മസ്‌കറ്റ്: ബജറ്റ് എയർലൈനായ ഇൻഡിഗോ മാർച്ച് 20 മുതൽ മസ്‌കറ്റ്-കോഴിക്കോട് സെക്ടറിൽ നേരിട്ടുള്ള പ്രതിദിന സർവീസ് തുടങ്ങും. തുടക്കത്തിൽ മസ്‌കറ്റിൽനിന്ന് കോഴിക്കോട്ടേക്കുള്ള വൺവേ ടിക്കറ്റിന് നികുതിയുൾപ്പെടെ 39 ഒമാനി റിയാൽ നൽകിയാൽ മതിയാകും. 

മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ മസ്‌കറ്റിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട്ടുനിന്ന് വൈകുന്നേരം 6.25-ന് പുറപ്പെടുന്ന വിമാനം രാത്രി 8.15-ന് മസ്‌കറ്റിൽ എത്തും. മസ്‌കറ്റിൽനിന്ന് രാത്രി 9.15-ന് തിരികെ പുറപ്പെടുന്ന വിമാനം രാത്രി 2.15-ന് കോഴിക്കോട്ടെത്തും.

നിലവിൽ മസ്‌കറ്റ്-കോഴിക്കോട്ട് റൂട്ടിൽ നേരിട്ട് സർവീസ് നടത്തുന്നത് എയർ ഇന്ത്യാ എക്സ്പ്രസും ഒമാൻ എയറും മാത്രമാണ്. ഇൻഡിഗോയുടെ സേവനംകൂടി വരുന്നതോടെ നിരക്കിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.