മസ്കറ്റ്: ഒമാന്റെ ഹജ്ജ് ക്വാട്ട 25 ശതമാനം വർധിപ്പിച്ചുകൊണ്ട് സൗദി ഹജ്ജ് വിഭാഗം ഉത്തരവിറക്കി. നാലുവർഷം മുമ്പ് വെട്ടിക്കുറച്ചിരുന്ന  ക്വാട്ടയാണ് ഈ വർഷം പുനഃസ്ഥാപിച്ചിരിക്കുന്നത്. 

ഇവയിൽ സ്വദേശികൾക്കും വിദേശികൾക്കുമുള്ള ക്വാട്ടകൾ വേർതിരിച്ച് നൽകിയിട്ടില്ല. 2013 മുതൽ 11,200 പേർക്കാണ് ഒമാനിൽനിന്ന് ഹജ്ജ് ചെയ്യാൻ അനുമതി ലഭിച്ചിരുന്നത്.  

ഹറം വികസനത്തെതുടർന്ന് സൗദി സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതാണ് ക്വാട്ട പുനഃസ്ഥാപിക്കാൻ കാരണം. ഹജ്ജ് തീർഥാടനത്തിന് ഈ വർഷം കൂടുതൽപേർക്ക് അവസരംലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യത്തെ ഏജൻസികളും തീർഥാടനം ആഗ്രഹിക്കുന്ന വിദേശികളും. ഹജ്ജ് ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽ കൂടുതലും പ്രയാസം നേരിട്ടിരുന്നതും വിദേശികളായിരുന്നു.

സാധാരണയായി അറബി മാസം റജബിലാണ് ഹജ്ജിനുപോകുന്നവരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുക. ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെ അർഹരെ കണ്ടെത്തി ഒരു മാസത്തിനുള്ളിൽ വിസാനടപടികൾ ആരംഭിക്കുകയും ചെയ്യും.