കണ്ണൂർ കൊളച്ചേരി-കരിങ്കൽക്കുഴിയിലെ രജനി എന്ന വീട്  വിസ്തൃതിയും വലിപ്പവും കെട്ടുംമട്ടും കൊണ്ട് കൊട്ടാരമാണ്. അകം ചിത്രപ്പണികളും ശില്പവേലകളും പൊതുവെയുള്ള വിന്യാസവും അത്യാകർഷകം. ആ സൗധത്തിലേക്ക് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹൈടെക് കർഷകനുള്ള പുരസ്കാരം എത്തുകയാണ്.        38 വർഷം മുമ്പ് ദുബായി ദേരയിലെ ചുട്ടുപൊള്ളുന്ന മൈതാനത്ത് പച്ചക്കറിച്ചന്തയിൽ 18 മണിക്കൂറോളം പണിയെടുത്ത് അവിടെ ചാക്കിനുമേൽ കിടന്ന് ഏതാനും മണിക്കൂർ ഉറങ്ങിയിരുന്ന കാലമാണ് തനിക്കിപ്പോൾ ഓർമവരുന്നതെന്ന് പുരസ്കാരജേതാവായ ടി.വി.വിജയൻ പറഞ്ഞു. ജീവിതം അങ്ങനെയൊക്കെയാണ്. ചിലപ്പോൾ ഇതെല്ലാം ഒരു നിയോഗമാണെന്ന് തോന്നും. മൈസുരുവിൽ 30 കോടി രൂപ മുടക്കി രാജ്യത്തെ ഏറ്റവും വലിയ ഹൈടെക് പച്ചക്കറി തോട്ടങ്ങളിലൊന്ന് ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിലാണ് കേരള സർക്കാരിന്റെ അവാർഡിനെപ്പറ്റി അറിഞ്ഞത്. വാസ്തവത്തിൽ ഇവിടെ ഞാൻ നടത്തുന്ന കൃഷി അത്ര ലാഭകരമൊന്നുമല്ല. ഇവിടെ പറ്റുമോ എന്ന് പരീക്ഷിക്കുകയാണ്. കേരളത്തിൽ പോളിഹൗസ്, അഥവാ ഗ്രീൻഹൗസ് കൃഷിക്ക് ഒരേക്കറിനാണ് സർക്കാർ സബ്‌സിഡി നൽകുന്നത്. ഞാനിവിടെ മൂന്നര ഏക്കറിലാണ് പോളിഹൗസുണ്ടാക്കി കൃഷിചെയ്യുന്നത്. ഒരേക്കറും മൂന്നേക്കറും കൊണ്ടൊന്നും ഈ കൃഷി ലാഭകരമാക്കാനാവില്ല. ഈ കൃഷിയിലും പച്ചക്കറി വിപണനത്തിലും ഒരുപാടുകാലത്തെ അനുഭവപരിചയമുള്ളയാളെന്ന നിലയിൽ ഞാൻ പറയുന്നു, 15 ഏക്കറിലെങ്കിലും കൃഷി, അതും സാധാരണ സീസണിലൊഴിച്ചെപ്പോഴും വിളവെടുക്കാൻ പാകത്തിൽ. എങ്കിലേ കൃഷി ലാഭകരമാകൂ. ചെറുകിട ഏർപ്പാട് ചെയ്യുന്നവർക്ക് നഷ്ടമുണ്ടാക്കും....നേതൃത്വം നൽകുന്നവർക്ക് കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുക്കാൻ അനുഭവപരിചയമുള്ളവർ വേണം... തത്ത്വം കൊണ്ട് കാര്യമില്ല..
      വർഷങ്ങൾക്കുമുമ്പ് ഗൗരിയമ്മ കൃഷി മന്ത്രിയായിരുന്നപ്പോൾ അവരുടെ സെക്രട്ടറിയും ഉന്നതോദ്യോഗസ്ഥരും റാസൽഖൈമയിലെ എന്റെ തോട്ടം കാണാൻ വന്നു. അവിടെയെല്ലാം ചുറ്റിക്കണ്ട് തിരിച്ചുവരുമ്പോൾ അവർ എന്നോട് പറഞ്ഞു. നെല്ലിയാമ്പതിയിൽ ഇരുന്നൂറേക്കർ സ്ഥലമുണ്ട്. അതിൽ അമ്പതേക്കർ താങ്കൾക്ക് പാട്ടത്തിന് തരാൻ ശുപാർശ ചെയ്യട്ടെ, തയ്യാറാണോ? ഞാൻ ചിരിച്ചു. ഇവിടെ ഇതൊന്നും പറ്റുമെന്ന വിശ്വാസം എനിക്കില്ല. അന്ന്‌ ആ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ എന്റെ സ്ഥിതിയെന്താവുമായിരുന്നു-ചിരിച്ചുകൊണ്ട് വിജയൻ ചോദിച്ചു. കൈയേറ്റമെന്നോ കാലേറ്റമെന്നോ പറഞ്ഞ് വെറുതെ കുരുക്കിലാക്കും. ഞാനാ പൊല്ലാപ്പിന് നിൽക്കാതെ മറ്റ് സ്ഥലങ്ങൾ തിരഞ്ഞു.
       കു​േറ​ക്കാലത്തിനുശേഷമാണ് മൈസുരുവിലെ ചാമരാജ് നഗർ ജില്ലയിലെ ഹന്നൂരിൽ സ്ഥലം കണ്ടെത്തിയത്. കുന്നിൻപുറമാണ്, വെള്ളം കെട്ടിനിൽക്കില്ല, കാലാവസ്ഥയും തരക്കേടില്ല. 72 ഏക്കർ ഭൂമിയാണവിടെ വാങ്ങിയത്. അതിൽ 38 ഏക്കറിൽ ഗ്രീൻഹൗസ് നിർമിച്ചു. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ 72,000 ചതുരശ്ര മീറ്റർ. അതിൽ 2016 ഏപ്രിൽ 27-ന് വിത്തിട്ടു. ഒക്ടോബറിൽ ആദ്യ വിളവെടുപ്പ്. കൊച്ചിയിൽനിന്ന് 40 അടിയുള്ള കണ്ടെയ്‌നർ തോട്ടത്തിലെത്തി സാധനങ്ങൾ കൊണ്ടുപോകാൻ തുടങ്ങി. ഇതിനകം 31 കണ്ടെയ്‌നർ പച്ചക്കറി ദുബായിയെത്തിച്ച് വിൽപ്പന നടത്തി. ഒരു കണ്ടെയ്‌നർ എന്നാൽ 25 ടൺ. ലാഭകരമാണെന്ന് മനസ്സിലായതോടെ 76,000 ചതുരശ്ര മീറ്റർ ഗ്രീൻഹൗസ് കൂടി നിർമിച്ചു. ഇപ്പോൾ 14,000 ചതുരശ്ര മീറ്റർ പോളിഹൗസിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. വാങ്ങിയിട്ട സ്ഥലത്തിന്റെ പകുതിയോളം ഇനിയും അവശേഷിക്കുന്നു. മുഴുവൻ സ്ഥലത്തേക്കുമാവശ്യമായ കോൾഡ് സ്റ്റോറേജും സംവിധാനങ്ങളും തയ്യാറായി. 
        ഇതെല്ലാമാണെങ്കിലും ഗൾഫിനെ അപേക്ഷിച്ച് സംരംഭം ലാഭകരമാകാൻ സമയമെടുക്കുമെന്നാണ് വിജയൻ പറയുന്നത്. ഗൾഫിൽ പോളിഹൗസ് ഒരു കൊല്ലംകൊണ്ട് മുതലാകും. ഇവിടെയാണെങ്കിൽ മൂന്നുവർഷമെടുക്കും. ഗൾഫിൽ ഇടതടവില്ലാതെ കൃഷിയിറക്കാം. വിളവെടുക്കാം. ഇവിടെ പുറത്ത് നന്നായി വിളവുണ്ടാവുന്ന സമയത്ത് പോളിഹൗസിലെ സാധനങ്ങൾക്ക് വില കുറയും..... മാത്രമല്ല മൈസൂരുവിൽ ലാഭം കുറയാൻ ഒരു കാരണം കൂടിയുണ്ട്. സാധനം കൊച്ചിയിലെത്തിച്ച് കപ്പലിൽ കൊണ്ടുപോകുന്നതിനുള്ള ട്രാൻസ്പോർട്ട് ചെലവ്. മൈസൂരുവിൽ തന്റെ തോട്ടത്തിൽനിന്ന്‌ ഒരു കണ്ടെയ്‌നർ കൊച്ചിയിലെത്താൻ 82,000 രൂപ വേണം. കോട്ടയത്തെയോ പാലക്കാട്ടെയോ ഇടുക്കിയിലെയോ മലയോരത്തായിരുന്നു തോട്ടമെങ്കിൽ അത് 20,000-ൽ എത്തിക്കാനാവും. 
 കൊച്ചി തുറമുഖത്തിന്റെ സാധ്യത നമ്മൾ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ 100-150 കിലോമീറ്റർ പരിധിയിൽ നല്ല പച്ചക്കറിയുണ്ടാക്കി കയറ്റുമതി ചെയ്താൽ 100 കോടിയുടെയെങ്കിലും വിദേശനാണ്യം ഓരോ കൊല്ലവും ഇവിടെയെത്തുമെന്ന് എനിക്കുറപ്പാണ്. പക്ഷേ അതിന് ഇച്ഛാശക്തി വേണം. 
 ഇതിലെല്ലാം ഏറ്റവും പ്രധാനം അനുഭവപരിചയമാണ്. മൈസൂരുവിൽ 30 കോടി രൂപ ചെലവഴിച്ച് വിപുലമായ ഹെടെക് പച്ചക്കറിക്കൃഷി തുടങ്ങാൻ പദ്ധതിരേഖ തയ്യാറാക്കാൻ ഒരു കൺസൾട്ടന്റ് ആറുമാസം സമയമെടുക്കും. എനിക്ക് അഞ്ചുമിനുട്ടേ വേണ്ടൂ. കടലാസും പേനയും കംപ്യൂട്ടറും വേണ്ട. അഹങ്കാരമല്ല, ഞാൻ ജീവിച്ച ജീവിതം എന്റെ മനസ്സിൽ അതേപടി പടർന്ന് നിൽക്കുന്നതിനാലാണ്...... 

ആടിൻചോരയിൽ കുളിച്ച് 
ദുബായി തെരുവിലൂടെ...

    
ദുബായിയിലെത്തുന്നതിനുമുമ്പ് കർണാടകയിലെ പുത്തൂരിലായിരുന്നു വിജയൻ. കല്ലുചെത്തായിരുന്നു പണി. ബാലാധ്വാനം...എട്ടാംക്ലാസിൽ രണ്ടുമാസം പിന്നിട്ടതോടെ പഠനം നിർത്തിയതാണ്. കൽപ്പണിക്കാരനായ അച്ഛന്റെ വരുമാനംകൊണ്ട് വീട്ടിൽ അടുപ്പ് പുകയാത്ത ദിവസങ്ങൾ... പുത്തൂരിൽ കരാർപണിക്കാരനായ അമ്മാവനൊപ്പം പണിക്ക് പോയതായിരുന്നു.. 13 മുതൽ 18 വയസ്സുവരെ അവിടെ. 18 വയസ്സ് തികഞ്ഞതോടെ പാസ്പോർട്ടെടുത്തു. അമ്മാവന്റെ കൂടി അമ്മയായ അമ്മമ്മയെ സ്വാധീനിച്ച്  അമ്മാവന്റെ ചെലവിൽ വിസ സംഘടിപ്പിക്കുന്നു. 1979 മാർച്ച് അഞ്ചിന് ദുബായിലെത്തുന്നു. എങ്ങനെയെങ്കിലും ജന്മം ജീവിച്ചുതീർക്കാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം..
      മൂഡബിദ്രിക്കാരനായ  അബൂബക്കർ എന്നയാളാണ് ദുബായിലെത്തിയ പയ്യനെ ദേരയിലെ പച്ചക്കറിമാർക്കറ്റിലെത്തിക്കുന്നത്. ഓപ്പൺ മാർക്കറ്റ്.(പാം ദേര മെട്രോ സ്റ്റേഷനും ദേര ബസ്‌സ്റ്റാൻഡിനുമിടയിലുള്ള ആ മാർക്കറ്റ് ഇന്ന് ദുബായിലെ ഏറ്റവും വലിയ മീൻ മാർക്കറ്റുകളിലൊന്നാണ്). പച്ചക്കറി മാർക്കറ്റിൽ 18 മണിക്കൂറോളമാണ് പണി. ലോഡിറക്കുക, കയറ്റുക അടക്കമുള്ള പണികൾ... കൈയിലുണ്ടായിരുന്ന പെട്ടി പച്ചക്കറി പെട്ടികളുടെ നിരയ്ക്കിടയിൽ വെച്ച് പണി തുടങ്ങി. നാട്ടിൽനിന്ന് പോകുമ്പോഴിട്ട കുപ്പായവും പാന്റ്‌സും തന്നെയാണപ്പോഴും വേഷം. കാരണം പെട്ടിയിൽ മറ്റൊരു പാന്റ്‌സും ഷർട്ടുമേയുള്ളൂ. ആ ഷർട്ടാകട്ടെ വരയുള്ള നല്ലൊരു കുപ്പായം. ദുബായിൽ പോകുന്നതായതിനാൽ ഒരു സുഹൃത്തിനോട് വാങ്ങിയതാണ്, അല്ല അവൻ സ്നേഹത്തോടെ നൽകിയത്...
      മാർക്കറ്റിൽനിന്ന് കിട്ടുന്നത് ദിവസക്കൂലിയാണ്. രണ്ടോ മൂന്നോ ദിർഹം. അത് ഭക്ഷണത്തിനേ തികയൂ. 17-18 മണിക്കൂർ പണിക്കുശേഷം കിടന്നുറക്കം ഒരു പ്രശ്നമല്ല! തുറന്ന ചന്തയിലെ ഒരരികിൽ ചാക്കിൽ കിടത്തം. മറ്റൊരു ജോലി കിട്ടാതിരിക്കില്ല, അതുവരെ സഹിക്കാതിരിക്കാനാവില്ല...അങ്ങനെ 28 ദിവസം കഴിഞ്ഞു. പെട്ടികളുടെ അട്ടികൾക്കരികിൽ ചാക്ക് പുതച്ച് കിടക്കുകയായിരുന്ന വിജയൻ ഒരുദിവസം എഴുന്നേറ്റില്ല.. വിറയും പനിയും.. ചന്തയിൽ ലോഡിറക്കാനെത്തിയ മലപ്പുറത്തുക്കാരനായ ഡ്രൈവർ മുഹമ്മദ്‌ വിജയനെ കണ്ടു. സന്നി കയറിയിരിക്കുന്നു. പരിചയക്കാരാരെങ്കിലുമുണ്ടോ എന്ന് മുഹമ്മദ്  ചോദിച്ചു. നാട്ടുകാരനായ ടി.വി.കൃഷ്ണൻ നൽകിയ സുഹൃത്തിന്റെ വിലാസം കുറിച്ചുവെച്ച തുണ്ട്കടലാസ് ഡ്രൈവർക്ക് കൊടുത്തു. ഗംഗാധരൻ വെള്ളോറ. ബർദുബായിയിലെ പ്ലാസ സിനിമയ്ക്കടുത്ത്.  കൊളച്ചേരിക്കാരനായ ടി.വി.കൃഷ്ണനും ഗംഗാധരനും അവിടെയാണ് താമസം. കൃഷ്ണൻ നാട്ടിലാണ്. മുഹമ്മദ്ക്ക  വിജയനെ ഗംഗാധരന്റെ മുറിയെത്തിച്ചു. ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് മരിച്ചുപോകാത്തത് ഭാഗ്യമെന്നാണ്. 
   ഗംഗാധരന്റെ മുറിയിൽ നിരവധി പേർക്കൊപ്പം താമസവും ഭക്ഷണവും. പക്ഷേ ഗ്യാസ് തീർന്നപ്പോൾ കുടുങ്ങി. അവരെല്ലാം പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ  തുടങ്ങി. കൈയ്യിൽ നയാപൈസപോലുമില്ലെന്ന് അവരെ അറിയിക്കാൻ അഭിമാനം സമ്മതിച്ചില്ല. മൂന്നുദിവസം സുലൈമാനി മാത്രം കഴിച്ച് ജീവിച്ചു...മൂന്നാംദിവസം ഉച്ചയ്ക്ക്  ഗംഗാധരൻ ജോലികഴിഞ്ഞ് എത്തിയപ്പോൾ ക്ഷീണിച്ച് വിറച്ചുനിൽക്കുന്ന എന്നെയാണ് കണ്ടത്. നീയെന്താ ഒന്നും തിന്നില്ലേ എന്ന് ചോദിച്ചു. അതുകേട്ടതും ഞാൻ പൊട്ടിക്കരഞ്ഞുപോയി- വിജയൻ ഓർത്തു. ഗംഗാധരൻ നൽകിയ അഞ്ച് ദിർഹത്തിന്റെ നോട്ടുമായി ഹോട്ടലിൽച്ചെന്ന് വയറുനിറയെ ഭക്ഷണം കഴിച്ചു.
      പച്ചക്കറിച്ചന്തയിൽത്തന്നെ ജോലിക്കാരനായ ഗംഗാധരനാണ് പറഞ്ഞത്. വേറെ പണി നോക്കുന്നതിനുപകരം സ്വന്തമായി എന്തെങ്കിലും നോക്ക് എന്ന്. 28 പെട്ടി തക്കാളി വാങ്ങി തുടച്ച് വൃത്തിയാക്കിയശേഷം പച്ചക്കറി മാർക്കറ്റിനടത്ത് തെരുവുകച്ചവടക്കാരനായി.ഒരുദിവസം 30 ദിർഹംവരെ മിച്ചമുണ്ടായ ദിവസങ്ങൾ. ഇവിടെ ഒരു പച്ചക്കറി കച്ചവടക്കാരൻ പിറക്കുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും പേരുകേട്ട പച്ചക്കറി വില്പനക്കാരുടെ കൂട്ടത്തിലുള്ള അബ്ദുള്ള ഖാദിർ ഫുഡ് സ്റ്റഫ് എന്ന കമ്പനിയുടെ മാനേജിങ്‌ ഡയറക്ടറിലേക്ക് പിന്നെയും ദൂരം ഒരുപാടുണ്ടായിരുന്നു. 
     ലോകത്തെ പിടിച്ചുകുലുക്കിയ 10 ദിവസം എന്നു പറയുന്നതുപോലെ നരകം ഈ ജന്മത്തിൽത്തന്നെയാണെന്ന് മനസ്സിലാക്കിയ 28 ദിവസത്തിൽ ചോരപുരണ്ട ഒരുദിവസം കൂടിയുണ്ടെന്ന് വിജയൻ പറഞ്ഞത് ടി.വി.മധുകുമാറിന്റെ നിർബന്ധം കാരണമാണ്. മധുകുമാറാണ് കൊളച്ചേരിയിൽ വിജയന്റെ വീട് രൂപകല്പന ചെയ്തതും നിർമാണ മേൽനോട്ടം വഹിച്ചതും. ചോര പുരണ്ടതല്ല, ചോരയിൽ കുളിച്ച ദിവസമാണത്. 
     ആ കഥയിലേക്ക് കടക്കുമ്പോഴും വിജയന് ഇപ്പോൾ കരച്ചിലൊന്നും വരില്ല. ജീവിതം അങ്ങനെയൊക്കെയാണ്. പുരോഗമിക്കുന്നതെന്ന് ജീവിതം പഠിപ്പിച്ചുവല്ലോ. പച്ചക്കറി ചന്തയുടെ മുതലാളി ഒരു ഇറാനിയാണ്. ചന്ത അടിച്ചുവാരൽ തുടങ്ങിയ എല്ലാ ജോലിയും ചെയ്യിക്കും. പിന്നെ വീട്ടിലേക്കയച്ച് അവിടത്തെ ചില പണികളും. ഒരുദിവസം മാർക്കറ്റിൽനിന്ന്‌ ഒരു ആടിനെ അറുത്ത് കഷണങ്ങളാക്കി ഹാർഡ് ബോഡിന്റെ പെട്ടിയിലാക്കി എന്റെ തലയിൽവെച്ചുതന്നു. മുതലാളിയുടെ വീട്ടിലെത്തിക്കണം. അതും തലയിൽവെച്ച് ഞാൻ നടന്നു. പെട്ടിയുടെ നാല് മൂലയിലൂടെയും ചോര ഒലിച്ച് മുഖത്തുകൂടെ ഷർട്ടിലേക്ക്... തെരുവുകൾ താണ്ടി ഞാൻ നടന്നു. . മുഖം ചോരയിൽ നനഞ്ഞതല്ല എന്നെ വിഷമിപ്പിച്ചത്. സുഹൃത്ത് ദാനമായി തന്ന ഷർട്ടാണ്, അന്ന് ധരിച്ച ഷർട്ടാണ്. സാധാരണ ഒരാഴ്ചയാണ് ഷർട്ട്‌ ധരിക്കുന്നത്. കുളിക്കുന്ന ദിവസമേ ഷർട്ട് മാറ്റൂ. കുളി ആഴ്ചയിലൊരിക്കലേയുള്ളൂ. സമയമില്ല, വെള്ളമില്ല, കുളിക്കാൻ സൗകര്യവുമില്ല. കണ്ണീർപോലും വറ്റിയ നിലയിൽ ഞാൻ ഇറാനിയുടെ വീട്ടിൽ നടന്നെത്തി. അവിടെനിന്ന്‌ ആ ആടിനെ എട്ട് ഓഹരിയാക്കി ഒരു പാത്രത്തിലാക്കി തലയിൽവെച്ചുതന്നു. മുതലാളിയുടെ എട്ട് ബന്ധുക്കളുടെ വീടുകളിലെത്തിക്കണം. ഞാൻ അതും ചെയ്തു -വിജയൻ പറഞ്ഞു  

മരുഭൂമിയിലെ വലിയ കൃഷിക്കാരൻ
റാസൽഖൈമയിലും മസ്കറ്റിലുമായി 950 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ടി.വി.വിജയന്റെ ഹൈടെക് പച്ചക്കറി തോട്ടം. 200 കോടിയിലേറെ രൂപയുടെ വാർഷിക വിറ്റുവരവ്....ദേര മാർക്കറ്റിനടുത്ത് റോഡരികിൽ തക്കാളി വിറ്റ് തുടക്കം കുറിച്ച കച്ചവടം വിപുലമായത് ജോർദാൻകാരനായ യൂനിസിനെ കണ്ടതോടെയാണ്. 1980 ആദ്യമാണ്. പച്ചക്കറി വാങ്ങാൻ തുറമുഖത്ത് ചെന്നപ്പോൾ കണ്ടെയ്‌നറുമായി ജോർദാൻകാരൻ യൂനിസ്. വിശ്വസ്തനായ ഒരു ഏജന്റിനെ തേടി നടക്കുകയായിരുന്ന യൂനിസിന് വിജയനെ ഇഷ്ടമായി. യൂനിസ് കടമായി നൽകുന്ന ജോർദാൻ പച്ചക്കറിയുടെ പ്രധാന വില്പനക്കാരിലൊരാളായി വിജയൻ. അതൊരു ചവിട്ടുപടിയായിരുന്നു.. 
     17.11.91-ൽ വിജയന് ട്രേഡ് ലൈസൻസ് ലഭിച്ചു. അബ്ദുള്ള ബിൻ ഖാദിർ ഫുഡ് സ്റ്റഫ്. ദുബായിയിലും അബുദാബിയിലുമായി രണ്ട് വില്പനശാലകൾ. ദുബായിയിൽ മാത്രം വില്പന​യ്ക്ക് 58 തൊഴിലാളികൾ. അബുദാബിയിൽ 12 പേർ. 
    പച്ചക്കറിക്ക് ആവശ്യക്കാരേറിയപ്പോൾ ഗുണമേന്മയുള്ള പച്ചക്കറി സ്വന്തമായി ഉത്‌പാദിപ്പിച്ചാലെന്താ എന്ന ആലോചനയായി. 19 വർഷം മുമ്പ് അൽ ഐനിൽ ബ്രെമിയിൽ 20 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. അടുത്ത വർഷമായപ്പോൾ തന്റെ തോട്ടം ഏറ്റെടുക്കാമോ എന്ന് ചോദിച്ച് ഒരു അറബി സമീപിക്കുന്നു. നൂറേക്കറുള്ള തോട്ടം. വളർച്ചയുടെ ആ പടവും നിയോഗമെന്നപോലെയാണ് കാണുന്നതെന്ന് വിജയൻ. 
      പിന്നീട് റാസൽഖൈമയിലും ഒമാനിലെ സോഹാർ, സുവൈക്ക, ശുഹൈബ് എന്നിവിടങ്ങളിലുമായി 950 ഏക്കർ ലീസിനെടുത്ത് പോളിഹൗസ് നിർമിച്ച് കൃഷി തുടങ്ങി. 29 തരം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. അത് ദുബായിയിലെ പച്ചക്കറി മൊത്തവ്യാപാരകേന്ദ്രമായ അൽ അവീർ മാർക്കറ്റിലെ തന്റെ ചന്തയിലേക്കുതന്നെ ആവശ്യത്തിന് തികയാത്തതിനാൽ ജോർദാൻ, ചൈന, മലേഷ്യ, സ്പെയിൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതിയും. ജോർദാനിൽനിന്നാണ് കൂടുതൽ സാധനങ്ങൾ കൊണ്ടുവരുന്നത്. ഗൾഫിൽ തന്റെ 'പറമ്പുകളി'ലെ ഒരു സീസണിലെ അതായത് അഞ്ചുമാസക്കാലത്തെ ഉത്‌പാദനം പന്തീരായിരം ടണ്ണോളം വരുമെന്ന് വിജയൻ പറഞ്ഞു. ജോർദാനിൽനിന്നുള്ള കൃഷിശാസ്ത്ര വിദഗ്ധനാണ് തുടക്കംമുതൽ ഇതേവരെ വിജയന്റെ തോട്ടങ്ങളിലെ വിദഗ്ധൻ. മൈസൂരുവിലെ തോട്ടങ്ങളുടെയും മേൽനോട്ടക്കാർ അദ്ദേഹം തന്നെ.
     1979-ൽ ദേരാ തെരുവിലിരുന്ന് തക്കാളി വിറ്റപ്പോഴെന്നപോലെ ഇന്നും വിജയൻതന്നെയാണ് തന്റെ കടയിലെ വില്പനക്കാരൻ. പുലർച്ചെ നാല് മുതൽ രാത്രി 11 വരെയെങ്കിലും തന്റെ കടയിൽ വിജയൻ മേശക്കിരിക്കുന്നു. എല്ലാ ഇടാപാടുകളും സ്വന്തം കയ്യും കണ്ണും അറിഞ്ഞ്.. ഇത്രയൊക്കെയായില്ലേ ഇനി കർടന് പിറകിലിരുന്നാൽപോരെയെന്ന് അഭ്യുദയ കാംക്ഷികൾ പറയും. അപ്പോൾ എന്റെ മറുപടി അതൊന്നും ശരിയാവില്ലെന്നാണ്... 
     സ്വന്തമായി ശ്രദ്ധിക്കാത്തതിനാൽ ചില നഷ്ടങ്ങളുണ്ടായി. ആരെങ്കിലും കബളിപ്പിച്ചോ എന്ന ചോദ്യത്തിന് കബളിപ്പിക്കൽ എന്ന വാക്ക് വ്യാപാരത്തിൽ ഇല്ലെന്നായിരുന്ന്ു മറുപടി. മറ്റൊരുത്തനെ കുറ്റപ്പെടുത്തരുത്. പാളിച്ചയുണ്ടായാൽ നിന്റെ അശ്രദ്ധയായി കാണണം എന്നാണ് ഭഗവദ്ഗീത കേൾ്ക്കാറുള്ള എന്റെ തത്വം. 
       അതുപോലെ അവനവനാത്മസുഖത്തിനായി ആചരിക്കുന്നവ അരന്റെ സുഖത്തിനായി വരേണം എന്ന ശ്രീനാരായണ തത്വവും ഞാൻ മുറുകെ പിടിക്കുന്നു. പിന്നെ എനിക്കൊന്നേ പറയാനുള്ളൂ. വിപണിയിലെ ആവശ്യം വിപണിയുടെ സ്വഭാവം എന്നിവ അറിയാതെ  വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി നടത്തരുത്. ഞാൻ വിപണിയുടെ ആളാണ്. രണ്ടാമത് മാത്രമാണ് കർഷകൻ. ഞാൻ വിജയിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം മാർക്കറ്റിൽ നിന്നാണ് ഞാൻ പാടത്തിറങ്ങിയതെന്നതിനാലാണ്.- വിജയൻ പറഞ്ഞു.
     ഭാര്യ രജനി, മക്കളായ അശ്വതി, അഞ്ജലി, മരുമക്കളായ ശരത്, ആദിത്യ, കൊച്ചുമക്കളായ താഷ, നീൽ എന്നിവർക്കൊപ്പം ദുബായിയിലാണ് വിജയൻ സ്ഥിരതാമസം. മരുമക്കൾ വ്യാപാരത്തിൽ സഹായിക്കുന്നു. 
  

വിറ്റപ്പോഴെന്നപോലെ ഇന്നും വിജയൻതന്നെയാണ് തന്റെ കടയിലെ വില്പനക്കാരൻ. പുലർച്ചെ നാലുമുതൽ രാത്രി 11 വരെയെങ്കിലും തന്റെ കടയിൽ വിജയൻ മേശക്കിരിക്കുന്നു.  ഇത്രയൊക്കെയായില്ലേ ഇനി കർട്ടന് പിറകിലിരുന്നാൽപോരേയെന്ന് അഭ്യുദയകാംക്ഷികൾ പറയും. അപ്പോൾ എന്റെ മറുപടി അതൊന്നും ശരിയാവില്ലെന്നാണ്... 
     സ്വന്തമായി ശ്രദ്ധിക്കാത്തതിനാൽ ചില നഷ്ടങ്ങളുണ്ടായി. ആരെങ്കിലും കബളിപ്പിച്ചോ എന്ന ചോദ്യത്തിന് കബളിപ്പിക്കൽ എന്ന വാക്ക് വ്യാപാരത്തിൽ ഇല്ലെന്നായിരുന്നു മറുപടി. മറ്റൊരുത്തനെ കുറ്റപ്പെടുത്തരുത്. പാളിച്ചയുണ്ടായാൽ നിന്റെ അശ്രദ്ധയായി കാണണം എന്നാണ് ഭഗവദ്ഗീത കേൾക്കാറുള്ള എന്റെ തത്ത്വം. 

എനിക്കൊന്നേ പറയാനുള്ളൂ. വിപണിയിലെ ആവശ്യം വിപണിയുടെ സ്വഭാവം എന്നിവ അറിയാതെ  വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി നടത്തരുത്. ഞാൻ വിപണിയുടെ ആളാണ്. രണ്ടാമത് മാത്രമാണ് കർഷകൻ. ഞാൻ വിജയിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം മാർക്കറ്റിൽ നിന്നാണ് ഞാൻ പാടത്തിറങ്ങിയതെന്നതിനാലാണ്.- വിജയൻ പറഞ്ഞു.


 ഭാര്യ രജനി, മക്കളായ അശ്വതി, അഞ്ജലി, മരുമക്കളായ ശരത്, ആദിത്യ, കൊച്ചുമക്കളായ താഷ, നീൽ എന്നിവർക്കൊപ്പം ദുബായിയിലാണ് വിജയൻ സ്ഥിരതാമസം. മരുമക്കൾ വ്യാപാരത്തിൽ സഹായിക്കു ന്നു