നോർക്ക റൂട്ട്‌സിന്റെ പ്രവർത്തനം എങ്ങനെ കൂടുതൽ ജനകീയവും ഉപകാരപ്രദവുമാക്കാമെന്ന അന്വേഷണത്തിലാണ്‌ നോർക്ക റൂട്ട്‌സ്‌ ഡയറക്ടർ ഒ.വി. മുസ്തഫ. നോർക്ക റൂട്ട്‌സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ അദ്ദേഹം സംസാരിക്കുന്നു

 യു.എ.ഇ. എന്ന രാജ്യത്തിന്റെ പിറവിമുതൽ തലശ്ശേരി സ്വദേശി ഓലിയത്ത് വാഴയിൽ മുസ്തഫ എന്ന ഒ.വി. മുസ്തഫ ഗൾഫിൽ പ്രവാസിയാണ്. 1972-ൽ യു.എ.ഇ.യിൽ എത്തിയ അദ്ദേഹം അടുത്തവർഷം ഒമാനിലേക്ക് നീങ്ങി. 1978-ൽ തിരിച്ചുവന്നതുമുതൽ യു.എ.ഇ.യുടെ ബിസിനസ് രംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും തിളങ്ങിനിൽക്കുന്നു. തലശ്ശേരിയിലെ പ്രശസ്തമായ ഒ.വി. തറവാട്ടിലെ അംഗമെന്ന നിലയിൽ നാട്ടിലും ഏറെ അറിയപ്പെടുന്ന മുസ്തഫ ഇപ്പോൾ നോർക്ക റൂട്ട്‌സിന്റെ പ്രവർത്തനങ്ങളിലും വ്യാപൃതനാണ്. ഇപ്പോഴത്തെ ഇടതുമുന്നണി സർക്കാർ പുനഃസംഘടിപ്പിച്ച നോർക്ക റൂട്ട്‌സിന്റെ ഡയറക്ടർ എന്ന നിലയിലാണ് ഇപ്പോഴത്തെ സാമൂഹികപ്രവർത്തനം പ്രധാനമായും. 

പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളുമെല്ലാം തൊട്ടറിയുന്ന പ്രതിനിധി എന്ന നിലയിൽ നോർക്ക റൂട്ട്‌സിന്റെ പ്രവർത്തനം എങ്ങനെ കൂടുതൽ ജനകീയവും ഉപകാരപ്രദവുമാക്കാമെന്ന അന്വേഷണത്തിലാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കാണിക്കുന്ന താത്പര്യവും ഇടപെടലുകളും നോർക്ക റൂട്ട്‌സിന് പുതിയ ഊർജം നൽകുന്നതായി ഒ.വി. മുസ്തഫ പറയുന്നു.

ലണ്ടനിലെ ഫെലോ ഓഫ് ദി ചാർട്ടേർഡ് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആദ്യമായി ഫെലോഷിപ്പ് നേടിയ യു.എ.ഇ.ക്കാരൻ എന്ന നിലയിലാണ് ഒ.വി. മുസ്തഫ ആദ്യകാലത്തെല്ലാം വിശേഷിപ്പിക്കപ്പെട്ടത്. അക്കാലത്ത് അതൊരു വലിയ വിശേഷണം തന്നെയായിരുന്നു. ലണ്ടനിൽ നിന്ന് ഫെലോഷിപ്പ് നേടിയശേഷം ദുബായിൽ ഗർഗാഷ് ഇൻഷുറൻസ് സർവീസസ് സ്ഥാപിച്ച അദ്ദേഹം അതിന്റെ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. ദേശീയവും അന്താരാഷ്ട്ര തലത്തിലുമായി ഒട്ടേറെ ഇൻഷുറൻസ് കമ്പനികളുടെ മാനേജ്‌മെന്റ് തലത്തിൽ മൂന്നര പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള ഒ.വി. മുസ്തഫ തന്റെ അനുഭവങ്ങൾ എങ്ങനെ നോർക്ക റൂട്‌സിനുകൂടി ഉപകാരപ്പെടുത്താൻ കഴിയും എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്.

ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ പ്രമുഖരായ 100 ഇന്ത്യൻ ബിസിനസ് ലീഡർമാരുടെ പട്ടികയിൽ 53-ാം സ്ഥാനത്തേക്ക് മുസ്തഫ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജി.സി.സി.യിലെ സൂപ്പർ 100 ഇന്ത്യൻ ലീഡേർസിലും അദ്ദേഹം ഉൾപ്പെടുന്നു. ദുബായ് ചേംബർ ഓഫ് കോമേഴ്‌സിന്റെ ഇൻഷുറൻസ് ബിസിനസ് ഗ്രൂപ്പിന്റെ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ച മുസ്തഫ എമിറേറ്റ്‌സ് ഇൻഷുറൻസ് അസോസിയേഷന്റെ ഫെഡറൽ ബോഡി ഓഫ് ഇൻഷുറൻസിന്റെ ബോർഡ് അംഗവും കൂടിയായിരുന്നു. ആശ്രയ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഭാര്യ സീനത്ത്, രണ്ട് പെൺമക്കൾ, മൂന്ന് പേരക്കുട്ടികൾ.നോർക്ക റൂട്ട്‌സിന്റെ പുതിയ പ്രവർത്തനങ്ങളെ കുറിച്ച് ബോർഡ് അംഗമായ ഒ.വി. മുസ്തഫ വിശദീകരിക്കുന്നു.

? എന്താണ് പുതിയ ഡയറക്ടർ ബോർഡിന്റെ ലക്ഷ്യങ്ങൾ
പ്രവാസികളുടെ തിരിച്ചുവരവും കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തലുമാണ് നോർക്ക റൂട്ട്‌സിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. എന്നാൽ ഇത് പ്രവാസികളുടെയോ നോർക്കയുടെയോ മാത്രം പ്രശ്നമായി ചുരുക്കിക്കാണാനാവില്ല. ഇന്നത്തെ കേരളത്തിന്റെ കൂടി വെല്ലുവിളിയാണ് ഇത്. പ്രവാസികളിൽ 80 ശതമാനത്തിലേറെയും ഗൾഫ് നാടുകളിലാണുള്ളത്. കേരളത്തിൽ വരുന്ന വിദേശനിക്ഷേപത്തിന്റെ ബഹുഭൂരിഭാഗവും അവരിൽനിന്ന് എത്തുന്നതുമാണ്.   അതുകൊണ്ടുതന്നെ ഗൾഫ് നാടുകളിൽ സ്വദേശിവത്കരണവും മറ്റും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നാം കാണാതിരുന്നുകൂടാ. പല കാരണങ്ങളാൽ ഗൾഫിലെ തൊഴിൽവിപണി ഇന്ന്  ഏറെ പ്രതിസന്ധി നേരിടുന്നുണ്ട്. തിരിച്ചുപോകുന്നവരുടെ പുനരധിവാസം കേരളം എന്തായാലും നേരിടാൻ പോകുന്ന വലിയ പ്രശ്നമാണ്. അവർക്ക് പ്രാദേശികാടിസ്ഥാനത്തിൽ തന്നെ പുനരധിവാസം ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് നോർക്ക റൂട്ട്‌സ് ആസൂത്രണം ചെയ്യുന്നത്. ഇതിന് ധാരാളം  സാങ്കേതിക കുരുക്കുകളുണ്ട്. അവ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്.

തിരിച്ചുവരുന്നവർ മിക്കവരും അവരുടെ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ മികച്ച വൈദഗ്ധ്യമുള്ളവരാണ്. എന്നാൽ കേരളത്തിലെ നിയമനങ്ങളിലോ തൊഴിൽ വിപണിയിലോ ആവശ്യപ്പെടുന്ന നിർദിഷ്ട യോഗ്യതകൾ അവർക്ക് കാണില്ല. ആ വൈദഗ്ധ്യം തന്നെയാണ് അവരുടെ സർട്ടിഫിക്കറ്റ്. ഈ വൈദഗ്ധ്യവും പരിചയവും എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഏറെ താത്പര്യമെടുക്കുന്നുണ്ട്. പ്രാദേശികമായി സഹകരണസംഘങ്ങൾ പോലുള്ള സംവിധാനങ്ങളിലൂടെ തൊഴിലുടമകളും തൊഴിൽ ദാതാക്കളുമായി ഇവരെ മാറ്റുന്ന പദ്ധതി സജീവ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നോർക്ക റൂട്ട്‌സ് ഏറെ ശ്രദ്ധിക്കും.

?നോർക്ക റൂട്ട്‌സിന്റെ ദൈനംദിന  പ്രവർത്തനങ്ങൾ 
എം.എ. യൂസഫലി, സി.കെ. മേനോൻ, രവിപിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. അനിരുദ്ധൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ഡയറക്ടർ ബോർഡിലുണ്ട്. നോർക്ക റൂട്ട്‌സിന്റെ ദൈനംദിന പ്രവർത്തനങ്ങളിലോ സാധാരണ യോഗങ്ങളിലോ ചിലപ്പോൾ ഇവർക്ക് ഏറെ ശ്രദ്ധിക്കാൻ കഴിയാറില്ല. അവരുടെ പ്രവർത്തനവും സ്വാധീനവും നോർക്ക റൂട്ട്‌സിന്റെ വിദേശത്തെ പ്രവർത്തനങ്ങളിൽ എത്രകണ്ട് ഉപയോഗപ്പെടുത്താം എന്നതാണ് പ്രധാനപ്പെട്ട വിഷയം. 

വിദേശനാടുകളിൽ എന്തെങ്കിലും പ്രയാസങ്ങളോ പരാതികളോ ഉണ്ടാവുമ്പോൾ അവരുടെ ബന്ധങ്ങളും ഇടപെടലും വലിയ നേട്ടമാവുന്നുണ്ട്. അതേസമയം ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി ബോർഡിന് ഒരു ഉപസമിതി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഈയിടെ രൂപവത്കരിച്ചിട്ടുണ്ട്. ഡയറക്ടർ ബോർഡിന്റെ പൂർണമായ പിന്തുണയോടെയാണ് ഇത്. തിരുവനന്തപുരത്തുള്ള അംഗമായ  വരദരാജൻ എക്സിക്യുട്ടീവ് വൈസ് ചെയർമാനായാണ് ഈ ഉപസമിതി. നോർക്ക റൂട്ട്‌സ് സി.ഇ.ഒ.യും ഞാനും ആ ഉപസമിതിയിൽ അംഗമാണ്. ഡയറക്ടർ ബോർഡിന്റെ അനുമതിക്ക് വിധേയമായി തന്നെയായിരിക്കും സബ് കമ്മിറ്റിയുടെ പ്രവർത്തനം. പെട്ടെന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനും നടപടികൾ സ്വീകരിക്കാനും ഇതുവഴി സബ്കമ്മിറ്റിക്ക് കഴിയുന്നു. നോർക്ക റൂട്ട്‌സിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഇതുവഴി കഴിയുന്നുണ്ട്. ആവശ്യമായ ജീവനക്കാരെ ഗവൺമെന്റ്‌ ഏജൻസികളിലൂടെ നിയമിക്കാനും തീരുമാനമായി. പുതിയ ബോർഡ് വന്നതിനുശേഷം ഇതിനകം മൂന്ന് ബോർഡ് മീറ്റിങ്ങുകൾ നടന്നു. നാലാമത് യോഗം ഈ ആഴ്ച നടക്കുന്നു. ഇതിനിടയിൽ പലതവണ സബ്കമ്മിറ്റി ചേർന്നിട്ടുണ്ട്. 

?ഏറ്റെടുക്കണമെന്ന് തോന്നുന്ന വിഷയങ്ങൾ
ഉദ്യോഗാർഥികളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനവിഷയം. ബിരുദമെടുത്ത് നേരേ ഗൾഫിലെ തൊഴിൽ വിപണിയിലെത്തുന്നവരാണ് തൊണ്ണൂറ് ശതമാനവും. സ്കൂളുകളിൽനിന്നും കാമ്പസിൽ നിന്നും ഇറങ്ങുന്നവർക്ക് അവരവരുടേതായ തൊഴിൽമേഖലയെ സംബന്ധിച്ചുള്ള അറിവ് നൽകാനും എന്താണ് ആ മേഖല ആവശ്യപ്പെടുന്നതെന്നും ബോധ്യപ്പെടുത്തലാണ് പ്രധാനം. ഭാഷമുതൽ അത് തുടങ്ങണം. ഫിനിഷിങ് സ്കൂൾ എന്നതുപോലെ സങ്കല്പിക്കാം. 
   ഇത് എങ്ങനെ യാഥാർഥ്യമാക്കാം എന്നതാണ് പ്രധാന കടമ്പ. സ്കിൽ ഡെവലപ്‌മെന്റ് ഇനി അനിവാര്യം തന്നെയാണ്; അതോടൊപ്പം പുനരധിവാസവും. നേരത്തെ പറഞ്ഞതുപോലെ കേവലം പുനരധിവാസമല്ല, വ്യക്തിക്കും സമൂഹത്തിനും നേട്ടമാവുന്ന രീതിയിലുള്ള പ്രക്രിയയ്ക്കാണ് ഊന്നൽ നൽകുന്നത്. ഐ.ഐ.എം. പോലുള്ള സംവിധാനങ്ങളെ എങ്ങിനെ ഇതുമായി ബന്ധിപ്പിക്കാമെന്നതും അന്വേഷിക്കാവുന്നതാണ്. കോഴിക്കോട് ഈ മാസം ഇതിനുള്ള ഒരു ശില്പശാല നടക്കാൻ പോകുന്നു.

?സാന്ത്വനം പദ്ധതിയുടെ  സ്ഥിതിയെന്താണ്
പരിഗണിക്കപ്പെടേണ്ട അപേക്ഷകളിൽ എത്രയും വേഗം തീരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഈ സാമ്പത്തികവർഷം 65 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമനുസരിച്ച് എത്രയും പെട്ടെന്ന് ഇത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു. നോർക്ക റൂട്ട്‌സിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഗൗരവമേറിയ കാര്യം തന്നെയാണ്‌.

? പ്രവാസികളുടെ വിവരശേഖരണം എന്ന പ്രക്രിയ ഇപ്പോഴും ആശയം മാത്രമാണല്ലോ
തീർച്ചയായും ഇക്കാര്യത്തിൽ ഗൗരവപൂർണമായ സമീപനം വേണമെന്ന് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴും ചെറിയൊരു ശതമാനം മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇക്കാര്യത്തിൽ പ്രവാസി സംഘടനകളെ മുന്നിൽനിർത്തി കൂടുതൽ ആളുകളെ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. ഓൺലൈൻവഴി ഇത്  സാധ്യമാക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. ഇതിനായി വെബ്‌സൈറ്റ് ഉടൻ പ്രവർത്തനസജ്ജമാക്കും. പ്രവാസികളുടെ വിപുലമായൊരു പ്രതിനിധിസമ്മേളനം എന്ന നിലയിൽ ജനുവരിയിൽ തിരുവനന്തപുരത്ത്  ആഗോളസമ്മേളനവും നടക്കാൻ പോകുന്നു. ഈ ദ്വിദിനസമ്മേളനം ഇത്തരം കാര്യങ്ങളെല്ലാം ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ വലിയ താത്‌പര്യമാണ്  കാണിക്കുന്നത് എന്നത് ഏറെ ആഹ്ലാദകരമായ കാര്യമാണ്.

ഇമെയിൽ: sasindran@mpp.co.in

********************************

നോർക്ക പ്രവാസികൾ അറിയാൻ, ഓർത്തിരിക്കാൻ...
അബ്ദുൾ റൗഫ് കൊണ്ടോട്ടി, ദോഹ

കേരളത്തിന്റെ സമ്പൂർണ വികസനത്തിന്റെ കേന്ദ്രബിന്ദുവായ പ്രവാസികളുടെ അവകാശ സംരക്ഷണത്തിനും പ്രശ്നപരിഹാരത്തിനുമായി 1996 ഡിസംബർ ആറിന് രൂപംകൊണ്ട കേരള സർക്കാരിന്റെ നോർക്ക (നോൺ റെസിഡന്റ് കേരളൈറ്റ്‌സ്) വകുപ്പ് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന/ താമസിക്കുന്ന കേരളീയർക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്കുമായി രൂപവത്കരിച്ചതാണ്. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് പ്രവാസികൾക്കായി ഇത്തരമൊരു വകുപ്പ്. നോർക്ക വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പാക്കുന്ന ഫീൽഡ് ഏജൻസിയാണ് 2002-ൽ രൂപംകൊണ്ട നോർക്ക റൂട്ട്‌സ്. നിലവിലെ കണക്കുകൾ പ്രകാരം 28 ലക്ഷം, അതായത് കേരളത്തിന്റെ ജനസംഖ്യയുടെ എട്ടു ശതമാനം വരുന്ന പ്രവാസികളിൽ 90 ശതമാനവും ഗൾഫ് നാടുകളിലാണ്. പ്രവാസികൾക്കായി നോർക്കയുടെയും പ്രവാസി ക്ഷേമനിധിയുടെയും കീഴിൽ പ്രവാസികൾക്കായി പുനരധിവാസം, പെൻഷൻ, കുടുംബപെൻഷൻ, ചികിത്സ, മരണത്തിലുള്ള നഷ്ടപരിഹാരം, മക്കളുടെ വിദ്യാഭ്യസ-വിവാഹ സഹായങ്ങൾ, തൊഴിൽ വൈദഗ്ധ്യ പരിശീലനം തുടങ്ങി  ധാരാളം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ നോർക്കയുടെ പദ്ധതികൾ സംബന്ധിച്ച് പ്രവാസിസമൂഹം വേണ്ടവിധം മനസ്സിലാക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്തിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്കായി നടപ്പാക്കുന്ന ചില പ്രത്യേക പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാം.

പ്രവാസി തിരിച്ചറിയൽ
കാർഡ്

വിദേശത്ത് ആറു മാസത്തിൽ കുറയാത്ത കാലയളവിൽ ജോലി ചെയ്യുകയോ താമസാനുമതി രേഖയോടു കൂടി താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ കേരളീയവർക്ക് വേണ്ടിയാണ് 2008 ഓഗസ്റ്റിൽ പ്രവാസി തിരിച്ചറിയൽ കാർഡ് വിതരണം ആരംഭിച്ചത്. പ്രവാസി മലയാളിക്ക് കേരളത്തിലും തിരിച്ചറിയൽ രേഖയായി ഈ കാർഡ് ഉപയോഗിക്കാം. നോർക്കയിലും സംസ്ഥാന സർക്കാരിലും പ്രവാസി കാർഡുവഴി രജിസ്റ്റർ ചെയ്യാം. പ്രവാസിക്ഷേമ പദ്ധതികളുടെ അടിസ്ഥാന രേഖയായും തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. അപകടമരണം, അപകടം മൂലമുണ്ടാവുന്ന സ്ഥിരമായ/പൂർണമായ/ ഭാഗികമായ അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് സംരക്ഷണവും കാർഡ് ഉടമയ്ക്ക് ലഭിക്കും.
  നോർക്കയുടെ വെബ്‌സൈറ്റിൽനിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യാം. പൂർണമായും പൂരിപ്പിച്ച് രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ടിന്റെ പകർപ്പ് (വിസ ഉൾപ്പെടെയുള്ളത്) ഐഡി കാർഡ് ഉണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകനെ നേരിട്ടറിയാമെന്നത് വ്യക്തമാക്കി നോർക്ക റൂട്ട്‌സിന്റെ അംഗീകൃത സംഘടനയുടെ പ്രസിഡന്റ്/ സെക്രട്ടറി പേരും ഒപ്പും സീലും അല്ലെങ്കിൽ വാർഡ് മെമ്പർ/കൗൺസിലർ/എം.എൽ. എ./എം.പി./കേന്ദ്ര, സംസ്ഥാന ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം. ഇതിനുപുറമേ എംബസിയോ കോൺസുലേറ്റിൽനിന്നോ ഉള്ള സാക്ഷ്യപ്പെടുത്തലും വേണം. 
  അപേക്ഷാ ഫീസായി 300 രൂപ  പണമായോ അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റോ (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ് എന്ന പേരിൽ അതത് മേഖലാ ഓഫീസിൽ മാറാവുന്നത്) നൽകണം. അപേക്ഷ, അപേക്ഷകൻ ഉൾകൊള്ളുന്ന ജില്ലാ കളക്ടറേറ്റിലെ നോർക്ക സെൽ/അതത് മേഖലാ ഓഫീസിൽ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത്‌ ആറുമാസം കാലാവധിയുള്ള വിസ ഉണ്ടായിരിക്കുന്നത് ഗുണകരമാണ്. മൂന്നുവർഷമാണ് കാർഡിന്റെ കാലാവധി. കാലാവധി പൂർത്തിയാകുന്നതിന്റെ രണ്ടുമാസം മുമ്പ് കാർഡ് പുതുക്കാം.

സാന്ത്വനം/ചെയർമാൻ 
ഫണ്ട് 

കുറഞ്ഞത് രണ്ടുവർഷം പ്രവാസ ജീവിതം പൂർത്തിയാക്കി തിരികെ എത്തിയ, വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ളവർക്കാണ് ദുരിതാശ്വാസ പദ്ധതികളായ സാന്ത്വനവും ചെയർമാൻ ഫണ്ടും. സാന്ത്വനപദ്ധതിപ്രകാരം മരണാനന്തര സഹായമായി കുടുംബത്തിന് ഒരുലക്ഷം രൂപ സഹായധനം ലഭിക്കും. അർബുദം, ഹൃദയശസ്ത്രക്രിയ, ഗുരുതര വൃക്കരോഗം, പക്ഷാഘാതം, അപകടം മൂലമുള്ള സ്ഥിരവൈകല്യം തുടങ്ങിയവയ്ക്ക് 50,000 രൂപ വൈദ്യസഹായവും പെൺകുട്ടികളുടെ വിവാഹ സഹായധനമായി 15,000 രൂപയും ലഭിക്കും. പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും  അംഗവൈകല്യമുണ്ടെങ്കിൽ കൃതിമ കാലുകൾ, ഊന്നുവടി, വീൽച്ചെയർ എന്നിവ വാങ്ങാനായി പതിനായിരം രൂപ വരെ സഹായധനം ലഭിക്കും. വിദേശത്ത് ജോലിചെയ്ത കാലയളവ് അല്ലെങ്കിൽ 10 വർഷം ഇതിൽ ഏതാണോ കുറവ് ആ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിച്ചവർക്കാണ് പദ്ധതിയുടെ പ്രയോജനം.
  നോർക്കയുടെ സർട്ടിഫിക്കറ്റ്  അറ്റസ്റ്റേഷനിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം മാറ്റിവെച്ച് മുഖ്യമന്ത്രി ചെയർമാനായ ബോർഡിന്റെ കീഴിലുള്ള സഞ്ചിതനിധിയാണ് ചെയർമാൻ ഫണ്ട്. മരണാനന്തര സഹായധനം, ചികിത്സാസഹായം എന്നിവയാണ് ഈ ഫണ്ടിൽനിന്നും ലഭിക്കുന്നത്. പ്രവാസിക്കുപുറമേ അവരുടെ ആശ്രിതർക്കും ഈ ആനുകൂല്യം ലഭിക്കും. ഏതെങ്കിലും കാരണവശാൽ സാന്ത്വനപദ്ധതിയിൽനിന്ന്‌ നിരസിച്ച അപേക്ഷകളും ഈ സഹായത്തിനു പരിഗണിക്കും. എന്നാൽ സാന്ത്വന പദ്ധതിയിൽനിന്ന്‌ ആനൂകൂല്യം ലഭിച്ചവർക്ക് ഈ ഫണ്ടിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കില്ല.

പ്രവാസി 
പുനരധിവാസം

വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ടും അല്ലാതെയും  തിരിച്ചെത്തുന്നവരുടെ സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും സ്വയം തൊഴിലിലൂടെ സുസ്ഥിരവരുമാനം ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്  നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട്‌ ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻ.ഡി.പി.ആർ.ഇ.എം). രണ്ടു വർഷമെങ്കിലും വിദേശത്തു ജോലിചെയ്ത് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളും, അത്തരം പ്രവാസികൾ ചേർന്നുണ്ടാക്കിയ സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 
   കാർഷിക വ്യവസായം (മുട്ടക്കോഴി, ഇറച്ചിക്കോഴി വളർത്തൽ, മത്സ്യകൃഷി, സംയോജിതകൃഷി, ഫാം ടൂറിസം, ആടുവളർത്തൽ, പച്ചക്കറിക്കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവ), കച്ചവടം (പൊതുവ്യാപാരം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്), സേവനങ്ങൾ  (റിപ്പയർ ഷോപ്പ്, ഭക്ഷണശാല, ടാക്സി സർവീസ്, ഹോംസ്റ്റേ തുടങ്ങിയവ),  ഉത്പാദനം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (പൊടിമില്ലുകൾ, ബേക്കറി ഉത്പന്നങ്ങൾ, ഫർണിച്ചർ, തടിവ്യവസായം, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ലിങ്, കംപ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവ.) എന്നിവയ്ക്കുള്ള ധനസഹായമാണ് നൽകുന്നത്.
   പരമാവധി 20 ലക്ഷം രൂപവരെ ലോൺ ലഭിക്കും. ഈ വായ്പയ്ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും പരമാവധി മൂന്നുലക്ഷം രൂപയും കൃത്യമായ തിരിച്ചടവ് നടത്തുന്നവർക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലൂടെ പദ്ധതിക്കായി അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന അർഹരായവർക്ക് മേഖലാടിസ്ഥാനത്തിൽ പ്രായോഗിക തൊഴിൽ പരിശീലനം, സംരംഭകത്വ പരിശീലനം, പ്രോജക്ട്‌ റിപ്പോർട്ട് തയ്യാറാക്കാനുള്ള സഹായവും ലഭിക്കും. വിദേശത്ത് ജോലിചെയ്ത കാലയളവ് തെളിയിക്കുന്ന വിധമുള്ള പാസ്പോർട്ട് പകർപ്പുകൾ, സംരംഭത്തിന്റെ ചുരുക്ക വിവരണം, അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

തൊഴിൽ വൈദഗ്ധ്യ
പരിശീലനം 

വിദേശ തൊഴിൽ വിപണിക്കനുസൃതമായി തൊഴിൽ അന്വേഷകരെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സാങ്കേതിക വൈദഗ്ധ്യം, ആശയവിനിമയ കഴിവുകൾ വർധിപ്പിക്കൽ, നിയമന നടപടികൾ, വിസ, തൊഴിൽ കരാർ, കുടിയേറ്റം എന്നിവ സംബന്ധിച്ച ബോധവത്കരണം എന്നിവയാണ് പരിശീലനപരിപാടിയിൽ ഉൾപ്പെടുന്നത്. സാങ്കേതിക കോഴ്‌സുകൾക്കുപുറമേ അക്കൗണ്ടൻസി, മാനേജമെന്റ് ലോജിസ്റ്റിക്, ഭാഷ, പരിഭാഷ തുടങ്ങിയ കോഴ്‌സുകളുമുണ്ട്.
   300 മണിക്കൂർ നീണ്ടുനിൽക്കുന്ന കോഴ്‌സുകളാണ് നൽകുന്നത്. എട്ടാം ക്ലാസോ അതിനുമുകളിലോ യോഗ്യതയുള്ളവർക്ക് കോഴ്‌സിൽ പങ്കെടുക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളും ലഭിക്കും. കേരളത്തിലെ സർക്കാർ ഐ.ടി.ഐ.കൾ, പോളിടെക്‌നിക്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന ഈ കോഴ്‌സുകളിൽ ചേരുന്നവർ ഫീസിന്റെ 20 ശതമാനം മാത്രം നൽകിയാൽ മതി. ബാക്കിമുഴുവൻ തുകയും നോർക്ക വകുപ്പ് വഹിക്കും. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഓരോ സ്ഥാപനത്തിലും ഓരോ കോഴ്‌സിന് 20 സീറ്റുകൾ ഉണ്ടായിരിക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്കു നാട്ടിൽ അവധിക്കു പോകുമ്പോഴും കോഴ്‌സ് പ്രയോജനപ്പെടുത്താം.