ലയാളത്തിന്റെ വെള്ളിത്തിരയിലേക്കാണ് ഇപ്പോള്‍ വിജിയുടെ യാത്ര. ആദ്യത്തെ ചുവടുവെപ്പാണിത്. പക്ഷേ അതിനുമുമ്പുതന്നെ കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞുവരുന്നതിന്റെ സന്തോഷവും ഏറെക്കാലമായി പ്രവാസജീവിതം നയിക്കുന്ന വിജി എന്ന വിജയലക്ഷ്മി പങ്കുവെക്കുന്നുണ്ട്. ഇതിനിടയില്‍ കൊച്ചിയില്‍ നടന്ന ആദ്യത്തെ ഇന്ത്യന്‍ ഫാഷന്‍ ലീഗിന്റെ വേദിയിലെത്താനായതും വിജിയുടെ ആത്മവിശ്വാസത്തിന് കൂടുതല്‍ കരുത്ത് നല്‍കിയിരിക്കുന്നു. ഹരിദാസ് സംവിധാനം ചെയ്യുന്ന 'തേനീച്ചയും പീരങ്കിപ്പടയും' എന്ന സിനിമയിലാണ് അരങ്ങേറ്റം കുറിക്കുന്നത്. കണ്ണൂരില്‍ വേരുകളുള്ള,  ബാല്യവും വിദ്യാഭ്യാസവുമെല്ലാം മംഗളൂരുവിലാക്കിയ, പതിനഞ്ചുവര്‍ഷമായി യു.എ.ഇ.യില്‍ ജീവിക്കുന്ന വിജിയുടെ ജീവിതം മാറ്റിയത് ഈയിടെ കൊച്ചിയില്‍ നടന്ന മിസിസ് ഗ്ലോബല്‍ എന്ന മത്സരമായിരുന്നു. 

ദുബായില്‍നിന്ന് കൊച്ചിയിലേക്ക് വിമാനം കയറുമ്പോള്‍ വിജിക്കാകെ പരിഭ്രമം.  കൊച്ചിയിലേക്കുള്ള ആദ്യ യാത്ര. വലിയൊരു സ്റ്റേജ് ഷോയിലേക്ക് പങ്കെടുക്കാന്‍ ലഭിച്ച ആദ്യ അവസരത്തെ ചൊല്ലിയുള്ള ആശങ്ക വേറെയും. വിമാനയാത്രകള്‍ ഏറെ നടത്തിയിരുന്നുവെങ്കിലും ഈ യാത്രയ്‌ക്കൊപ്പം കൂടെ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ദിവസങ്ങള്‍ക്ക് ശേഷം വിജി കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ഭര്‍ത്താവിനൊപ്പം വിമാനം കയറുമ്പോള്‍ തലയില്‍ ഒരു കിരീടവും ഉണ്ടായിരുന്നു- മിസിസ് ഗ്ലോബല്‍ പട്ടം കൊച്ചിയിലെ ഇസ്പാനിയോ ഈവന്റ്സ് സംഘടിപ്പിച്ച വിവാഹിതരായ വനിതകള്‍ക്കുള്ള മത്സരമായിരുന്നു മിസിസ് ഗ്ലോബല്‍. 18-നും 43-നും ഇടയില്‍ പ്രായമുള്ള വിവാഹിതയായ  ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരം. തന്നെക്കാള്‍ പകുതിപ്രായം മാത്രമുള്ള മത്സരാര്‍ത്ഥികളെവരെ പിന്തള്ളിയാണ് വിജി കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കിരീടം ചൂടിയത് എന്നത് നേട്ടത്തിന്റെ മറ്റൊരു സവിശേഷത.

VIJIസ്റ്റേജ് ഷോകളിലോ സൗന്ദര്യമത്സരങ്ങളിലോ കാര്യമായൊന്നും വിജി എത്തിയിരുന്നില്ല. എട്ടുവര്‍ഷത്തോളം നൃത്തം പഠിച്ചിരുന്നു. മൂന്നുവര്‍ഷം കോളേജിലെ നര്‍ത്തകിയുടെ പട്ടം. 2004-ല്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ നടത്തിയ മെയ് ക്വീന്‍ മത്സരത്തിലെ ജേതാവ്. ദുബായ് ഗ്ലോബല്‍ വില്ലേജ് നടത്തിയ ആദ്യത്ത സൂപ്പര്‍ മോം മത്സരത്തിലെ ജേതാവ്- അവിടെ തീര്‍ന്നു കലാപ്രകടനങ്ങള്‍. പിന്നെ ജോലിയും മക്കളായ ആദിത്യയുടെയും സംമ്രീന്റെയും പഠിപ്പിനും പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം തണലായി മാറുകയായിരുന്നു വിജി. നാല് വര്‍ഷമായി ജോലിയും ഉപേക്ഷിച്ചു. ആദിത്യയ്ക്ക് മംഗളൂരുവിലേക്ക്  ഒരു പ്രവേശനപരീക്ഷയ്ക്കായുള്ള യാത്രക്കിടയിലാണ് രതീഷിന്റെ ഒരു സുഹൃത്ത് വഴി മിസിസ് ഗ്ലോബല്‍ മത്സരത്തെക്കുറിച്ച് വിജി അറിയുന്നത്. ആദ്യം ഒരു തമാശ മാത്രമായെടുത്തെങ്കിലും രതീഷിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങി ദുബായിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി വിജി എത്തുകയായിരുന്നു. നൂറുകണക്കിന് സുന്ദരികള്‍ക്കിടയില്‍നിന്ന് കൊച്ചിയിലേക്കുള്ള അവസരം ലഭിച്ചപ്പോള്‍ അമ്പരന്നുപോയത് വിജി തന്നെ. ആ യാത്രയിലാണ് ഒടുവില്‍ കിരീടവും കൂടെപ്പോന്നത്. 

കണ്ണൂര്‍ ജില്ലയിലെ കൂടാളിയിലാണ് വിജയലക്ഷ്മിയുടെ കുടുംബവേരുകള്‍. പക്ഷെ ഓര്‍മകളെല്ലാം മംഗളൂരുവില്‍ തുടങ്ങുന്നു. കനറാ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം അവിടെ നിട്ടെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ്  സയന്‍സില്‍ ബി.ഫാം പഠനമാണ് വിജിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സ്‌കൂള്‍, കോളേജ് കാലത്ത് നൃത്തവുമായി വേദിയിലെത്തിയ വിജി അതേ കോളേജില്‍ സീനിയര്‍ വിദ്യാര്‍ഥിയായ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ രതീഷിന്റെ  ഹൃദയത്തിലേക്ക് കുടിയേറുകയായിരുന്നു. കോളേജിലെ റാഗിങ്ങില്‍ നിന്നായിരുന്നു തുടക്കം. രതീഷ് കോളേജ് ചെയര്‍മാനും വിജി കള്‍ച്ചറല്‍ സെക്രട്ടറിയുമായപ്പോള്‍ പ്രേമം പടര്‍ന്നുകയറി. പഠിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ രതീഷിന്റെ ജീവിതസഖിയായി കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന വിജി എത്തി. 1998-ല്‍ വീട്ടുകാരുടെ പിന്തുണയോടെയുള്ള വിവാഹം.  ഇതിനിടയില്‍ നടന്ന ഇന്റര്‍ കോളേജ് കലോത്സവങ്ങളില്‍ മൂന്നുവര്‍ഷവും നൃത്തത്തിനുള്ള സമ്മാനം വിജിക്കായിരുന്നു. 2002-ല്‍  അബുദാബിയിലെ എന്‍.എം.സി. ഹെല്‍ത്ത് കെയറില്‍ ജോലിലഭിച്ചതോടെ രതീഷ് അബുദാബിക്ക് കുടിയേറി. അധികം വൈകാതെ  എത്തിയ വിജിക്കും അബുദാബിയില്‍ തന്നെ ജോലിയായി. ഇപ്പോള്‍ മകള്‍ സംമ്രീന്റെ പഠനവും നൃത്തവുമെല്ലാമായി നിന്നുതിരിയാന്‍ സമയമില്ല.
 
നാലുദിവസം മുമ്പാണ് കൊച്ചിയിലെത്തി ഗ്രൂമിങ് സെഷനില്‍ പങ്കെടുക്കാനുള്ള അറിയിപ്പ് വിജിക്ക് ലഭിക്കുന്നത്. സ്വന്തം കഴിവ് പ്രകടിപ്പിക്കാനുള്ള ഒരിനത്തില്‍ നൃത്തമാണ് വിജി തിരഞ്ഞെടുത്തത്. മകളുടെ നൃത്താധ്യാപകനായ സനലിന്റെ കൊറിയോഗ്രാഫിയിലൂടെ അവതരിപ്പിക്കാനുള്ള നൃത്തത്തിന്റെ ഏകദേശരൂപവുമായാണ് മേയ് 12-ന് രാത്രി വിജി കൊച്ചിക്ക് തിരിച്ചത്. ഒരാഴ്ചത്തെ ഗ്രൂമിങ് പിറ്റേദിവസം തന്നെ തുടങ്ങി. ഫിനാലെ വേദിയില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായെത്തിയ 25 പേര്‍. രണ്ടാം റൗണ്ടില്‍ അത് 12 പേരായി. അവസാനറൗണ്ടില്‍ വിജി ഉള്‍പ്പെടെ ആറുപേര്‍. അവതാരകയായി രഞ്ജിനി ഹരിദാസ്. ഒരുചോദ്യത്തിന് ഒരുമിനിറ്റില്‍ ഉത്തരം എഴുതി നല്‍കുകയാണ് വേണ്ടത്. വിധികര്‍ത്താക്കളായി പാര്‍വതി ഓമനക്കുട്ടന്‍, ശ്വേതാ മേനോന്‍, കുക്കു പരമേശ്വരന്‍, ബീനാ കണ്ണന്‍, ശ്രാവണ്‍ എന്നിങ്ങനെ പ്രഗത്ഭരുടെ നിര. വാട്ട് ഈസ് ദി എസന്‍സ് ഓഫ് ബീയിങ് എ വുമന്‍?- ഇതായിരുന്നു വിജിക്ക് കിട്ടിയ ചോദ്യം. അഞ്ച് മണിക്കൂറിലേറെ നീണ്ട ഗ്രാന്റ് ഫിനാലെയുടെ വിധി പ്രഖ്യാപനം. ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍... ഇപ്പോള്‍ അത് ഓര്‍ക്കുമ്പോള്‍ വിജി നിറഞ്ഞുചിരിക്കുന്നു. 
 
സിനിമകളിലേക്കുള്ള ക്ഷണം ഇഷ്ടം അനുസരിച്ച് തിരഞ്ഞെടുക്കാമെന്ന് എന്‍.എം.സി. ഹെല്‍ത്ത് കെയറിലെ ഫാര്‍മ ഡിവിഷനില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരായ രതീഷിന്റെ പച്ചക്കൊടി. കഴിവുണ്ടെങ്കില്‍ അത് എന്തായാലും അവതരിപ്പിക്കപ്പെടണം. അതിന് ഞാനായി തടസ്സം നില്‍ക്കില്ല- ഭാര്യയ്ക്ക് പൂര്‍ണപിന്തുണയുമായി രതീഷ് കൂടെനില്‍ക്കുന്നു. അവസരങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്ന് മക്കളാവാന്‍ പ്രായമുള്ളവരുമായി മത്സരിച്ച് ജേതാവായതിന്റെ ആഹ്ലാദത്തില്‍ വിജിയും പറയുന്നു- ഇരുപതാം വയസ്സില്‍ വിവാഹിതയായതിന്റെ നേട്ടമാണിതെന്ന തമാശയുടെ മേല്‍പ്പൊടിയും.