കുവൈത്ത് സിറ്റി: കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിനുള്ള നീക്കം തുടങ്ങി. സ്വകാര്യമേഖലയിലെ ഭരണ-നിര്‍വഹണ തസ്തികകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ ചികിത്സ നിര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗം ആവശ്യപ്പെട്ടു.

18 ലക്ഷത്തിലേറെപ്പേര്‍ തൊഴില്‍ചെയ്യുന്ന സ്വകാര്യ മേഖലയില്‍ ഇപ്പോള്‍ 70,000 സ്വദേശികളാണുള്ളത്. ഈ അന്തരം കുറയ്ക്കുന്നതിനുള്ള നടപടിക്കാണ് അധികൃതര്‍ തുടക്കമിടുന്നത്.

അഭ്യസ്തവിദ്യരായ 20,000ത്തിലേറെ സ്വദേശികള്‍ സിവില്‍ സര്‍വീസ് കമ്മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ വര്‍ഷംതോറും പത്തുശതമാനം വിദേശികളെ ഒഴിവാക്കി പത്തുവര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്.

കഴിഞ്ഞദിവസം കുവൈത്ത് സര്‍വകലാശാലയില്‍ ഏതാനും പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതോടെ മലയാളികളടക്കമുള്ള വിദേശികള്‍ ഉത്കണ്ഠയിലാണ്.

സര്‍ക്കാര്‍ ആസ്​പത്രികളിലും ക്ലിനിക്കുകളിലും വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ മരുന്നുവിതരണം നിര്‍ത്തണമെന്ന് പാര്‍ലമെന്റ് അംഗം സഫാ അല്‍-ഹാഷിം അവതരിപ്പിച്ച കരട് ബില്ലിന് സമ്മിശ്ര പ്രതികരണമാണ് പാര്‍ലമെന്റിലുണ്ടായത്.

സാമൂഹിക പ്രവര്‍ത്തകയും ഏക വനിത പാര്‍ലമെന്റ് അംഗവുമായ സഫാ അല്‍-ഹാഷിമാണ് ഇത് ആവശ്യപ്പെട്ടത്. വലിയ തുകയാണ് വര്‍ഷംതോറും വിദേശികളുടെ സൗജന്യ ചികിത്സയ്ക്കായി നീക്കിവെക്കുന്നത്. കൂടാതെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ വിദഗ്ധമായ ചികിത്സ ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ ആശങ്ക ഒഴിവാക്കാനായി വിദേശികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് ആസ്​പത്രികളുടെയും വിദേശികള്‍ക്കായുള്ള ഹെല്‍ത്ത് കെയര്‍ സെന്ററുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ മാത്രമാണിത് ലഭിക്കുക.