മസ്‌കറ്റ്: ഒമാനില്‍ ഗവണ്‍മെന്റിന് കീഴിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവ്. 2016-ലെ ബോണസ് നല്‍കുന്നതും നിര്‍ത്തിവെക്കാന്‍ നിര്‍ദേശമുണ്ട്. എണ്ണവിലയിടിവുമൂലം രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനായാണിത്.

രാജ്യത്ത് അറുപതില്‍പരം കമ്പനികള്‍ ഗവണ്‍മെന്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആനുകൂല്യങ്ങളും ബോണസും അവകാശങ്ങളല്ലെന്നും രാജ്യത്തിന്റെ പ്രത്യേക സാമ്പത്തികസാഹചര്യത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രാലയം ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
 
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യഇന്‍ഷുറന്‍സ്, യാത്രാവേളകളില്‍ അനുവദിച്ചിരുന്ന ആരോഗ്യഇന്‍ഷുറന്‍സ്, മൊബൈല്‍ഫോണ്‍, പലിശരഹിത ഭവനവ്യക്തിഗതവായ്പകള്‍, സൗജന്യ ആരോഗ്യപരിശോധന, സൗജന്യ സ്‌കോളര്‍ഷിപ്പുകള്‍, വീട്ടുപകരണങ്ങള്‍ക്കുള്ള അലവന്‍സ്, റംസാന്‍ ഈദ് ആഘോഷവേളകളിലെ അലവന്‍സുകള്‍ തുടങ്ങിയവയാണ് ഗവണ്‍മെന്റ് കമ്പനികളിലെ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്.
 
ഇവയെല്ലാംതന്നെ നിര്‍ത്തലാക്കുമെന്നാണ് സൂചന. പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ആസ്​പത്രികളില്‍ സൗജന്യചികിത്സ ലഭിക്കുമെന്നതിനാല്‍ ആരോഗ്യഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയത് ഒമാനികളെ സംബന്ധിച്ച് വലിയപ്രശ്‌നമാകില്ല. എന്നാല്‍, വിദേശിജീവനക്കാര്‍ക്ക് ഇത് ബാധ്യതയാകും.

2017-ലെ ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ശന ചിലവുചുരുക്കല്‍ നടപടികള്‍ പ്രായോഗികമാക്കിത്തുടങ്ങിയെന്നതിന്റെ സൂചനയാണ് പുതിയപ്രഖ്യാപനം. 11.7 ബില്യണ്‍ റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്നിടത്ത് വരുമാനമായി കണ്ടെത്തിയിരിക്കുന്നത് 8.7 ബില്യണ്‍ മാത്രമാണ്. 2016-ല്‍ വരുമാനം 30 ശതമാനമായി കുറഞ്ഞതിനെത്തുടര്‍ന്ന് ഒക്ടോബര്‍ വരെ 4.8 ബില്യണ്‍ റിയാലിന്റെ ധനകമ്മിയാണ് അനുഭവപ്പെട്ടത്.
 
വരുംവര്‍ഷത്തില്‍ അസംസ്‌കൃത എണ്ണയില്‍നിന്ന് 4.5 ബില്യണും 1.6 ബില്യണ്‍ പ്രകൃതിവാതകത്തില്‍നിന്നും നേടാനാണ് ഉദ്ദേശിക്കുന്നത്. ചിലവുചുരുക്കുന്നതിനൊപ്പം, വിവിധമാര്‍ഗങ്ങളില്‍നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്.