കുവൈത്ത് സിറ്റി: വനിതാ ദിനത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ കേരള കുവൈത്ത് വനിതാ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. 'കരുത്താര്‍ജ്ജിച്ച സ്ത്രീത്വവും കൈവരിക്കേണ്ട ധീരതയും' പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി ലൈഫ് എഗെയ്ന്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകയും അര്‍ബുദ രോഗത്തോട് പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നശേഷം ആയിരങ്ങള്‍ക്ക് സാന്ത്വനമേകിയ ഡോ. ഹൈമ റെഡ്ഡി ഉദ്ഘാടനം ചെയ്തു. 

കഴിഞ്ഞ കാലത്തെ കാര്യങ്ങളോര്‍ത്ത് വേവലാതിപ്പെടുന്നതിന് പകരം വര്‍ത്തമാനകാലത്തെ ക്രിയാത്മകവും സന്തോഷഭരിതമാക്കുകയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. സ്വയം സന്തോഷിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് സന്തോഷം പകരുക എന്നത് ജീവിതത്തെ നയിക്കുന്ന തത്വമാക്കണമെന്ന് അവര്‍ ഉണര്‍ത്തി. വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് മിനി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ മുന്നില്‍നിന്ന് ഭര്‍ത്താക്കന്മാര്‍ ഭരിക്കുന്ന കാലമല്ല, സ്ത്രീകള്‍ തന്നെ ധീരതയോടെ ഭരിക്കുന്ന കാലമാണ് ജനാധിപത്യം തേടുന്നതെന്ന് അവര്‍ വ്യക്തമാക്കി. കരുത്തുറ്റ സ്ത്രീകളുടെ ജീവിതം നമുക്ക് പാഠമാവെട്ടയെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുനില്‍ ചെറിയാന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ധീരരായിരിക്കണമെന്നും അതിലൂടെ മാത്രമേ ചൂഷണങ്ങളില്‍നിന്ന് രക്ഷപെടാന്‍ കഴിയൂവെന്നും വെല്‍ഫെയര്‍ പബളിക് റിലേഷന്‍ കണ്‍വീനര്‍ അന്‍വര്‍ സഈദ് പറഞ്ഞു. റസീന മുഹിയുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. 

ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ധര്‍മരാജ്, എന്‍.എസ്.എസ് വനിതാ വിഭാഗം കണ്‍വീനര്‍ കീര്‍ത്തി സുമേഷ്, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശോഭ സുരേഷ്, വനിതാ വേദി നേതാവ് ഷൈനി ഫ്രാേങ്കാ, വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സെക്രട്ടറി സിമി അക്ബര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര വനിതാവിഭാഗം കണ്‍വീനര്‍ മഞ്ജു മോഹന്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. റസിയ നിസാര്‍ തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. വഹീദ ഫൈസല്‍ അവതാരകയായി. മജീദ് നരിക്കോടന്‍, വിനോദ് പെരേര, അനിയന്‍കുഞ്ഞ്, കൃഷ്ണദാസ്, മറിയം മൊയ്തു, അന്‍വര്‍ ഷാജി, ഫായിസ് അബ്ദുല്ല, റഷീദ് ഖാന്‍, ജസീല്‍ ചെങ്ങളാന്‍, സിബി തോമസ്, ഗിരീഷ് വയനാട്, പ്രവീണ്‍ രാമചന്ദ്രന്‍, സബീന റസാഖ് എന്നിവര്‍ സംബന്ധിച്ച്. ഗഫൂര്‍ തൃത്താല കവിതാലാപനവും റഫീഖ് ബാബു ഇന്‍സ്റ്റന്റ് ക്വിസും നടത്തി.