കുവൈത്ത് സിറ്റി: ജിസിസി പൗരന്‍ വര്‍ഷം തോറും മറ്റു വിദേശ രാജ്യങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട് ചെലവഴിക്കുന്നത് 100 ബില്യണ്‍ ഡോളറാണ്. കുവൈത്ത് സ്വദേശികള്‍ മാത്രം വര്‍ഷം തോറും 12 ബില്യന്‍ ഡോളറാണ് ചെലവഴിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തി. കുവൈത്ത് ക്യാബിനറ്റ് കാര്യമന്ത്രിയും ആക്ടിംഗ് വാര്‍ത്താവിതരണമന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍ മുബാറക് അല്‍ സബ അഭിപ്രായപ്പെട്ടു. ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുവാക്കള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു. യുവാക്കളെ ടൂറിസം മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കുന്ന ചെറുതും വലുതുമായ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാറുകള്‍ രൂപം നല്‍കണം. 

കുവൈത്ത് വാര്‍ത്താവിതരണം മന്ത്രാലയവും ലീഡേഴ്‌സ് ഗ്രൂപ്പ് കമ്പനി ഫോര്‍ കണ്‍സള്‍ട്ടന്റ് ആന്റ് ഡവലപ്‌മെന്റ് സംയുക്തമായി മാര്‍ച്ച് 27,28 തീയതികളില്‍ കുവൈത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ യൂത്ത് ആന്റ് ടൂറിസം ഫോറത്തിന് മുന്നോടിയായി ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിസിസി അംഗരാജ്യങ്ങളിലെ യുവാക്കളുടെ ക്ഷേമം കണക്കിലെടുത്ത് ടൂറിസം മേഖലയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ചെറുകിട വന്‍കിട പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഷേഖ് മുഹമ്മദ് ആവശ്യപ്പെട്ടു. 

യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കുന്നതിന് പര്യാപ്തമാണ് ടൂറിസം എന്നതും സര്‍ക്കാറിന്റെ പ്രഥമപരിഗണനയിലുണ്ട്. യുവാക്കളുടെ കാര്യത്തില്‍ കുവൈത്ത് സ്വീകരിച്ചിട്ടുള്ള മാതൃകാപരമായ നിലപാടുകള്‍ കണക്കിലെടുത്താണ് അറബ് ലീഗ് കുവൈത്തിനെ ക്യാപിറ്റല്‍ ഓഫ് ദി യൂത്ത് 2017 ആയി തിരഞ്ഞെടുത്തിട്ടുള്ളത്. യു.എന്‍.നടപ്പിലാക്കിവരുന്ന എമ്പവര്‍ യൂത്ത് 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് കുവൈത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ യൂത്ത് ആന്റ് ടൂറിസം ഫോറം സെമിനാര്‍ എന്ന് ഷേഖ് മുഹമ്മദ് വ്യക്തമാക്കി.