കുവൈത്ത് സിറ്റി: പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ നടത്തിയ ആക്രമണത്തിനെതിരെ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 'നാവറുക്കാന്‍ നോക്കേണ്ട' എന്ന മുദ്രാവാക്യമുയര്‍ത്തി സാല്‍മിയ കല സെന്ററില്‍ നടന്ന പരിപാടിയില്‍ കല കുവൈത്ത് സാഹിത്യവിഭാഗം സെക്രട്ടറി ദിലീപ് നടേരി പ്രതിഷേധക്കുറിപ്പ് അവതരിപ്പിച്ചു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് കുവൈത്ത് മലയാളി സമൂഹം ഒന്നടങ്കം പ്രതിഷേധ കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നു. കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് എന്‍ അജിത്ത് കുമാര്‍ (പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍), അന്‍വര്‍ സെയ്ദ് (കെഐജി), ബഷീര്‍ ബാത്ത (കെഎംസിസി), സാംസ്‌കാരിക പ്രവര്‍ത്തകരായ മുജീബുള്ള, ജോസ് ജോയല്‍, എഴുത്തുകാരായ സുരേഷ് മാത്തൂര്‍, ജോണ്‍ മാത്യു, കല കുവൈറ്റ് മേഖല കമ്മിറ്റി അംഗം പ്രജോഷ് തട്ടോളിക്കര എന്നിവര്‍ സംസാരിച്ചു. പൗലോസ് തെക്കേക്കര, രാജീവ് ചുണ്ടമ്പറ്റ എന്നിവര്‍ പ്രതിഷേധ കവിതകള്‍ വേദിയില്‍ ആലപിച്ചു.

കല കുവൈത്ത് പ്രസിഡന്റ് ആര്‍ നാഗനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം പറഞ്ഞു. കല കുവൈത്ത് സാല്‍മിയ മേഖല സെക്രട്ടറി പിആര്‍ കിരണ്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.