മസ്‌കറ്റ്: ഒമാനിലെ സ്ഥിരതാമസക്കാരായ വിദേശ തൊഴിലാളികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന പുതിയ മാര്‍ഗരേഖ മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കി.

വിദേശതൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ വിശദമാക്കുന്ന മാര്‍ഗരേഖ ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് ഇറക്കിയിരിക്കുന്നത്. സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍നിയമം, കരാര്‍വ്യവസ്ഥകള്‍, നടപടിക്രമങ്ങള്‍ തുടങ്ങി സ്വകാര്യമേഖലയിലെ വിദേശതൊഴിലാളികള്‍ നേരിടുന്ന മുഴുവന്‍ വിഷയങ്ങളും മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്നു.

കൂടാതെ, വിവിധ മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യവും രാജ്യത്തെ മതസഹിഷ്ണുതയും അതുമായി ബന്ധപ്പെട്ട അവകാശങ്ങളും രേഖയിലുണ്ട്. തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അവകാശലംഘനങ്ങള്‍ നേരിട്ടാല്‍ ഒമാന്‍ മനുഷ്യാവകാശകമ്മിഷന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. 2008-ല്‍ ആണ് ഒമാനില്‍ മനുഷ്യാവകാശകമ്മിഷന്‍ നിലവില്‍ വന്നത്.