കുവൈത്ത് സിറ്റി: കുവൈത്ത് ആതിഥ്യംവഹിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) ഉച്ചകോടി ഖത്തറിനെച്ചൊല്ലി  അംഗരാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങളെത്തുടര്‍ന്ന്   ചൊവ്വാഴ്ചതന്നെ പിരിഞ്ഞു. നേരത്തേ ചൊവ്വ. ബുധന്‍ ദിവസങ്ങളില്‍ നടക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഒറ്റദിവസമാക്കിയത്. പ്രതീക്ഷിച്ചതുപോലെ എല്ലാ രാഷ്ട്രത്തലവന്മാരും എത്താത്തതിനാലാണ് സമ്മേളനം വെട്ടിച്ചുരുക്കിയതെന്ന് അഭ്യൂഹമുണ്ട്. പ്രധാന തീരുമാനങ്ങളൊന്നും സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.  രാഷ്ട്രീയ അനിശ്ചിതത്വം കാരണം പലതവണ മാറ്റിവെച്ച ഉച്ചകോടിയായിരുന്നു ഇത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കുവൈത്ത് സമ്മേളനത്തിന് വേദിയാകുന്നത്.
 
ജി.സി.സി. ഘടനയില്‍ സമീപഭാവിയില്‍ തന്നെ മാറ്റം വന്നേക്കുമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.    മേഖലയിലെ വെല്ലുവിളികളെ മികച്ച രീതിയില്‍ അതിജീവിക്കാന്‍ പര്യാപ്തമായ തരത്തിലായിരിക്കും ജി.സി.സിയുടെ ഘടനയില്‍ മാറ്റംവരുത്തുകയെന്നും അമീര്‍ പറഞ്ഞു. ഭാവിയില്‍ ജി.സി.സി.ക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയുക്തസംഘം രൂപവത്കരിക്കുന്നത് സംബന്ധിച്ച സാധ്യതയും അമീര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രാജ്യത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരും. ജി.സി.സി. ഉച്ചകോടിയുടെ പ്രധാന കാരണം മധ്യസ്ഥത തുടരുകയെന്നതാണെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുമെന്നും അമീര്‍ വ്യക്തമാക്കി. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി വേദനാജനകവും പ്രതികൂലവുമായ കാര്യങ്ങളാണ് ഗള്‍ഫ് അഭിമുഖീകരിക്കുന്നതെന്നും അമീര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ ഉണ്ടായിട്ടുള്ള വെല്ലുവിളികള്‍ നേരിടേണ്ടതിന്റെയും രാജ്യപുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയയെക്കുറിച്ചും അമീര്‍ ഓര്‍മിപ്പിച്ചു.  ഗള്‍ഫ് പ്രതിസന്ധികാരണം ജി.സി.സി. അംഗരാജ്യങ്ങള്‍ക്കിടയില്‍ സൗദി, ബഹ്റൈന്‍, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ ഒരുവശത്തും മറുവശത്ത് ഖത്തറും നിലയുറപ്പിച്ച പ്രതിസന്ധിക്കിടെയാണ് അമീര്‍ ശൈഖ് സബയുടെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഉച്ചകോടി വലിയ പ്രതീക്ഷ നല്‍കുന്നത്.

ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍-ഹാമദ് അല്‍-താരിയെ കൂടാതെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ പ്രതിനിധിയായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍-ജബേയ്ര്‍, ഒമാന്‍ സുല്‍ത്താന്‍ വാബുസ് ബിന്‍ സയ്യിദിന്റെ പ്രതിനിധിയായി ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രി ഫാഹദ് ബിന്‍ മഹ്മൂദ് അല്‍-സയിദ് കൂടാതെ ബഹ്റൈനില്‍നിന്നുള്ള ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ്ബിന്‍ മുബാറക് അല്‍ ഖലീഫ എന്നീ രാഷ്ട്രത്തലവന്മാരാണ് ഉദ്ഘാടനസമ്മേളത്തില്‍ പങ്കെടുത്തത്. അമീറിനെ കൂടാതെ ജി.സി.സി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍-സയാനിയും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.