പെന്‍ഷന്‍ കിട്ടാനൊക്കെ എത്ര കാത്തിരിക്കണമെന്നാണു പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ മടിക്കുന്ന യുവജനങ്ങളില്‍ പലരുടെയും പ്രതികരണം. എന്നാല്‍ പെന്‍ഷന്‍ മാത്രം നല്‍കുന്നതിനു വേണ്ടിയുള്ള പദ്ധതിയല്ല പ്രവാസി ക്ഷേമ നിധിയെന്നതാണ് യാഥാര്‍ഥ്യം. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കു പെന്‍ഷന്‍ കൂടാതെ മറ്റു പല ആനുകൂല്യങ്ങളുമുണ്ട്. കുടുംബപെന്‍ഷന്‍, ചികിത്സാസഹായം, വിവാഹസഹായം തുടങ്ങിയ സഹായ പദ്ധതികള്‍ക്കുള്ള അര്‍ഹത കൂടിയാണു ക്ഷേമനിധി അംഗത്വത്തിലൂടെ ലഭിക്കുക. ഇതെക്കുറിച്ചു ശരിയായ ധാരണയില്ലാതെ പെന്‍ഷന്‍ വേണ്ടെന്നുപറഞ്ഞു പലരും പദ്ധതിയെ അവഗണിക്കുകയാണു ചെയ്യുന്നത്.

കുടുംബപെന്‍ഷന്‍

അഞ്ചുവര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ചു പെന്‍ഷന് അര്‍ഹത നേടിയ അംഗം മരിച്ചാല്‍ ആശ്രിതര്‍ക്കു പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണു കുടുംബപെന്‍ഷന്‍. ഭാര്യ, 21 വയസിനു താഴെ പ്രായമുള്ള മക്കള്‍, ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍, അവിവാഹിതരായ പെണ്‍മക്കള്‍, ആശ്രിതരായ മാതാപിതാക്കള്‍ എന്നിവരില്‍ ഒരാള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അംഗത്തിന് അര്‍ഹമായ പെന്‍ഷന്‍ തുകയുടെ അന്‍പതുശതമാനമായിരിക്കും കുടുംബപെന്‍ഷനായി ലഭിക്കുക.

അവശതാപെന്‍ഷന്‍

തുടര്‍ച്ചയായി കുറഞ്ഞതു മൂന്നുവര്‍ഷം അംശാദായം അടച്ചതിനു ശേഷം ആരോഗ്യകാരണങ്ങളാല്‍ തൊഴില്‍ചെയ്യാന്‍ കഴിയാതെ വരുകയും തുടര്‍ന്നു പണം അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയാലും പെന്‍ഷന്‍ ആനുകൂല്യം അനുവദിക്കും. സാധാരണപെന്‍ഷന്‍ തുകയുടെ 40 ശതമാനമായിരിക്കും അവശതാപെന്‍ഷന്‍.
 
ആശ്രിതര്‍ക്കു സാമ്പത്തിക സഹായം
ക്ഷേമനിധിയില്‍ അംഗത്വമുള്ളയാള്‍ അസുഖം, അപകടം തുടങ്ങിയ കാരണങ്ങളാല്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്കു സാമ്പത്തിക സഹായം ലഭിക്കും. ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, ആശ്രിതരായ മാതാപിതാക്കള്‍ തുടങ്ങി നിയമനാനുസൃതമുള്ള അവകാശികള്‍ക്കാകും സഹായം ലഭിക്കുക. രാജ്യത്തിനുള്ളില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന അംഗങ്ങളുടെ അവകാശികള്‍ക്ക് 30,000 രൂപ പദ്ധതി പ്രകാരം ലഭിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി അംഗങ്ങളുടെ അവകാശികള്‍ക്ക് 50,000 രൂപയും ലഭിക്കും.
 
ചികിത്സാസഹായം
മാരകമായ രോഗം ബാധിച്ചവര്‍ക്ക് അംഗത്വ കാലയളവിനുള്ളില്‍ 50,000 രൂപ വരെ ചികിത്സാസഹായം ലഭിക്കും. മറ്റു പൊതുവായ രോഗങ്ങളുടെ ചികിത്സയ്ക്ക് 10,000 രൂപ വരെയും സഹായം അനുവദിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, നോര്‍ക്ക റൂട്ട്‌സ് പദ്ധതികളില്‍നിന്നു സഹായം ലഭിച്ചവര്‍ക്ക് വീണ്ടും ഈ പദ്ധതിയിലും സഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.

വിവാഹസഹായം
ക്ഷേമനിധിഅംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിനു സഹായംനല്‍കുന്ന പദ്ധതിയാണിത്. അംഗങ്ങളുടെ രണ്ടു മക്കളുടെ വിവാഹത്തിനു പദ്ധതി പ്രകാരം സഹായം ലഭിക്കും. അയ്യായിരം രൂപയാണു ഒരു വിവാഹത്തിനുള്ള സഹായം. ഒരു അംഗത്തിന് രണ്ടു തവണ മാത്രമായിരിക്കും സഹായം ലഭിക്കുക. ഒരേ കുടുംബത്തിലെ ഒന്നില്‍ കൂടുതല്‍ പേര്‍ ക്ഷേമനിധിയില്‍ അംഗമാണെങ്കിലും ഒരേ വിവാഹത്തിന്റെ പേരില്‍ ഒരാള്‍ക്കു മാത്രമായിരിക്കും പദ്ധതി പ്രകാരം സഹായത്തിന് അര്‍ഹതയുണ്ടായിരിക്കുക.
 

പ്രസവ ചികിത്സാസഹായം
വനിത അംഗങ്ങളില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ളവര്‍ക്ക് പ്രസവസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. മൂവായിരം രൂപയായിരിക്കും പ്രസവച്ചെലവുകള്‍ക്കുവേണ്ടി ലഭിക്കുക. അബോര്‍ഷന്‍ സംഭവിച്ചാല്‍ 2,000 രൂപ ലഭിക്കും. ഒരു അംഗത്തിന് പരമാവധി രണ്ടുതവണ സഹായം ലഭിക്കും.
 
വിദ്യാഭ്യാസ സഹായം
രണ്ടുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സഹായം ലഭിക്കും. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഐ.ടി.ഐ., ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയവയ്ക്കാണു സഹായം ലഭിക്കുക. കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക ഓരോ കോഴ്‌സുകള്‍ക്കു ലഭിക്കും.
 
മറ്റു പദ്ധതികള്‍
ഇതു കൂടാതെ ഭവനവായ്പ, സ്വയം തൊഴില്‍ വായ്പകളും ക്ഷേമനിധി രൂപവത്കരണത്തിന്റെ ലക്ഷ്യങ്ങളാണ്. നിശ്ചിത തുക ക്ഷേമനിധിയായി സമാഹരിച്ചതിനുശേഷം ഈ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും. തുടര്‍ച്ചയായി അഞ്ചുവര്‍ഷമെങ്കിലും അംശാദായം അടച്ചവര്‍ക്കായിരിക്കും ഭവനവായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക.

 
പ്രവാസി ക്ഷേമനിധി @ ഓണ്‍ലൈന്‍
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അടക്കം എല്ലാ നടപടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമുണ്ട്. www.pravasikerala.org എന്ന വെബ് സൈറ്റ് മുഖേനയാണ് ഇതിനു സൗകര്യം. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിഗതവിവരങ്ങള്‍ നല്‍കാനുള്ള വിന്‍ഡോ വരും. ഇതില്‍ വിവരങ്ങള്‍ നല്‍കിയതിനു ശേഷം ഓണ്‍ലൈനില്‍ തന്നെ പണമടയ്ക്കാനും സാധിക്കും.
 
പിന്നീട് ഇതിന്റെ പ്രിന്റ് എടുത്തു പ്രവാസി ക്ഷേമനിധിയുടെ ബന്ധപ്പെട്ട ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. പരിശോധനകള്‍ക്കുശേഷം അംഗത്വത്തിന് അംഗീകാരം ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അതിന്മേല്‍ സ്വീകരിച്ചനടപടിയുടെ സ്ഥിതിവിവരവും ഇതേ വെബ്‌സൈറ്റ് മുഖേന തന്നെ അറിയാന്‍ സാധിക്കും. ഓണ്‍ലൈനില്‍ അംശാദായം അടയ്ക്കാനും സൗകര്യമുണ്ട്.