pkdകുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്തിന്റെ (പല്‍പക് ) ഈ വര്‍ഷത്തെ ഓണം ഈദ് പരിപാടികള്‍ പ്രഖ്യാപിച്ചു. 'പാലക്കാടന്‍ മേള 2017' എന്ന ശീര്‍ഷകത്തില്‍ പല്‍പക് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കു സെപ്റ്റംബര്‍ 29ന് വെള്ളിയാഴ്ച ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ കൊടിയേറും.

മാവേലി എഴുന്നള്ളത്തോട് കൂടി ആരംഭിക്കുന്ന പരിപാടികളില്‍ തിരുവാതിര, ഒപ്പന, മാര്‍ഗംകളി , സ്‌കിറ്റ് തുടങ്ങിയ വര്‍ണശബളമായ ആഘോഷമാണ് പല്‍പക് ഒരുക്കുന്നത്. കൂടല്ലൂര്‍ പാര്‍ത്ഥസിന്റെ വിഭവ സമൃദ്ധമായ തനി പാലക്കാടന്‍ ഓണസദ്യ ആണ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. കുവൈറ്റിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പാലക്കാടന്‍ മേള 2017ല്‍ അഥിതികളായിരിക്കും.രാജേഷ് അടിമാലിയും , ലേഖ അജയും നയിക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റു കൂട്ടും.

പാലക്കാടന്‍ മേള 2017നോടു അനുബന്ധിച്ചു 28 സെപ്റ്റംബര്‍ വൈകീട്ടു 6.30ന് പൂക്കളമത്സരവും കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരവും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.