റഹ്മാനെന്ന സംഗീതചക്രവര്‍ത്തിക്കൊപ്പം അജ്മീറിലെ ഖ്വാജാ മൊയ്നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലേക്ക് നടത്തിയ യാത്രയേയും അദ്ദേഹത്തിനൊപ്പം ചെലവഴിച്ച മുഹൂര്‍ത്തങ്ങളെയും കുറിച്ച് മാതൃഭൂമി മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്ട്രോണിക്  മീഡിയ ഡയറക്ടര്‍  എം.വി. ശ്രേയാംസ് കുമാര്‍  എഴുതുന്നു

ഇന്ത്യക്കാരെപോലെ സംഗീതം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ജനത ലോകത്ത് അധികമുണ്ടാവില്ല. വൈവിധ്യപൂര്‍ണവും സമ്പന്നവുമായ സംഗീതപാരമ്പര്യത്തിന് ഉടമകളാണ് നമ്മള്‍. ഹിന്ദുസ്ഥാനി, കര്‍ണാടിക്, ഫോക്ക് ധാരകളുടെ സങ്കലനമാണ് ഇന്ത്യന്‍ സംഗീതത്തിന്റെ കരുത്ത്. ഇന്ത്യയില്‍ ഉദയംകൊള്ളുന്ന വലിയ സംഗീതജ്ഞരെല്ലാം ഈയൊരു പാരമ്പര്യത്തില്‍നിന്ന് കരുത്താര്‍ജിച്ചവരുമാണ്.

മദ്രാസ് മൊസാര്‍ട്ട് എന്ന പേരില്‍ വിശ്വവിഖ്യാതനായിമാറിയ എ.ആര്‍. റഹ്മാന്റെയും ഊര്‍ജസ്രോതസ്സ് ഇന്ത്യന്‍ സംഗീതപാരമ്പര്യംതന്നെ. നമ്മുടെ പാരമ്പര്യസംഗീതത്തിലേക്ക് പാശ്ചാത്യസംഗീതത്തിന്റെ ചടുലതയെ സന്നിവേശിപ്പിക്കാനുള്ള പരീക്ഷണം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ പലരും നടത്തിയിട്ടുണ്ട്. പക്ഷേ, ഭിന്നമായ ഈ സംഗീതസമ്പ്രദായങ്ങളുടെ തനിമയും വ്യക്തിത്വവും നഷ്ടമാവാതെ ലയിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് റഹ്മാന്റെ മികവ്. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും അതിരുകള്‍ കടന്ന് റഹ്മാന്റെ സംഗീതംലോകം മുഴുവന്‍ ഏറ്റെടുക്കാനുള്ള കാരണവും അതുതന്നെ. ഓസ്‌കര്‍, ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ ഇന്ത്യയിലേക്കെത്തിച്ചു എന്നതിനപ്പുറം ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ റഹ്മാന്റെ സംഗീതം തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നതും നമുക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന്റെയും യുവതയുടെയും അഭിമാനമായ റഹ്മാനെ യു.എ.ഇ.യിലെ സംഗീതപ്രണയികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ മാതൃഭൂമിക്ക് ഏറെ ചാരിതാര്‍ഥ്യമുണ്ട്. 

നിങ്ങളെയെല്ലാവരെയുംപോലെ ഒരു കടുത്ത റഹ്മാന്‍ആരാധകനാണ് ഞാനും. റോജ, കാതലന്‍, ബോംബെ തുടങ്ങിയ സിനിമകളില്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ നെഞ്ചിലേറ്റിയ യൗവനം എനിക്കുമുണ്ടായിരുന്നു. റഹ്മാനെ നേരില്‍ കാണുകയെന്നത് ഞങ്ങളുടെയൊക്കെ വലിയ മോഹവുമായിരുന്നു. മുംബൈയിലെ തെരുവുജീവിതം ആവിഷ്‌കരിച്ച സ്ലം ഡോഗ് മില്യനയര്‍ എന്ന ഹോളിവുഡ് സിനിമയിലെ ജയ് ഹോ എന്ന ഗാനം ഓസ്‌കര്‍ നേടിയതോടെ റഹ്മാന്‍ ഒരു ലഹരിയായി മാറി. ഓസ്‌കര്‍ നേടി അധികം കഴിയും മുന്‍പാണ് അദ്ദേഹത്തെ നേരില്‍ കാണാനും അടുത്തിടപഴകാനും എനിക്ക് അവസരം ലഭിച്ചത്. റഹ്മാന്‍ ഏറെ ആദരിക്കുന്ന അജ്മീറിലെ പരിപാവനമായ ഖ്വാജാ മൊയ്നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലേക്കുള്ള യാത്രയിലായിരുന്നു അത്. ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹവുമായി സംവദിച്ചു. റഹ്മാനൊപ്പം സ്ലം ഡോഗ് മില്യനയറിലെ പ്രകടനത്തിന് ഓസ്‌കര്‍ അവാര്‍ഡ് നേടിയ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിയും വിശ്വോത്തര സംവിധായകനും നടനുമായ ശേഖര്‍ കപൂറും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

പതിനായിരങ്ങള്‍ നിത്യവും വന്നുപോകുന്ന പുണ്യനഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള യജ്ഞവുമായായിരുന്നു റഹ്മാന്‍ അജ്മീറില്‍ എത്തിയത്. ഞങ്ങള്‍ക്ക് അതില്‍ പങ്കുചേരാനുള്ള അവസരം ലഭിച്ചതും ഒരുപക്ഷേ, ഖ്വാജായുടെ അനുഗ്രഹമായിരിക്കാം. മധ്യപ്രദേശിലെ വനങ്ങളിലൂടെയുള്ള വര്‍ഷാന്തവെക്കേഷന്‍ യാത്രയിലായിരുന്നു ഞാന്‍. വെള്ളവും പക്ഷികളുമില്ലാത്ത ഭരത്പുര്‍ കണ്ട് ബാന്ധവ്ഗഢിലേക്കും കാന്‍ഹ നാഷണല്‍ പാര്‍ക്കിലേക്കും നീങ്ങുന്നതിനിടെ ഗ്വാളിയോറിലെത്തി വിശ്രമിക്കുമ്പോഴാണ് റഹ്മാന്‍ ജയ്പുരിലെത്തുന്ന വിവരം അറിയുന്നത്. ഡല്‍ഹിയില്‍നിന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥാണ് വിവരം അറിയിച്ചത്, ജയ്പുരിലെത്തണം. റഹ്മാന്‍ രാവിലെത്തന്നെ വരും. റസൂലും ശേഖര്‍ കപൂറും ഉണ്ടാവും. രാവിലെ മാതൃഭൂമിയുടെ വക ഓസ്‌കര്‍ ജേതാക്കള്‍ക്ക് ഒരു പ്രഭാതവിരുന്നുകൂടിയാവാം. 

ഓസ്‌കര്‍ നേടിയശേഷം വിശ്രമിക്കാന്‍പോലും സമയമില്ലാത്ത സഞ്ചാരത്തിലാണ് റഹ്മാനും പൂക്കുട്ടിയും. മുന്‍കൂട്ടി തയ്യാറാക്കാത്ത ഒരു പരിപാടിയിലും പങ്കെടുക്കുകയില്ല. പിറ്റേന്ന് ബരാക് ഒബാമയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്കു പോകാനിരിക്കുന്നവരാണ്. ഏതായാലും ജയ്പുരിലെ താജ് ഹോട്ടലില്‍ വിരുന്നിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. രാജസ്ഥാന്‍ പത്രികയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ഗുലാബ് ചന്ദ് കോത്താരിയെയും വിരുന്നിന് വിളിച്ചു. കോത്താരിയുമായി മാതൃഭൂമിക്ക് വര്‍ഷങ്ങള്‍നീണ്ട ബന്ധമുണ്ട്. പിതൃതുല്യമായ സ്‌നേഹത്തോടെ പെരുമാറുന്ന അദ്ദേഹം ഗുരുവും സുഹൃത്തും വഴികാട്ടിയുമാണ്. അദ്ദേഹത്തെ വിളിച്ചപ്പോള്‍ ശാസനയും സ്‌നേഹവുംകലര്‍ന്ന നിര്‍ബന്ധം, വിരുന്ന് മറ്റെവിടെയും പറ്റില്ല, തന്റെ വീട്ടില്‍ത്തന്നെ വേണം. ഇത്തരം കാര്യങ്ങളിലൊക്കെ തീവ്രമായ ഇഷ്ടാനിഷ്ടങ്ങളും ശ്രദ്ധയുമുള്ള റഹ്മാന്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലും അതിനു സമ്മതിക്കേണ്ടി വന്നു. 

ഞാനും മാതൃഭൂമിയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജറായ കെ.ആര്‍. പ്രമോദും അവിടെ എത്തുമ്പോഴേക്കും മുംബൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ റഹ്മാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ക്ഷമയോടെ മറ്റുള്ളവര്‍ക്കായി കാത്തുനില്‍ക്കുകയാണ്. ശേഖര്‍ കപൂറും റസൂലുമുണ്ട് കൂടെ. കൊല്ലം എം.പി.യായിരുന്ന പീതാംബരക്കുറുപ്പും സുധീര്‍നാഥും ഡല്‍ഹിയില്‍നിന്നു വന്നിട്ടുണ്ട്. നേരെ കോത്താരിയുടെ വീട്ടിലേക്ക്. 

കോത്താരിയുടെ വീട്ടിലെ വിരുന്ന് ഒരനുഭവംതന്നെയായിരുന്നു. അപൂര്‍വമായ വിഭവങ്ങളും സ്‌നേഹപൂര്‍ണമായ ആതിഥ്യവുംകൊണ്ട് കോത്താരിയും കുടുംബവും ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. ''എനിക്ക് രണ്ട് ഇഡ്ഡലിയും കുറച്ച് സാമ്പാറും മതി. അതാണ് എന്റെ ഫേവറിറ്റ് ബ്രേക്ക്ഫാസ്റ്റ്.'' യാതൊരു ജാടയുമില്ലാതെ റഹ്മാന്‍ പറഞ്ഞു. സ്വകാര്യത ഇഷ്ടപ്പെടുന്ന, അധികം സംസാരിക്കാത്ത പതിവു റഹ്മാനല്ല അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. പൊട്ടിച്ചിരിച്ചും തമാശപറഞ്ഞും വിരുന്നിലുടനീളം സജീവമായി അദ്ദേഹം പങ്കെടുത്തു. 

അതിനുശേഷം അജ്മീറിലേക്ക്. അവിടെ കുന്തന്‍നഗറിലെ വലിയ ഒരു വീടിനു മുന്നിലേക്ക് റഹ്മാന്‍ ഞങ്ങളെ നയിച്ചു. മൂന്നുനിലയുള്ള വീട്. പത്തടിപൊക്കമുള്ള മതില്‍. ''ഇത് എന്റെ വീടാണ്. വരൂ, നമുക്കൊന്നു ഫ്രഷ് ആയിട്ടു പോകാം.'' റഹ്മാന്റെ ക്ഷണം. ഇരുമ്പ് ഗേറ്റും പുല്‍ത്തകിടിയും പൂന്തോട്ടവും തൂങ്ങിയാടുന്ന ഗാര്‍ഡന്‍ചെയറും പിന്നിട്ട് അകത്തേക്കു കയറുമ്പോള്‍ റഹ്മാന്‍ ഒരു കാര്യം മാത്രം നിര്‍ബന്ധിച്ചു. ഈ വീടിന്റെ ഫോട്ടോ എടുക്കരുത്. അജ്മീറുമായുള്ള വൈകാരികബന്ധത്തിന്റെ അടയാളമായി അമ്മ കരീമാ ബീഗത്തിന്റെ പേരില്‍ വാങ്ങിയതാണ് ഈ വീട്. 
ഞങ്ങളാ വീട് ചുറ്റിനടന്നുകണ്ടു. അകത്തെ മുറികളൊന്നും ആര്‍ഭാടമുള്ളവയല്ല. കുറച്ച് ഇരിപ്പിടങ്ങള്‍ മാത്രം. സാന്ദ്രസംഗീതംപോലെ, ഗാഢമായ മൗനം ആ വീടിനെ ചൂഴ്ന്നുനില്‍ക്കുന്നു. റഹ്മാന്റെ ചൗക്കീദാര്‍ ചൂടുചായയുമായെത്തി. റസൂല്‍ അതെല്ലാവര്‍ക്കും എടുത്തുനല്‍കി. ''അജ്മീര്‍ തടാകത്തിലേക്കു പോകണം. അതിനുശേഷം ദര്‍ഗയുടെ പരിസരങ്ങള്‍ നടന്നുകാണണം.'' റഹ്മാന്‍ പറഞ്ഞു. അനാസാഗര്‍ തടാകക്കരയിലേക്കാണ് ആദ്യം പോയത്. അവിടെ ഏറെനേരം നടന്ന്, അജ്മീറിനെ നേരില്‍ കണ്ടറിഞ്ഞ്, ഞങ്ങള്‍ ദര്‍ഗയിലേക്കു പോയി. കാത്തുനില്‍ക്കുന്ന മാധ്യമപ്പടയെ ഒഴിവാക്കാന്‍ ചുറ്റിവളഞ്ഞ് ഒമ്പതാം നമ്പര്‍ ഗേറ്റിലൂടെയാണ് ഞങ്ങള്‍ ദര്‍ഗയില്‍ പ്രവേശിച്ചത്. പരിപാവനമായ ദര്‍ഗ പൊടുന്നനെ ഞങ്ങളെ ശാന്തരും സന്തുഷ്ടരുമാക്കി. എന്തെന്നില്ലാത്ത സമാധാനം പകരുന്ന ഒരു നിശ്ശബ്ദത ഞങ്ങളെ പൊതിഞ്ഞു. പ്രാര്‍ഥനാനിരതരായി, നിശ്ശബ്ദരായി നിരവധിപേര്‍ വിശാലമായ മുറ്റത്ത് ഇരിക്കുന്നു. ദര്‍ഗയുടെ വാതിലും മകുടവും ഇപ്പോള്‍ കാണാം. മാര്‍ബിളില്‍ തീര്‍ത്ത മകുടത്തില്‍ അഗ്രത്തായി ഒരു സ്വര്‍ണസ്തൂപം. വെള്ളിയില്‍ ചെറിയ ലൈനിങ്. ഇവിടെയാണ് പാവപ്പെട്ടവരുടെ രക്ഷകന്‍, ഗരീബ് നവാസ് എന്നറിയപ്പെട്ടിരുന്ന ഖ്വാജാ മൊയ്നുദ്ദീന്‍ ചിസ്തിയുടെ ഖബറിടം. പേര്‍ഷ്യയില്‍നിന്ന് മുഹമ്മദ് ഘോറിക്കൊപ്പം ഇന്ത്യയിലെത്തിയ സൂഫിവര്യനായിരുന്നു അദ്ദേഹം. 

ചന്ദനത്തിരികളുടെ ഗന്ധം ചൂഴ്ന്നുനില്‍ക്കുന്ന മുറ്റം താണ്ടി, ചുവന്നുതുടുത്ത റോസാപ്പൂക്കളുടെ ചൂരല്‍ത്താലങ്ങള്‍ തലയിലേന്തി ദര്‍ഗയിലേക്ക് പ്രവേശിക്കുന്നവര്‍ക്കിടയിലൂടെ ഞങ്ങളും അകത്തേക്കു കടന്നു. എല്ലാവരുടെ തലയിലും ഖാദിം തൊപ്പി ധരിപ്പിച്ചു. ദര്‍ഗയുടെ അകത്ത് ശിരസ്സ് മൂടിയിരിക്കണം. 20 മിനിറ്റോളം ഞങ്ങള്‍ പ്രാര്‍ഥിച്ചു. 
ഉച്ചവെയില്‍ മൂത്തു. എല്ലാവര്‍ക്കും വിശക്കുന്നു. അജ്മീറിലെ ഒരു ലോഡ്ജിലാണ് ഉച്ചഭക്ഷണം. റഹ്മാന് വേണ്ടപ്പെട്ട സ്ഥലമാണ്. അകത്തെ കട്ടിലില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. വിഭവസമൃദ്ധമായ ഊണ്. റഹ്മാന്‍തന്നെ എല്ലാവര്‍ക്കും സ്വന്തം കൈകൊണ്ട് വിളമ്പിത്തന്നു. പ്രമോദിനു പ്രത്യേക വാത്സല്യത്തോടെ, വിശപ്പുമാറുംവരെ. റഹ്മാന്‍ നല്ല മൂഡിലായിരുന്നു. കളിയും ചിരിയുമായി ഓടിനടക്കുന്നു. 

വൈകുന്നേരത്തെ ഫ്‌ളൈറ്റില്‍ അമേരിക്കയിലേക്കു പോകണം. ഇനി സമയമില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വാഹനങ്ങള്‍ ഒരുങ്ങി. ഇപ്പോള്‍ അജ്മീര്‍-ജയ്പുര്‍ റോഡിന് ദൂരം കുറഞ്ഞതുപോലെ. പോയതിനെക്കാള്‍ വേഗത്തില്‍ ഞങ്ങളുടെ വാഹനവ്യൂഹം തിരിച്ചുപറന്നു. 
മടങ്ങുമ്പോള്‍ മനസ്സില്‍ റഹ്മാന്റെ ഗാനം നിറഞ്ഞുനിന്നു. ഖ്വാജാ മേരെ ഖ്വാജാ... റഹ്മാന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി. അജ്മീര്‍ യാത്ര പുണ്യയാത്രയാണ്. മനസ്സിനു കരുത്തേറ്റുന്ന എന്തോ ഒന്ന് അജ്മീറില്‍നിന്ന് നമുക്കു കിട്ടുന്നുണ്ട്. ശാന്തിയുടെ വെയില്‍നാളങ്ങള്‍ മനസ്സിനെ പൊതിയുന്നു. അജ്മീറില്‍ വരാന്‍ പുണ്യംവേണം. അത് റഹ്മാനെപ്പോലൊരാളുടെ കൂടെയാവാന്‍ അതിലേറെ പുണ്യംവേണം. 
2009-ല്‍ 'ജയ്‌ഹോ' എന്ന സംഗീത പരിപാടിയുമായി മാതൃഭൂമിയുടെ സ്വന്തം നാടായ കോഴിക്കോട്ട് എത്തിയപ്പോള്‍ റഹ്മാനെ നഗരം സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. മനംനിറഞ്ഞാണ് റഹ്മാന്‍ തിരിച്ചുപോയത്, ഈ നഗരത്തിലേക്ക് ഇനിയും വരുമെന്ന വാഗ്ദാനത്തോടെ. അദ്ദേഹം അത് പാലിച്ചു. 
2013 ഡിസംബറില്‍ വീണ്ടും  കോഴിക്കോട്ട് വന്നു. അന്നും ഞങ്ങള്‍ കണ്ടുമുട്ടി. യുവ വ്യവസായിയായ പി.കെ. ഫൈസലിന്റെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. അജ്മീര്‍ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ അയവിറക്കിയാണ് സംസാരിച്ചുതുടങ്ങിയത്. കോഴിക്കോടിന്റെയും കേരളത്തിന്റെയും സംഗീതപാരമ്പര്യത്തെക്കുറിച്ച് റഹ്മാന്‍ താത്പര്യപൂര്‍വം സംസാരിച്ചു. എന്റെ അനുഭവത്തില്‍നിന്ന് ഉറപ്പിച്ച് പറയാനാവും, സംഗീതലോകം കീഴടക്കിയ ചക്രവര്‍ത്തിയാവാം റഹ്മാന്‍. എത്ര ഉയരത്തിലെത്തിയാലും ഹൃദയത്തില്‍ വിശുദ്ധിയും എളിമയും സൂക്ഷിക്കുന്ന ഒരു സാധാരണക്കാരനാണ് അദ്ദേഹം. 
ദുബായില്‍ മാതൃഭൂമി ഇപ്പോള്‍ സംഘടിപ്പിക്കുന്ന റഹ്മാന്‍ ലൈവിനെക്കുറിച്ച് സംസാരിക്കുന്നതിന് കഴിഞ്ഞമാസം അദ്ദേഹം ദുബായില്‍ വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും കണ്ടു. കാനഡയിലെ ഒന്റാറിയോയിലെ ഒരു തെരുവിന് റഹ്മാന്റെ പേര് (അല്ലാ രഖാ റഹ്മാന്‍ സ്ട്രീറ്റ്) നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അവിടെ പോയി തലേദിവസം രാത്രി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. 
ഏഴുവര്‍ഷം മുന്‍പാണ് അദ്ദേഹം യു.എ.ഇ.യില്‍ ഇതിനു മുന്‍പ് സംഗീതപരിപാടി അവതരിപ്പിച്ചത്. ഒരിക്കല്‍കൂടി ഇവിടുത്തെ സംഗീതപ്രണയികള്‍ക്കു മുന്നില്‍ ഷോ ചെയ്യാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണം തുടങ്ങിയത്. ദുബായിലെ ഡുസത്താനി ഹോട്ടലില്‍ മാതൃഭൂമി റഹ്മാന്‍ ലൈവിനെക്കുറിച്ച് അറിയിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പത്രസമ്മേളനം നടത്തി. യു.എ.ഇ.യിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍കൂടി എത്തുന്നതിന്റെ സന്തോഷം അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. 
പത്രസമ്മേളത്തിനുശേഷം ഞങ്ങളൊരുമിച്ചുതന്നെ ഉച്ചഭക്ഷണം കഴിച്ചു. മുന്‍പ് അജ്മീറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് അപ്പോഴുമദ്ദേഹം സംസാരിച്ചു. പോവുന്നതിന് മുന്‍പ് ഒരുറപ്പുകൂടി തന്നു. ഇന്നേവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം നടത്തിയ സംഗീതവിരുന്നുകളില്‍ ഏറ്റവും മികച്ച ഒന്നായിരിക്കും ഇത്തവണ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ പോവുന്നത് എന്ന്.