‘‘ജനങ്ങളോടൊപ്പം സമൂഹ വികസനത്തിന്റെ ഭാഗമായി നിലകൊള്ളുകയാണ് ഓരോ ഭരണാധികാരിയുടെയും ധർമം. രാഷ്ട്രത്തെ സമൃദ്ധിയിലേക്ക് നയിക്കുന്നവനാവണം ഒരു നല്ല ഭരണാധികാരി. ജനങ്ങളുടെ കൂടെ നിൽക്കാനായാൽ മാത്രമാണ് അത് സാധിക്കുക’’ -യു.എ.ഇ.യുടെ  രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വാക്കുകൾ.  ദീർഘദർശിയായ ആ മഹാത്മാവിന്റെ നാമത്തിലാണ് യു.എ.ഇ. 2018-നെ അടയാളപ്പെടുത്തുന്നത്. 2017 ദാനവർഷമായി ലോകത്തിനുമുന്നിൽ കൊണ്ടാടുന്ന രാജ്യം അടുത്തവർഷം രാഷ്ട്രപിതാവിന്റെ ഓർമയ്ക്കായി സമർപ്പിക്കുമ്പോൾ അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും കടപ്പാടുമെല്ലാം  അതിൽ അടങ്ങുന്നുണ്ട്. സ്വദേശികളെപ്പോലെ തന്നെ യു.എ.ഇ.യിൽ ജീവിക്കുന്ന പ്രവാസികളും ഒരിക്കലെങ്കിലും ഇവിടെയെത്തിയ സന്ദർശകരും പ്രവാസികളുടെ കുടുംബങ്ങളുമെല്ലാം സ്നേഹത്തോടെ ആ മഹാപുരുഷന്റെ  ഓർമകൾക്കുമുന്നിൽ നമിക്കുന്നു. രാജ്യത്തിന്റെ സായിദ് വർഷാചരണം തുറന്നിടുന്ന ഒരുപാട് മാനങ്ങളുണ്ട്. മണൽക്കൂനകളും കള്ളിമുൾച്ചെടികളും ഈന്തപ്പനകളും മാത്രമുണ്ടായിരുന്ന ഒരു രാജ്യത്തെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തിയതിന് പിറകിലെ ചിന്തകളുടെ, പ്രവർത്തനങ്ങളുടെ...അങ്ങനെ ഒരുപാട്. 
ഏറ്റവും പരിമിതമായ സാഹചര്യങ്ങളിലൂടെ, പൊള്ളുന്ന യാഥാർഥ്യങ്ങളിലൂടെ പാകപ്പെട്ടതുകൊണ്ടാവണം ഇന്നത്തെ യു.എ.ഇ.ക്ക് ഇത്ര കെട്ടുറപ്പ് കൈവന്നത്. പുറം വേനൽച്ചൂടിൽ വെന്തുപോകുമ്പോഴും ഉള്ളിൽ തേൻമധുരം കാത്തുവെക്കുന്ന ഈന്തപ്പഴത്തിനും യു.എ.ഇ.ക്കും ഒരേ ഭാവമാവാം. മുത്തുച്ചിപ്പി വാരലിൽനിന്ന് തുടങ്ങി ലോകത്തിലെ മുത്തായി സ്വയം മാറിയ കഥയാണ് യു.എ.ഇ.യുടേത്. ഇന്ന് ലോകത്തിലെ ഇരുന്നൂറോളം രാജ്യങ്ങളിൽനിന്നുള്ളവരുടെ ഇഷ്ടയിടമാണ് യു.എ.ഇ. ജോലി ചെയ്യാനും കുടുംബമായി താമസിക്കാനും സുരക്ഷിതത്വത്തിന്റെ കാര്യത്തിലുമെല്ലാം ലോകത്തിലെ മികച്ച രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ. എത്തിനിൽക്കുന്നത്. രാജ്യത്തിന്റെ പൈതൃകത്തിലൂടെയും സംസ്കൃതിയിലൂടെയും സഞ്ചരിച്ചാൽ ആ നേട്ടത്തിന്റെ ഉത്തരം എളുപ്പത്തിൽ നമുക്ക് ലഭിക്കും. 

മൺകട്ടകളും കളിമണ്ണും കൊണ്ടുണ്ടാക്കിയ വീടുകളുപയോഗിച്ചിരുന്ന സമൂഹത്തിലെ ഉയർന്ന നിലയിലുള്ള ചുരുക്കമാളുകൾക്കപ്പുറം ഭൂരിഭാഗവും താമസിച്ചിരുന്നത് പനയോലകൾ നെയ്ത ചെറിയ വീടുകളിലായിരുന്നു ഒരുകാലത്ത്. ശൈഖ് സായിദിന്റെ നേതൃത്വത്തിൽ അറുപതുകളിൽ അബുദാബിയിൽ നാഗരാസൂത്രണം വരുന്നതോടെയാണ് ഈ സാഹചര്യങ്ങളിൽ പ്രകടമായ മാറ്റങ്ങൾക്ക് തുടക്കമാവുന്നത്. വെള്ളമോ വൈദ്യുതിയോ ഇല്ലാതിരുന്ന അന്ന് കഴുതപ്പുറത്ത് കെട്ടിക്കൊണ്ടുവന്ന വിറകുകൾ കത്തിച്ചാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. 
ഉപ്പുകലർന്ന വെള്ളം മാത്രമാണ് അന്ന് അബുദാബിയിൽ ലഭിച്ചിരുന്നതും. വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളൊന്നും കേട്ടുകേൾവിയില്ലാത്ത കാലം. അൽ ഐൻ, ലിവ തുടങ്ങിയ ഭാഗങ്ങളിലാണ് അന്ന് ശുദ്ധജലമുണ്ടായിരുന്നത്. 1961-ൽ അബുദാബിയിൽ ആദ്യമായി വെള്ളത്തിൽനിന്ന് ഉപ്പ് വേർതിരിച്ച് ശുദ്ധജലം ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കം കുറിക്കുന്നതുവരെ ഉപ്പുവെള്ളം കുടിച്ചാണ് തലമുറ കഴിഞ്ഞിരുന്നത്. യു.എ.ഇ.യുടെ വിശിഷ്യാ അബുദാബിയുടെ ചരിത്രത്തിലെ വലിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു അന്നത്തെ ഡീസാലിനേഷൻ പ്ലാന്റിന്റെ വരവ്. ശൈഖ് റാഷിദിന്റെ നേതൃത്വത്തിൽ ദുബായിലും വികസനത്തിന്റെ ആദ്യചുവടുകൾ ഇതേകാലത്ത്  നടക്കുന്നുണ്ടായിരുന്നു. മരുഭൂമിയിലെ ആദിമ നിവാസികളായ ബദവികൾ എന്നറിയപ്പെടുന്ന ബദുക്കളുടെ ആതിഥ്യമര്യാദയും സംസ്കൃതിയുടെ ഏറ്റവും മികച്ച നിതാന്തങ്ങളായി ഇന്നും തുടരുന്നു. 
ഇന്ന് ലോകം യു.എ.ഇ.യുടെ അതിഥിയാവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഇവിടെ പടുത്തുയർത്തിയ നിർമിതികളോടുള്ള ആകർഷണം ഒന്നുകൊണ്ട് മാത്രമാവില്ല എന്ന് പൂർവ പിതാമഹന്മാരുടെ ആതിഥ്യമര്യാദകളെപ്പറ്റിയുള്ള അറിവുകൾ ഓർമപ്പെടുത്തുന്നു. സഞ്ചാരികൾക്ക് വെള്ളവും ഭക്ഷണവും സംരക്ഷണവും നൽകിയ പൈതൃകം തന്നെയാണ് ലോകത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ യു.എ.ഇ.യുടെ പേര് സ്വർണലിപികളിൽ ഇന്ന് ഉറപ്പിച്ച് നിർത്തുന്നതും.

അറുപതുകളുടെ അവസാനത്തോടെയാണ് ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും അബുദാബിയിൽ സജീവമാകുന്നതെങ്കിലും അൻപതുകളുടെ അവസാനത്തോടെ എണ്ണവ്യവസായത്തിന് തുടക്കമായിരുന്നു. 1962-ൽ എണ്ണ വഹിച്ചുകൊണ്ടുള്ള ആദ്യകപ്പൽ യൂറോപ്പിലേക്ക് യാത്ര തിരിക്കുന്നതോടെയാണ് വികസനരംഗത്തെ വലിയ കുതിച്ചുചാട്ടങ്ങൾക്ക് തുടക്കമാവുന്നത്. ലോകമാധ്യമങ്ങളിൽ അബുദാബിയെന്ന പേര് കേട്ടുതുടങ്ങുന്നും തുടർന്നിങ്ങോട്ടാണ്. എണ്ണ ഉത്പാദക രാജ്യമെന്ന വലിയ പദവിയായിരുന്നു അതോടെ അബുദാബിക്ക് ലഭിച്ചത്. തലമുറകളുടെ സഹനത്തിനും യാതനകൾക്കും അതോടെ അർഥമുണ്ടായിത്തുടങ്ങുകയായിരുന്നു. പിന്നീട് എണ്ണവ്യവസായം രാജ്യത്തെ ഒന്നുമില്ലായ്മയിൽനിന്നും ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുന്ന സമയത്തും ശൈഖ് സായിദെന്ന പ്രജാക്ഷേമ തത്പരനായ ഭരണാധികാരിയുടെ ഒരു വാചകം അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ശക്തമായി രേഖപ്പെടുത്തുന്നു -‘‘അറേബ്യൻ ജനതയുടെ രക്തത്തെക്കാൾ അമൂല്യമല്ല അറേബ്യയിലെ എണ്ണ...’’ 
ശൈഖ് സായിദിന്റെ ഭരണമേഖലയായ അബുദാബിയും അൽ ഐനുമെല്ലാം പതിയെ വാണിജ്യവ്യവസായ രംഗങ്ങളിൽ ശക്തിയാർജിച്ച് വന്നു. വികസനോന്മുഖമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമ്പോഴും പൈതൃകസ്മരണകൾ നിലനിർത്താൻ ശൈഖ് സായിദ് ശ്രദ്ധിച്ചു. പ്രകൃതിക്ക് കോട്ടം തട്ടാത്ത സുസ്ഥിരതയിലൂന്നിയ തൊഴിൽ വ്യവസായ സംവിധാനങ്ങൾക്കാണ് ശൈഖ് സായിദ് ഊന്നൽ നൽകിയത്. മനുഷ്യവിഭവശേഷിയിൽ ഏറെ പ്രതീക്ഷയർപ്പിച്ച അദ്ദേഹം യു.എ.ഇ.യിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകി. രാജ്യം പതിയെപ്പതിയെ അഭിവൃദ്ധിയിലേക്ക് കടക്കുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരുമായും നല്ല ബന്ധം വാർത്തെടുക്കുന്നതിൽ ഏറെ ശ്രദ്ധപുലർത്തിയ രാഷ്ട്രനേതാവായിരുന്നു ശൈഖ് സായിദ്. യു.എ.ഇ. ഇന്ന് എല്ലാത്തരമാളുകൾക്കും ഏറെ പ്രാപ്യമായ രാഷ്ട്രമായി മാറിയതിനുപിറകിൽ വിശാലമായ ആ കാഴ്ചപ്പാട് തന്നെയാണ്. 
യു.എ.ഇ.യുടെ രൂപവത്‌കരണത്തിൽ കാണിച്ച സമീപനം തന്നെയാണ് വിദേശനയങ്ങളിലും ശൈഖ് സായിദ് പ്രവർത്തികമാക്കിയത്. അറബ് രാജ്യങ്ങളോടൊപ്പം മറ്റ് ലോകരാജ്യങ്ങളുമായും സഹകരണത്തോടെ നീങ്ങിയ യു.എ.ഇ. എല്ലാ അന്താരാഷ്ട്ര സഹകരണ ഉടമ്പടികളിലും ഭാഗമായി. ആധുനിക യു.എ.ഇ.യുടെ ശില്പിയായ അദ്ദേഹം ആസ്പത്രികൾ, വിദ്യാലയങ്ങൾ, റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ നിർമാണങ്ങൾക്ക് മുഖ്യപരിഗണന നൽകി. ഹെക്ടർ കണക്കിന് മരുഭൂമി കൃഷിക്കനുയോജ്യമാക്കി സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്കും ശൈഖ് സായിദ് തുടക്കം കുറിച്ചു. മരുഭൂമിയുടെ ഹൃദയതാളം മനസ്സിലാക്കിയതുകൊണ്ടാണ് തനിക്ക് ആധുനികമായ ഒരു രാജ്യം കെട്ടിപ്പടുക്കാൻ കഴിഞ്ഞതെന്ന് ശൈഖ് സായിദ് ഒരിക്കൽ പറയുകയുണ്ടായി. 

 ശൈഖ് സായിദിന്റെ ഓർമകളുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രം അടുത്തവർഷം സായിദ് വർഷാചരണം നടത്തുക. രാഷ്ട്രനിർമാണത്തിന് ഊർജമേകുന്ന പ്രവർത്തനങ്ങളാണ് വർഷാചരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. അതിന്റെ അലയടികൾ സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുന്ന വിധത്തിലാണ് രാഷ്ട്രം ഒരുങ്ങുന്നത്. പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടുള്ള യാത്രയുടെ അവസാനമാണ് വിജയം, അല്ലെങ്കിൽ പ്രതിസന്ധികൾ തരണം ചെയ്യുന്നതുതന്നെയാണ് വിജയം. ഇത്തരത്തിൽ ഇന്നത്തെ യു.എ. ഇ.യുടെ വളർച്ചയുടെ പിറകിലെ പ്രതിസന്ധിഘട്ടങ്ങളെല്ലാം തരണം ചെയ്യാൻ ഒരു ജനതയെ പ്രാപ്തമാക്കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ആശയങ്ങൾ യു.എ.ഇ. യിലെ ജനങ്ങൾക്ക് മാത്രമല്ല ലോകത്തിന് മുഴുവനും പ്രചോദനമാണ്.