ദോഹ: ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രന്‍ഡ്ഷിപ്പ് അസോസിയേഷന്റെ പ്രഥമപുരസ്‌കാരം പ്രഖ്യാപിച്ചു. മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രന്‍ (ഈന്തപ്പനച്ചോട്ടില്‍), മനോരമ ഓണ്‍ലൈന്‍ ന്യൂസ് ഗള്‍ഫ് റിപ്പോര്‍ട്ടര്‍ സാദിഖ് കാവില്‍ (ഔട്ട് പാസ്), ഗള്‍ഫ് സിറാജ് എഡിറ്റര്‍ഇന്‍ചാര്‍ജ് കെ.എം. അബ്ബാസ് (ദേര, കഥകള്‍), ജിദ്ദ മലയാളം ന്യൂസ് ദിനപത്രത്തിലെ പത്രാധിപസമിതി അംഗങ്ങളായ രമേശ് അരൂര്‍ (പരേതന്‍ താമസിക്കുന്ന വീട്), മുഹമ്മദ് അഷ്‌റഫ് (മല്‍ബു കഥകള്‍), മലയാളം ന്യൂസ് സ്‌പോര്‍ട്‌സ് എഡിറ്റര്‍ ടി. സാലിം (ലോങ്പാസ്) എന്നിവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ഗിഫ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ അലിയും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങരയും പത്രക്കുറിപ്പില്‍ അറിയിച്ചു.

പി.എസ്.എം.ഒ. കോളേജ് മലയാള വകുപ്പ് മുന്‍മേധാവി പ്രൊഫ. അലവി കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസിസ്റ്റന്റ് പ്രൊഫ. അസ്ഗര്‍ അലി, പി.എസ്.എം.ഒ. കോളേജ് മലയാള വകുപ്പ് മേധാവി ബാബുരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
 
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മേയില്‍ ദോഹയില്‍നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്യും.