സലാല: ഖരീഫ് കാലാവസ്ഥ ആരംഭിച്ചതോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. പച്ചപ്പ് നിറഞ്ഞ മലകളും നിറഞ്ഞൊഴുകുന്ന അരുവികളും തണുത്ത കാലാവസ്ഥയുമുള്ള പ്രകൃതിയുടെ വിസ്മയമാണ് വിനോദസഞ്ചാരികളെ സലാലയിലേക്ക് ആകര്‍ഷിക്കുന്നത്.

ദോഫാര്‍ നഗരസഭ നാല്‍പ്പതുദിവസം നീണ്ടു നില്‍ക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദോഫാര്‍ പര്‍വതനിരകളിലും താഴ്വരകളിലും പെയ്യുന്ന ഇടമുറിയാത്ത ചാറ്റല്‍ മഴയും 22 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയുമുള്ള, ഖരീഫ് കാലാവസ്ഥ ആസ്വദിക്കുവാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ് . രാജ്യത്തിനകത്ത് നിന്നും യു.എ.ഇ.,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സലാല കാണുവാന്‍ എത്തുന്നത്. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് സലാലയില്‍ ഖരീഫ് കാലാവസ്ഥ അനുഭവപ്പെടുന്നത് .

മറ്റു ജി.സി.സി. രാജ്യങ്ങളും ഒമാന്റെ വടക്കന്‍ പ്രദേശങ്ങളും വേനലില്‍ ചുട്ടുപഴുക്കുമ്പോള്‍, സലാലയിലെ ഈ കാലാവസ്ഥ സഞ്ചാരികള്‍ക്ക് വലിയ ആകര്‍ഷണമാണ് . ജി.സി.സി. രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സലാലയില്‍ കൂടുതലായി എത്തുന്നത് ഇന്ത്യക്കാരാണ്.

ഒമാനിലെ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരും വലിയ തോതില്‍ സലാലയിലെ ഖരീഫിന്റെ വിസ്മയം കാണുവാന്‍ എത്തുന്നുണ്ട്.

സലാലയിലെ കോട മഞ്ഞും ഹരിതഭംഗിയും ഇവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും മനസ്സിനും ശരീരത്തിനും കുളിര്‍മ നല്‍കുന്ന ഒരു അവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. പാര്‍ക്കുകള്‍, പര്‍വതങ്ങളുടെ താഴ്വാരങ്ങള്‍, ബീച്ചുകള്‍, ചരിത്രസ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. ഇവിടെ നിറഞ്ഞുകാണുന്ന തെങ്ങും വാഴയും മലയാളികള്‍ക്ക് ഗൃഹാതുരത്വം സമ്മാനിക്കും.

ഖരീഫ് കാലത്തോട് അനുബന്ധിച്ചു ദോഫാര്‍ നഗരസഭയും ഒമാന്‍ വിനോദസഞ്ചാര മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവലും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍, മൂല്യങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ക്കൊടുക്കുക എന്നതാണ് ടൂറിസം ഫെസ്റ്റിവലിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്.