വലിയ ധനികൻ എന്നതുപോലെത്തന്നെ മൃഗസ്നേഹികൂടിയാണ് സൈഫ് അഹമ്മദ് ബെൽഹാസ. ആ കമ്പം തന്നെയാണ് റാഷിദിനും കിട്ടിയിരിക്കുന്നത്. ഖവനീജിലെ ഫാം ഹൗസിലുള്ള മൃഗങ്ങളുടെ പട്ടിക ഏതൊരു മൃഗശാലയെയും അമ്പരപ്പിക്കും. ഈ മൃഗങ്ങളാകട്ടെ വീട്ടുകാരുമായി നല്ല സഹവാസത്തിലുമാണ്. വീട്ടിലെ മുറികളിലെല്ലാം അവരിൽ ചിലർ കറങ്ങിനടക്കും. അതിൽ സിംഹങ്ങളും പുലികളുമെല്ലാം ഉണ്ടാകും. 
   ഗൾഫ് നാടുകളിൽ ആനകൾ ഇല്ല എന്നുതന്നെ പറയാം. കാലാവസ്ഥ തന്നെയാവാം പ്രതികൂലഘടകം. എന്നാൽ ഇന്ത്യയിൽനിന്ന് രണ്ടാനകളെയാണ് അടുത്തുതന്നെ റാഷിദ് ബൽഹാസ എത്തിക്കുന്നത്. തന്റെ ഫാം ഹൗസിൽ എത്ര മൃഗങ്ങളുണ്ടെന്ന് റാഷിദിനുതന്നെ നിശ്ചയമില്ല. അപകടത്തിൽപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ഒക്കെ ചെയ്യുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനുമായി ഫാം ഹൗസിൽ റസ്‌ക്യൂ ഷെൽട്ടർ ഉണ്ട്. ഇത്തരത്തിൽ കഴിഞ്ഞവർഷം എത്തിപ്പെട്ടത് നൂറിലേറെ മൃഗങ്ങളാണ്. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് സൈഫ് അഹമ്മദ് ബെൽഹാസയുടെ ശീലമാണ്. സിംഹങ്ങൾ ഒരുപാടുണ്ട് വീട്ടിലും ഫാം ഹൗസിലുമായി. മൂന്ന് ചിമ്പാൻസികൾ, നിരവധി പുള്ളിപ്പുലികൾ, പത്തിലേറെ കടുവകൾ, വെള്ളക്കടുവകൾ, രണ്ട് ജിറാഫുകൾ...
 ലോകത്ത് ആകെയുള്ള 12 കിങ്‌ ചീറ്റകളിൽ ഒന്ന് റാഷിദിന് സ്വന്തമാണ്. സിംഹവും പുലിയും ചേർന്നാൽ ജന്മം കൊടുക്കുന്നതാണ് ലൈഗർ. ഇന്ന് ലോകത്തിൽ ഇരുപത് ലൈഗർമാരുണ്ടെന്നാണ് കണക്ക്. അതിൽ രണ്ടെണ്ണം ഇവിടെയുണ്ട്. ഇവക്ക് രണ്ട് കുട്ടികളും പിറന്നിട്ടുണ്ട് ഇപ്പോൾ. സിംഹക്കുട്ടികളും പുലിക്കുട്ടികളും ഇടക്കിടെ പിറന്നുവീഴുന്നു.  ഒരു മാസം മൂന്നോ നാലോ കാണും. അതുകൊണ്ടുതന്നെ ഈ ഗണത്തിൽപ്പെട്ടവ എത്രയുണ്ടെന്ന് റാഷിദിന് തന്നെ നിശ്ചയമില്ല. ഗർഭം ധരിച്ച മൃഗങ്ങളെ പരിപാലിക്കാനായി ഫാം ഹൗസിൽ ഒരു ബ്രീഡിങ് സെന്ററുമുണ്ട്. 
 ഷൂട്ടിങ്ങുമായി ജാക്കിചാൻ
 
റാഷിദിന്റെ അടുത്ത സുഹൃത്താണ് വിഖ്യാത സിനിമാതാരം ജാക്കിചാൻ. ഒരിക്കൽ ജാക്കിചാൻ തന്റെ സിനിമക്കുവേണ്ടി സംഘവുമായി ഫാമിൽ എത്തി. നൂറോളം പേരുണ്ടായിരുന്നു കൂടെ. ഒരാഴ്ചയോളം താമസവും ഷൂട്ടിങ്ങുമെല്ലാമായി ജാക്കിചാൻ അവിടെ കൂടി. വളരെ സാധാരണക്കാരനെ പോലെയായിരുന്നു ജാക്കിചാൻ.  മൃഗങ്ങളോടൊപ്പം കൂട്ടുകൂടിയും അവർക്കൊപ്പം കളിച്ചുമെല്ലാം ഷൂട്ടിങ് നടത്തി. ജിറാഫുകളെ മസാജ് ചെയ്ത് നടക്കുന്ന ജാക്കിചാന്റെ ചിത്രം റാഷിദിൽ ചിരി ഉണർത്തുന്നു.
   മിക്ക മൃഗങ്ങളും വീട്ടുകാരുമായി സൗഹൃദത്തിലാണ്. റാഷിദിന്റെ സഹോദരൻ മൂന്നുമാസത്തോളം മുറിയിൽ സിംഹത്തിനൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. എന്നാൽ പുള്ളിപ്പുലികൾ ഇടയ്ക്ക് പ്രശ്നക്കാരാകും. അപരിചിതരോട് അധികം അടുക്കില്ല. 
 വ്യാപാരവും മുന്നോട്ട്
 
താരമായി കഴിഞ്ഞതോടെ റാഷിദ് ബെൽഹാസയുടെ മണികിക്സ് എന്ന പേരിലുള്ളതെല്ലാം ഇപ്പോൾ വിപണിയിൽ ചൂടപ്പമാണ്. മണികിക്സ് ഡോട്ട് കോം എന്ന പേരിലുള്ള വെബ് സ്റ്റോർ വഴിയാണ് വിൽപ്പന ഏറെയും. 90 മുതൽ 200 ഡോളർ വരെയുള്ള ബാഗുകളാണ് ഇതിൽ പ്രധാനം. മണികിക്സ് മിൽക് ഷെയ്ക്ക് ദുബായ് മാളിൽ വിൽപ്പനയ്ക്കുണ്ട്. വ്യാഴാഴ്ച ഡോണട്‌സും വിപണിയിലിറങ്ങി. റാഷിദും സൽമാൻ ഖാനും ചേർന്നായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 
 ബന്ധങ്ങളാണ് ജീവിതം
 
റാഷിദിന് പണം ഇഷ്ടംപോലെയുണ്ട്. എന്നാൽ പണത്തേക്കാൾ ഈ പതിനഞ്ചുകാരൻ വിലകൽപ്പിക്കുന്നത് ബന്ധങ്ങൾക്കാണ്. പിതാവ് നൽകിയ ഉപദേശവും അതുതന്നെയായിരുന്നു. പണം എത്രയുണ്ടായാലും കാര്യമില്ല. ബന്ധങ്ങളാണ് എല്ലാറ്റിലും വലുത് എന്നതായിരുന്നു ചെറുപ്പത്തിൽത്തന്നെ അദ്ദേഹം മക്കൾക്ക് നൽകിയ ഉപദേശം. ഇന്ന് ലോകത്തിന്റെ ഏത് കോണിലേക്കും നേരിട്ട് വിളിക്കാൻ പാകത്തിലുള്ള സൗഹൃദബന്ധങ്ങൾ റാഷിദ് ബെൽഹാസയ്ക്ക് ഉണ്ട്. അതെല്ലാം നിലനിർത്തുകയുംചെയ്യുന്നു. ബന്ധങ്ങളാണ് എന്റെ ജീവിതം- തന്റെ ജീവിതത്തെ റാഷിദ് അടയാളപ്പെടുത്തുന്നതും ഇങ്ങനെയാണ്. 
 സ്വപ്‌നങ്ങൾ, മോഹങ്ങൾ
 
 
ഇത്രയൊക്കെ സെലിബ്രിറ്റികളും ബന്ധങ്ങളും ഉണ്ടെങ്കിലും ഒരാളെയാണ് റാഷിദ് ഇപ്പോഴും കാണാനും പരിചയപ്പെടാനും മോഹിക്കുന്നത്. അമേരിക്കയുടെ പ്രൊഫഷണൽ ബാസ്കറ്റ് ബോൾ താരമായ മൈക്കൽ ജോർഡനാണ് ആ സ്വപ്നം. പരിചയപ്പെടാൻ മോഹിക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ആൾ അദ്ദേഹം തന്നെ-ചിരിയോടെ റാഷിദ് പറയുന്നു. 
   ലോകത്തെ ഏറ്റവുംവലിയ ബാഗ് നിർമിക്കുക എന്നതാണ് റാഷിദിന്റെ മറ്റൊരു ലക്ഷ്യം. അതുവഴി ദുബായിയുടെ പ്രശസ്തിയും വർധിപ്പിക്കാൻ റാഷിദ് ആഗ്രഹിക്കുന്നു. തന്റെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനായി ഒരു ചാരിറ്റി ഫൗണ്ടേഷൻ ആരംഭിക്കാനും റാഷിദിന് പദ്ധതിയുണ്ട്. തന്റെ സ്പോർട്‌സ് ഷൂ ശേഖരത്തിനായി ഒരു മുറികൂടി പണിയുന്നതാണ് മറ്റൊരു പദ്ധതി. 
  ലോകത്തിലെ ഏറ്റവുംവലിയ ഷൂ സ്റ്റോർ സ്ഥാപിച്ച് അതിന്റെ ഉടമയായിരിക്കുക എന്നതാണ് റാഷിദിന്റെ ബിസിനസ് സ്വപ്നം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ യുവ വ്യവസായിയായി അറിയപ്പെടാനും റാഷിദ് മോഹിക്കുന്നു. യു.എ.ഇ.യിലോ ഗൾഫിലോ ഉള്ള ഒന്നാം സ്ഥാനമല്ല സ്വപ്നമെന്ന് അയാൾ ഉറപ്പിച്ചുപറയും.  അതിരില്ലാത്ത ആകാശത്തിലേക്ക് എന്നപോലെ ലോകത്തോളം വളരുന്നു ആ മോഹങ്ങൾ, സ്വപ്നങ്ങൾ.