മസ്‌കറ്റ്: മസ്‌കറ്റില്‍ പൊതുസ്ഥലത്ത് പുകവലിച്ചാല്‍ പിഴ ഈടാക്കുമെന്ന് നഗരസഭയുടെ മുന്നറിയിപ്പ്. ആരോഗ്യത്തിന് ഹാനികരമാകുന്നതും പൊതു സ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നതും തടയുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനോടകം പുകയില ഉത്പന്നങ്ങളുടെ വിലയിലും നൂറു ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട് .

പൊതുജനങ്ങളുടെ ആവശ്യംകൂടി കണക്കിലെടുത്താണ് മസ്‌കറ്റ് നഗരസഭ പൊതുസ്ഥലത്ത് പുകവലിക്കുന്നതിനു നിയന്ത്രണം കൊണ്ടുവരുന്നത്. പൊതുസ്ഥലത്ത് പുക വലിക്കുന്നതിന് 2010 മുതല്‍ നിയന്ത്രണവും പിഴയും ഏര്‍പ്പെടുത്തിയെങ്കിലും ഇത് കര്‍ശനമായി പ്രാബല്യത്തില്‍ വന്നിരുന്നില്ല.

ഇതുമൂലം നിരവധിപേര്‍ നിയമലംഘനം തുടര്‍ന്നുവന്നിരുന്നു. പട്ടണം വൃത്തിയായി സൂക്ഷിക്കുന്ന നഗരസഭാ പദ്ധതിക്ക് അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റുകുറ്റികള്‍ വിനയായിത്തീര്‍ന്നു. പൊതുസ്ഥലത്തെ പുകവലി മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതായി പരാതിയുയര്‍ന്നുവന്നതുമാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ നഗരസഭയെ നിര്‍ബന്ധിപ്പിച്ചത്. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങള്‍ക്ക് മസ്‌കറ്റ് നഗരസഭ പിഴ വര്‍ധിപ്പിച്ചുകൊണ്ടു വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരിച്ച പിഴ നിലവില്‍വരികയും ചെയ്തു.

പുകയിലയുടെയും മദ്യത്തിന്റെയും വില 100 ശതമാനം വര്‍ധിപ്പിച്ചുകൊണ്ട് റോയല്‍ ഒമാന്‍ പോലീസ് ആന്‍ഡ് കസ്റ്റംസ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുകയില-മദ്യ ഉത്പന്നങ്ങളുടെ വിലവര്‍ധന. ഇതിലൂടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യവും നേടിയെടുക്കാന്‍ സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.