കുവൈത്ത് സിറ്റി : കേഫാക് അന്തര്‍ ജില്ലാ ടൂര്‍ണമെന്റ് കലാശപ്പോരാട്ടത്തില്‍ കോഴിക്കോട് ജേതാക്കളായി. ആദ്യാന്ത്യം വരെ ആവേശം നിറഞ്ഞ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് തിരുവനതപുരത്തെ കോഴിക്കോട്  കീഴടക്കിയത്. 

ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ മിഷ്‌റിഫ് പബ്ലിക് യൂത്ത് & സ്‌പോര്‍ട്‌സ്  സ്റ്റേഡിയത്തില്‍  ബാന്റ് മേളത്തിന്റെ അകമ്പടിയോടെയുമാണ് കാണികള്‍ ഇരു ടീമിനെയും വരവേറ്റത്. കഴിഞ്ഞ സീസണില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പൊരുതിതോറ്റ കോഴിക്കോടിന് മധുര പ്രതികാരമായിരുന്നു കിരീടധാരണം.

മത്സരത്തിന്റെ ആദ്യപകുതിയില്‍ യുവതാരം ശ്യാം തിരുവനന്തപുരത്തിന്റെ വലയിലേക്ക് പന്തെത്തിച്ചു. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന തിരുവനന്തപുരം പ്രത്യാക്രമണം നടത്തിയെങ്കിലും കോഴിക്കോടന്‍ മതിലുകളില്‍ തട്ടി മടങ്ങി. ഗാലറിയില്‍ നിന്നും തുടങ്ങിയ നിലക്കാത്ത ആരവം അവസാന വിസിലുവരെ നീണ്ടുനിന്നു. ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കൊടുവില്‍  കെ.ഡി.എന്‍.എ കോഴിക്കോടിന്റെ തേരാളികള്‍ കെഫാക് അന്തര്‍ ജില്ലാ സീസണ്‍  ഫൈവിന്റെ കിരീടം നെഞ്ചോട് ചേര്‍ത്തപ്പോള്‍ ഗാലറിയൊന്നാകെ  ഇളകിമറിഞ്ഞു.

ലൂസേഴ്സ് ഫൈനലില്‍ ട്രാസ്‌ക് തൃശൂര്‍ ഇ.ഡി.എഫ്.എഫ്.എ എറണാകുളത്തെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. വൈകിട്ട് മൂന്നു മണിക്ക് തുടങ്ങിയ മാസ്റ്റേഴ്‌സ് ലീഗ് - ലൂസേഴ്സ് ഫൈനലുകളില്‍  പ്രഥമ മാസ്റ്റേഴ്‌സ് ലീഗ് കിരീടം ഫ്രണ്ട് ലൈന്‍ മലപ്പുറം കരസ്ഥമാക്കി. ശക്തരായ തിരുവന്തപുരത്തെ ട്രൈബേക്കറില്‍ പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്റെ കിരീട വിജയം. ലൂസേഴ്സ് ഫൈനലില്‍ കണ്ണൂരിനെ പരാജയപ്പെടുത്തി കെ.ഡി.എന്‍.എ കോഴിക്കോട് മൂന്നാം സ്ഥാനം നേടി.

ബിജു ടൈറ്റസ് (മികച്ച കളിക്കാരന്‍ - തിരുവനന്തപുരം), മന്‍സൂര്‍ ( ഡിഫണ്ടര്‍  -പാലക്കാട് ), അമീസ് (ഗോള്‍കീപ്പര്‍ - കോഴിക്കോട് ), ജിനീഷ് (ടോപ്‌സ്‌കോറര്‍ -പാലക്കാട് ), ശ്യാം (എമേര്‍ജിങ് പ്ലേയര്‍ -കോഴിക്കോട് ) എന്നിവരെ സോക്കര്‍ ലീഗിലും മുരളി (ഗോള്‍കീപ്പര്‍ -ഫോക് കണ്ണൂര്‍ ), ബിജു (ഡിഫണ്ടര്‍ -തിരുവനന്തപുരം), സഹീര്‍ (ടോപ്‌സ്‌കോറര്‍ - കോഴിക്കോട്), അബ്ദുല്‍ മുനീര്‍ (മികച്ച കളിക്കാരന്‍ -ഫ്രണ്ട് ലൈന്‍ മലപ്പുറം) എന്നിവരെ മാസ്റ്റേഴ്‌സ് ലീഗിലും തിരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫികള്‍ കേഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ, ജനറല്‍സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി കേഫാക് ഭാരവാഹികളായ ആഷിക് കാദിരി, ഓ.കെ.റസാഖ്, പ്രദീപ് കുമാര്‍, നൗഷാദ്, ഫൈസല്‍ ഇബ്രാഹിം, സഫര്‍, ബിജു ജോണി, അസ്വദ് അലി, റബീഷ്, അബ്ബാസ്, കെഫാക് മുന്‍ പ്രസിഡന്റ് അബ്ദുല്ലാ കാദിരി, സുമേഷ്, മുനീര്‍, കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ സിദ്ദിഖ്, റോബര്‍ട്ട്, ജോസഫ്, ഇക്ബാല്‍ മുറ്റിച്ചൂര്‍, ഷാജഹാന്‍, ശംസുദ്ധീന്‍, അബ്ദുല്‍ റഹിമാന്‍, ജോസ്, ബിജു എന്നിവര്‍ വിതരണം ചെയ്തു. വിവിധ ജില്ലാ അസോസിയേഷനുകളുടെ പ്രതിനിധികളും എന്നിവരും പങ്കെടുത്തു.