ദോഹ: അല്‍ജസീറ അടച്ചുപൂട്ടണമെന്ന സൗദി സഖ്യരാജ്യങ്ങളുടെ ഉപാധിക്കെതിരെ നോര്‍വേയിലെ മാധ്യമസംഘടനകളും രംഗത്ത്. നോര്‍വെയിലെ മൂന്ന് പ്രധാന മാധ്യമകൂട്ടായ്മകളായ നോര്‍വീജിയന്‍ പ്രസ്സ് അസോസിയേഷന്‍, ദി നോര്‍വീജിയന്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്, അസോസിയേഷന്‍ ഓഫ് നോര്‍വീജിയന്‍ എഡിറ്റേഴ്‌സ് എന്നിവയാണ് അല്‍ജസീറയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
 
അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധിക്കെതിരെ ആഗോളതലത്തിലുള്ള നിരവധിമാധ്യമങ്ങളും മാധ്യമകൂട്ടായ്മകളും ഇതിനകം പ്രതിഷേധം അറിയിച്ചിരുന്നു. മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ബഹുമാനിക്കണമെന്ന് നോര്‍വേ സംഘടനകള്‍ പ്രസ്താവനയില്‍ സൗദിസഖ്യത്തെ അറിയിച്ചിട്ടുണ്ട്.

അറബ് മേഖലയിലെ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ വലിയ സംഭാവന നല്‍കുന്നതാണ് അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ബഹുമാനിക്കപ്പെടണമെന്നും കൂട്ടായ്മകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അല്‍ ജസീറ കൂടാതെ അറേബ്യ 21, അല്‍ അറബി അല്‍ ജദീദ്, മിഡില്‍ ഈസ്റ്റ് ഐ ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്നും സൗദിസഖ്യത്തിന്റെ ഉപാധിപ്പട്ടികയില്‍ ആവശ്യപ്പെട്ടിരുന്നു.