മസ്‌കറ്റ്: ഒമാനില്‍നിന്ന് ഇന്ത്യയിലേക്ക് ചികിത്സാവശ്യാര്‍ഥം പോകുന്ന ഒമാന്‍ സ്വദേശികള്‍ക്ക് മെഡിക്കല്‍വിസ നിര്‍ബന്ധമാക്കി. മുംബൈയിലുള്ള ഒമാന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയുടെ എല്ലാഭാഗങ്ങളിലുമുള്ള ആസ്​പത്രികളിലും ചികിത്സാകേന്ദ്രങ്ങളിലും ചികിത്സലഭിക്കണമെങ്കില്‍ മെഡിക്കല്‍വിസ അനിവാര്യമാണ്. മെഡിക്കല്‍ വിസയില്ലാതെയാണ് എത്തുന്നതെങ്കില്‍ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.

നേരത്തെ മെഡിക്കല്‍വിസയ്ക്ക് അധികനിരക്ക് ഈടാക്കിയിരുന്നതിനാല്‍ ടൂറിസ്റ്റ് വിസയില്‍ ചികിത്സാ ആവശ്യത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഏപ്രില്‍ മുതല്‍ മെഡിക്കല്‍വിസാ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്.

ആറുമാസ കാലാവധിയുള്ള വിസയ്ക്ക് 30 റിയാല്‍ 900 ബൈസയും ഒരുവര്‍ഷ കാലാവധിയുള്ളതിന് 46 റിയാലുമാണ് നിരക്ക്.

മെഡിക്കല്‍ വിസാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മസ്‌കറ്റിലെ ബി.എല്‍.എസ്. കേന്ദ്രത്തില്‍ പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിച്ചുവരുന്നു.

വിദേശത്തേക്ക് ചികിത്സയ്ക്ക് നിര്‍ദേശിച്ചിട്ടുള്ള ആസ്​പത്രിയില്‍നിന്നുള്ള കത്തും ചികിത്സനല്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആസ്​പത്രിയില്‍നിന്നുള്ള കത്തും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.