പെരുമ്പാവൂര്‍: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ഷെബിന്റെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ദോഹാര്‍ ക്ലബ്ബിന് സമീപത്തെ ഫ്‌ലാറ്റില്‍ ഷിബിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സലാലയിലെ സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. ഭര്‍ത്താവ് ജീവന്‍ ഹോട്ടലില്‍ ഷെഫാണ്. വ്യാഴാഴ്ച രാവിലെ ജോലിക്ക് പോയ ജീവന്‍ വൈകീട്ട് 5 മണിയോടെ ഫ്‌ലാറ്റില്‍ എത്തിയപ്പോഴാണ് ജഡം കണ്ടത്. മോഷണ ശ്രമത്തെത്തുടര്‍ന്നാണ് കൊലപാതകം എന്ന് പറയുന്നു.
 
Shebin
ഷെബിന്‍
ദേവികുളം ബി.ഡി.ഒ. ആയി വിരമിച്ച അടിമാലി ചേറ്റുപാറ ചെന്നാപ്പാറയില്‍ തമ്പിയുടെയും ഏലിക്കുട്ടിയുടെയും മകളാണ് ഷെബിന്‍. ഇപ്പോള്‍ ഈ കുടുംബം പെരുമ്പാവൂരിലാണ് താമസം. ഷെബിന്‍ അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.

എല്ലാ ദിവസവും മകളെ ഫോണില്‍ വിളിക്കുമായിരുന്നു എന്ന് തമ്പി പറഞ്ഞു. വ്യാഴാഴ്ച പലവട്ടം വിളിച്ചിട്ടും ഷെബിനെയോ ഭര്‍ത്താവ് ജീവനെയോ ഫോണില്‍ കിട്ടിയില്ല. കൂട്ടുകാരെ വിളിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്.

ഇടുക്കി മുരിക്കാശ്ശേരി മുളഞ്ഞിനാലില്‍ കുടുംബാംഗമാണ് ജീവന്‍. നാല് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ചെന്നൈയിലെ ഒരു ആശുപത്രിയില്‍ നഴ്‌സായിരുന്ന െഷബിന്‍ ഒന്നരക്കൊല്ലം മുന്‍പാണ് ഒമാനിലെ സലാലയിലേക്ക് പോയത്.