മസ്‌കറ്റ്: വരുമാനംകുറഞ്ഞ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പുതിയ അധ്യയനവര്‍ഷം മസ്‌കറ്റ് ഇന്ത്യന്‍സ്‌കൂള്‍ ഫീസില്‍ ഇളവുനല്‍കുന്നു. ഇതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ നല്‍കി. വിവിധ മാനദണ്ഡങ്ങളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

400 ഒമാനി റിയാലില്‍ കുറവുശമ്പളമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കാണ് ഫീസില്‍ ഇളവുലഭിക്കുക. ഫീസിളവിന് അര്‍ഹരായവര്‍ ഈമാസം 27-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. സ്‌കൂള്‍ റിസപ്ഷനില്‍നിന്നോ, വെബ്‌സൈറ്റില്‍നിന്നോ അപേക്ഷാഫോറം ലഭിക്കും. അപേക്ഷിച്ചവര്‍ അര്‍ഹരാണോ എന്നുപരിശോധിച്ച് ജൂണ്‍ ആദ്യ ആഴ്ച തന്നെ എസ്.എം.എസ്. വഴി വിവരം നല്‍കും.

സാമ്പത്തികപ്രയാസം മൂലം വിദ്യാര്‍ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമൊഴിവാക്കാന്‍വേണ്ടിയാണ് ഫീസില്‍ ഇളവുനല്‍കുന്നത്. 1975-ല്‍, 135 കുട്ടികളുമായി ആരംഭിച്ച മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ന് 9200-ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.