കുവൈത്ത് സിറ്റി : കെഫാക് സീസണ്‍ സിക്‌സിന്റെ ഗ്രൂപ്പ് ബി യിലെ മത്സരങ്ങളില്‍ കേരളാ ചലഞ്ചേഴ്സ് , ചാമ്പ്യന്‍സ് എഫ്.സി , മലപ്പുറം ബ്രദേഴ്സ്, ബ്‌ളാസ്റ്റേഴ്‌സ് എഫ്.സി ടീമുകള്‍ക്ക് ജയം. ആദ്യ മത്സരത്തില്‍ കേരളാ ചലഞ്ചേഴ്സ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിയസ്‌കോ കുവൈത്തിനെ പരാജയപ്പെടുത്തി. 

ചലഞ്ചേഴ്സിന് വേണ്ടി വിനോജ് ഹാട്രിക് നേടിയപ്പോള്‍ മറ്റൊരു ഗോള്‍ ബിജുവിന്റെ വകയായിരുന്നു. വമ്പന്മാര്‍ ഏറ്റുമുട്ടിയ  രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മലപ്പുറം ബ്രദേഴ്സ് അല്‍ഫോസ് റൗദയെ പരാജയപ്പെടുത്തി. മലപ്പുറം ബ്രദേഴ്‌സിന് വേണ്ടി അബ്ബാസും , സലീമും ഓരോ ഗോള്‍ നേടിയപ്പോള്‍ അല്‍ഫോസ് റൗദക്ക് വേണ്ടി റഷീദ് ഒരു ഗോള്‍ നേടി. 

കരുത്തന്മാരുടെ പോരാട്ടം കണ്ട മൂന്നാം മത്സരത്തില്‍ ശക്തരായ ബ്രദേഴ്സ് കേരളയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചാമ്പ്യന്‍സ് എഫ്.സി പരാജയപ്പെടുത്തി. ചാപ്യന്‍സിനു വേണ്ടി വസീമും , കിഷോറും ബ്രദേഴ്‌സിന് വേണ്ടി രഞ്ജുവുമാണ് ഗോളുകള്‍ നേടിയത്. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കുവൈത്ത് ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്ത് കേരളാ സ്റ്റാറിനെ പരാജയപ്പെടുത്തി. 

ബ്‌ളാസ്റ്റേഴ്‌സിനു വേണ്ടി മുഹമ്മദ് ഷാഫിയാണ്  ഗോള്‍ നേടിയത് . മാസ്റ്റേഴ്‌സ് ലീഗിലെ മത്സരങ്ങളില്‍ ചാമ്പ്യന്‍സ് എഫ്.സി - അല്‍ഫോസ് റൗദയേയും (2-0 ) ബിഗ്ബോയ്‌സ്-സ്പാര്‍ക്‌സ് എഫ്.സിയെയും (1-0 ) യങ് ഷോട്ടേഴ്‌സ്-സി.എഫ്.സി സാല്‍മിയയെയും (1-0 )പരാജയപ്പെടുത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് കുവൈത്ത് - കേരളാ ചലഞ്ചേഴ്സ് മത്സരം (1-1) സമനിലയില്‍ അവസാനിച്ചു. 

മാസ്റ്റേഴ്‌സ് ലീഗ് മത്സരങ്ങളില്‍ മാന്‍ ഓഫ് ഡി മാച്ചാസായി തോമസ് (ചാമ്പ്യന്‍സ് എഫ്.സി ) സജി രാജ (ബിഗ് ബോയ്‌സ് ) ശറഫുദ്ധീന്‍ (യങ് ഷൂട്ടേര്‍സ് ) അബ്ബാസ് (കേരളാ ചലഞ്ചേഴ്സ് ) എന്നിവരെയും  സോക്കര്‍ ലീഗ് മത്സരങ്ങളില്‍ വിനോജ് (കേരളാ ചലഞ്ചേഴ്സ് ) സഹീര്‍ (മലപ്പുറം ബ്രദേഴ്സ്) മുഹ്സിന്‍ (ചാമ്പ്യന്‍സ് എഫ്.സി) ആന്‍സന്‍ ജെറി ബ്‌ളാസ്റ്റേഴ്‌സ് എഫ്.സി എന്നിവരെ തിരഞ്ഞെടുത്തു . കുവൈത്ത്  എഞ്ചിനീറിംഗ് ഫോറം സീനിയര്‍  അംഗമായ  അരുണ്‍ ഡേവിഡ്‌സണും , കണ്‍വീനര്‍ ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .വെള്ളിയാഴ്ച ഗ്രൂപ്പ് എ യിലെ മത്സരങ്ങള്‍ നടക്കും