ഫഹാഹീല്‍: കുവൈറ്റ് ഈരാറ്റുപേട്ട അസോസിയേഷന്‍ മാര്‍ച്ച് 10 വെള്ളിയാഴ്ച വാര്‍ഷിക സമ്മേളനം നടത്തി. ഫഹാഹീല്‍ ഗാലക്‌സി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സകീര്‍ ഹുസൈന്റെ  അധ്യക്ഷതയില്‍  നടന്ന പരിപാടിക്ക് അന്‍സില്‍ മാതാക്കല്‍ ഖിറാഅത്തു നിര്‍വഹിക്കുകയും പ്രോഗ്രാം കണ്‍വീനര്‍ അഫസല്‍ പുളിക്കീല്‍ സ്വാഗതം പറയുകയും നാസിം വട്ടക്കയം നന്ദി പറയുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഷാഹുല്‍ഖാന്‍ ഉല്‍ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. 

ഈരാറ്റുപേട്ട കേന്ദ്രമായി ഒരു താലൂക്ക് എന്ന പ്രദേശവാസികളുടെ ദീര്ഘകാലാവശ്യം ഉള്‍പ്പെടെ പത്തിന നിവേദനം കുവൈറ്റ് ഈരാറ്റുപേട്ട അസ്സോസിയേഷനുവേണ്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിബിലി എംഎല്‍എക്കു കൈമാറി. എരുമേലി വിമാനത്താവളവും പാറത്തോട് വ്യവസായപ്പാര്ക്കും ഉള്‍പ്പെടയുള്ള തന്റെ  പദ്ധതികളെ കുറിച്ച് മറുപടി പ്രസംഗത്തില്‍ വിശദീകരിക്കുകയും ഒപ്പം നിവേദനത്തിലെ വിഷയങ്ങളില്‍ പ്രധാനപ്പെട്ടവ അനുഭാവപൂര്‍വം പരിഗണിക്കും എന്ന  ഉറപ്പും നല്‍കി. 

അല്‍ഹാജ് ബദറുദ്ദീന്‍ മൗലവിയും, എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍സലാം സലാഹിയും പ്രഭാഷണങ്ങള്‍ നടത്തി. റമദാനില്‍ പുറത്തിറക്കുന്ന 'സലാം ഹബീബി' എന്ന വാര്‍ഷികപതിപ്പിനെ എക്‌സിക്യൂട്ടീവ് അംഗം ഷാജി ഇലവുങ്കല്‍ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷമീര്‍ മണക്കാട്ട് വാര്‍ഷിക ബഡ്ജറ്റും അവതരിപ്പിച്ചു. കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.