കുവൈത്ത്സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളവർക്കായുള്ള തിരച്ചിലിനിടെ തീവ്രവാദ ബന്ധം സംശയിക്കുന്ന രണ്ടുപേരെ കൂടി സാദ്അല്‍ അബ്ദുള്ള പ്രദേശത്ത് നിന്നും കഴിഞ്ഞദിവസം പിടികൂടി. തിരച്ചില്‍ ശക്തമാക്കുന്നതിനും വേണ്ടിവന്നാല്‍ വെടിവെയ്ക്കുന്നതിനുമാണ് സുരക്ഷാ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം..തീവ്രവാദ സംഘത്തിലെ ഒരു പ്രധാനിയെയാണ് സേന തിരയുന്നത്. രാജ്യത്തെ വിവിധ വിഭാഗം സേനകളുടെ സഹകരണത്തോടെയാണ് റെയ്ഡ്.

ഫിലിപ്പൈന്‍സില്‍ അറസ്റ്റിലായ കുവൈത്ത് സ്വദേശി ഹുസൈന്‍ അല്‍-ദാഫിരിയും അയാളുടെ സിറിയക്കാരി ഭാര്യ റജഫ് സൈനയേയും ചോദ്യം ചെയ്യുന്നതിനും വിട്ടുകിട്ടുന്നതിനും കുവൈത്തില്‍ നിന്നുള്ള ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫിലിപ്പൈന്‍സിലെ മനിലയിലേക്ക് പുറപ്പെട്ടു. ഐഎസ്-ദായിഷ് തീവ്രവാദ ബന്ധമുള്ള ഇരുവരെയും കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഫിലിപ്പൈന്‍സ് വിദേശകാര്യ മന്ത്രാലയവും തമ്മില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം സാദ് അല്‍- അബ്ദുള്ള പ്രദേശത്ത് നടത്തിയ റെയ്ഡില്‍ മനിലയില്‍ അറസ്റ്റിലായ ഹുസൈന്‍ അല്‍-ദാഫിരിയുടെ 3 ബന്ധുക്കളെയും ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് ഏഴ് പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

തീവ്രവാദ ബന്ധമുള്ള മറ്റൊരു സ്വദേശിയെക്കൂടി പിടികൂടുന്നതിനുള്ള തിരച്ചില്‍ ശക്തമായി തുടരുകയാണ്. എന്നാല്‍ മനിലയില്‍ അറസ്റ്റിലായ കുവൈത്ത് സ്വദേശി ഹുസൈന്‍ അല്‍- ദാഫിരിയെ കുവൈത്തിലെത്തിക്കുന്നതോടെ തീവ്രവാദ ബന്ധമുള്ള നിരവധി പേര്‍ ഇനിയും പിടിയിലാകുമെന്നാണ് സൂചന.

 ദാഫിരിയുടെ വീടുകളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സിറിയയിലെ തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഹുസൈന്‍ അല്‍ ദാഫിരി അബു ജന്‍ഡല്‍ അല്‍-കുവൈത്തി എന്ന അതിഭീകര  ദായിഷ് തീവ്രവാദിയുടെ സഹോദരനാണ്. ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പ് യുഫ്രട്ടീസ് നദിക്കരയിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

  40 വയസ്സുള്ള ഹുസൈന്‍ അല്‍-ദാഫിരി ഐ.എസിനു വേണ്ടി ബോംബുകള്‍ നിര്‍മ്മിക്കുന്നു. കൂടാതെ കുവൈത്തിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ സൂത്രധാരന്‍ കൂടിയാണ്.

അതേ സമയം ദാഫിരിയോടൊപ്പം അറസ്റ്റിലായ ഭാര്യ റജഫ് സൈനയുടെ ആദ്യ ഭര്‍ത്താവ് ഐ.എസ്. ദായിഷില്‍ ഉന്നത പദവിയും പ്രധാന പോരാളിയുമായിരുന്നു. ഇയാള്‍ സിറിയയില്‍ കൊല്ലപ്പെട്ടതിനുശേഷമാണ് റജഫ് സൈന കുവൈത്ത് സ്വദേശി ദാഫിരിയെ വിവാഹം ചെയ്തത്. ഇരുവരെയും കുവൈത്തിലെത്തിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്. രാജ്യവ്യാപകമായി റെയ്ഡുകള്‍ക്ക് മന്ത്രാലയം സുരക്ഷാ മേധാവികള്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണ്.