേശങ്ങളിലെയും സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതുമാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് ഹാര്‍ബറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മീന്‍പിടിത്തക്കാരുടെയും ബോട്ടുടമകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ ആഗോള മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് നവീകരണം പൂര്‍ത്തിയായത്.