കൊച്ചി: ഒമാനിലെ സലാലയില്‍ മലയാളികളുടെ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരു വര്‍ഷത്തിനിടെ മൂന്ന് സ്ത്രീകളടക്കം നാല് മലയാളികളാണ് കൊല്ലപ്പെട്ടത്. കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പാര്‍ട്ണര്‍മാരുടെ മരണവും കൊലപാതകമാണെന്ന സംശയം നിലനില്‍ക്കുന്നു. ആറ് മരണങ്ങളില്‍ നാലും 2017 പിറന്ന ശേഷമാണ്.

വ്യാഴാഴ്ച കൊല്ലപ്പെട്ട പെരുമ്പാവൂര്‍ പൂവത്തുകുഴിയില്‍ ഷെബിന്‍ (29) ആണ് ഒടുവില്‍ കൊലക്കത്തിക്ക് ഇരയായത്. ദന്തല്‍ ക്ലിനിക്കിലെ നഴ്‌സ് ആയ ഷെബിന്‍ ഫ്‌ലാറ്റില്‍ കുത്തേറ്റ് മരിക്കുകയായിരുന്നു.

സലാലയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ഭര്‍ത്താവ് ജീവന്‍ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് ഷെബിന്‍ കൊല്ലെപ്പട്ട വിവരം അറിയുന്നത്.

ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സിന്ധു കുമാരി (32) സലാലയില്‍ കൊല്ലപ്പെട്ടിരുന്നു. ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ലീനിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സിന്ധു മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്. കൊലപാതകിയെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് (28) ഏപ്രില്‍ 20-നാണ് സലാലയില്‍ കുത്തേറ്റ് മരിച്ചത്. ബദര്‍ അല്‍സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കു നാലുമാസം ഗര്‍ഭിണിയായിരുന്നു. അതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ ഡ്യൂട്ടി സമയത്ത് ഭാര്യ ആശുപത്രിയില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

ലിന്‍സണെ മൂന്ന് മാസത്തോളും പോലീസ് കസ്റ്റഡിയില്‍ വച്ച ശേഷമാണ് വിട്ടയച്ചത്. കറുകുറ്റി മാമ്പ്ര തെക്കയില്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകളായിരുന്നു ചിക്കു. കൊലപാതകിയെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചിക്കുവിന്റേതിന് സമാനമായ രീതിയിലാണ് ഷെബിനും കൊല്ലപ്പെട്ടിരിക്കുന്നത്. ഷെബിന്റെ ഭര്‍ത്താവ് മുരിക്കാശ്ശേരി മുളഞ്ഞനാനി വീട്ടില്‍ ജീവനെ പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെ (50) കഴിഞ്ഞ ജൂലായില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കസ്റ്റഡിയിലായിരുന്നു.

ബിസിനസ് പങ്കാളികളായ മൂവാറ്റുപുഴ ആട്ടായം മുടവനാശേരില്‍ (പറമ്പിക്കുടി) മുഹമ്മദ് (50), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (49) എന്നിവര്‍ സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ജനുവരി 22-നായിരുന്നു.

മെറ്റല്‍ ക്രഷര്‍ സ്ഥാപിക്കുന്നതിനായിട്ടാണ് ഇവര്‍ ഇവിടെ എത്തിയത്. ഇത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പറയുന്ന ബന്ധുക്കള്‍ ഇതു സംബന്ധിച്ച അന്വേഷണത്തിനായി കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയിട്ടുണ്ട്.