പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് കേരള സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായിട്ടും ചെന്നൈ മലയാളികളില്‍ വലിയ ആഹ്ലാദമൊന്നും കണ്ടില്ല. കാരണം മറ്റൊന്നുമല്ല; ഇവിടെനിന്ന് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്തവര്‍ വളരെ കുറവ്. മലയാളികളുടെ മദിരാശി കുടിയേറ്റത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വെറും രണ്ടുവര്‍ഷം മാത്രം മറുനാട്ടില്‍ കഴിഞ്ഞവര്‍ക്കുപോലും അംഗമാകാവുന്ന പദ്ധതിയില്‍ ചേരാന്‍ ആളില്ല.
 
പങ്കാളിത്തത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി മെച്ചമാണെങ്കിലും നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതിയും പ്രയോജനപ്പെടുത്താന്‍ ചെന്നൈ മലയാളികളില്‍ മഹാഭൂരിപക്ഷം പേര്‍ക്കും കഴിഞ്ഞിട്ടില്ല. യാത്രപ്രശ്‌നം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് മുറവിളി കൂട്ടുന്നവരാണ് മറുനാടന്‍ മലയാളികള്‍. എന്നാല്‍, പ്രവാസികള്‍ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികളില്‍ ചേരാന്‍ മടിക്കുന്നത് എന്തുകൊണ്ട് ?

പദ്ധതികളെക്കുറിച്ചും അവയുടെ ആനുകൂല്യങ്ങളെക്കുറിച്ചും കാര്യമായ ധാരണയില്ലാത്തതായിരിക്കണം കാരണം. പ്രവാസി പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം മാതൃഭൂമി 'പാഴാക്കരുത് പ്രവാസി മധുരം' പരമ്പരയില്‍ ഇന്നുമുതല്‍ ചര്‍ച്ചചെയ്യുന്നു

ലക്ഷ്യം ക്ഷേമം, പെന്‍ഷന്‍

പ്രവാസി മലയാളികള്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമബോര്‍ഡ് രൂപവത്കരിക്കുന്നതിന് നിയമം പാസാക്കുന്നത് ഒന്‍പതുവര്‍ഷം മുന്‍പാണ്. കേരള നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ആക്ട് പാസാക്കി അടുത്തവര്‍ഷം പ്രവാസി ക്ഷേമബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ ഒരു ലക്ഷത്തിലേറേപ്പേര്‍ അംഗത്വമെടുത്ത ക്ഷേമനിധിയില്‍ രാജ്യത്തിനുള്ളില്‍ താമസിക്കുന്ന മറുനാടന്‍ മലയാളികളുടെ പങ്കാളിത്തം രണ്ടു ശതമാനത്തില്‍ താഴെ മാത്രം.
 
ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി അടക്കമുള്ളയിടങ്ങളില്‍നിന്ന് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത് 1864 പേര്‍ മാത്രം. ഇതേസമയം വിദേശരാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ്‌മേഖലയില്‍നിന്ന് മികച്ചപങ്കാളിത്തമുണ്ട്.തുടര്‍ച്ചയായി കുറഞ്ഞത് അഞ്ചുവര്‍ഷം അംശാദായം അടച്ചവര്‍ക്കാണ് പെന്‍ഷന് അര്‍ഹതലഭിക്കുക. പദ്ധതിപ്രകാരമുള്ള പെന്‍ഷന്‍ വിതരണം 2014 മുതല്‍ നടന്നുവരികയാണ്.
 
നിലവില്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് 1000 രൂപയും രാജ്യത്തിനുള്ളിലുള്ള പ്രവാസികള്‍ക്ക് 500 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. ഏപ്രില്‍ മുതല്‍ ഇത് 2000 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. പുതിയ പ്രഖ്യാപനം നടപ്പാക്കുമ്പോള്‍ രാജ്യത്തിനുള്ളിലുള്ളവരുടെ പെന്‍ഷന്‍ 500 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിക്കുമോയെന്നതു സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും കുറഞ്ഞത് 1000 രൂപയാക്കിയെങ്കിലും വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഇതിനായി പ്രതിമാസം 100 രൂപ മാത്രമാണ് അംശാദായമായി അടക്കേണ്ടത്.


നടപടികള്‍ ലളിതം

വളരെ ലളിതമായ നടപടിക്രമങ്ങളും വ്യവസ്ഥകളുമാണ് ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ളത്. ഉദ്യോഗം, വ്യാപാരം തുടങ്ങിയ കാര്യങ്ങള്‍ക്കായി തുടര്‍ച്ചയായി കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ക്കാലം കേരളത്തിനുപുറത്തു താമസിക്കുന്ന 18 വയസ്സുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം രണ്ടുവര്‍ഷത്തില്‍ കുറയാതെ ഇവിടെ താമസിക്കുന്നുവെന്ന് തെളിയിക്കുന്നതിനായി ജോലിചെയ്യുന്ന സ്ഥാപനമുടമയുടെയോ വില്ലേജ് ഓഫീസര്‍ തുടങ്ങിയ സര്‍ക്കാര്‍ അധികാരികളുടെയോ സാക്ഷ്യപത്രം സമര്‍പ്പിക്കണം.
 
ആറുമാസത്തിനുള്ളില്‍ എടുത്ത കളര്‍ഫോട്ടോ അപേക്ഷ ഫോമില്‍ പതിച്ചിരിക്കണം. 200 രൂപ രജിസ്ട്രേഷന്‍ ഫീസും അടയ്ക്കണം. ക്ഷേമനിധി ഓഫീസില്‍ നേരിട്ടു പണമായോ മണിഓര്‍ഡര്‍, ഡി.ഡി., ഇ-പേയ്മെന്റ് മുഖേനയോ രജിസ്ട്രേഷന്‍ഫീസ് അടയ്ക്കാം. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ തിരിച്ചറിയല്‍കാര്‍ഡ് ലഭിക്കും. ഇതോടെ അംഗത്വനടപടികള്‍ പൂര്‍ത്തിയാകും. പ്രതിമാസം അടയ്‌ക്കേണ്ട 100 രൂപ അംശദായം ഓണ്‍ലൈന്‍ മുഖേനയും അടയ്ക്കാം. ഒരോ മാസവും അടയ്ക്കുന്നതിനുപകരം കുറച്ചുനാളത്തേക്കുള്ള തുക ഒരുമിച്ച് അടയ്ക്കാനും സാധിക്കും. അംശദായം അടവില്‍ ആറുമാസത്തില്‍ കൂടുതല്‍ മുടക്കംവരുത്തിയാല്‍ അംഗത്വം റദ്ദാകും. അപേക്ഷാഫോറം സമര്‍പ്പിക്കുന്നതിനും അംശാദായം അടയ്ക്കുന്നതിനും ഇപ്പോള്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാണ്.


പ്രവാസി പെന്‍ഷന്‍ അറിയാന്‍

* കേരളത്തിനുപുറത്ത് രണ്ടുവര്‍ഷത്തില്‍ കുറയാതെ താമസിച്ചുവരുന്ന മലയാളികള്‍ക്ക്* പ്രായപരിധി: 18 വയസ്സുമുതല്‍ 60 വയസ്സുവരെ * പ്രതിമാസ അംശദായം 100 രൂപ * രജിസ്ട്രേഷന്‍ ഫീസ് 200 രൂപ * രജിസ്റ്റര്‍ ചെയ്യാനും അംശദായം അടയ്ക്കാനും ഓണ്‍ലൈന്‍ സൗകര്യം (www.pravasikerala.org)

* അംഗത്വമെടുത്തവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് * പെന്‍ഷന്‍ അര്‍ഹത നേടാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷം അംശദായം അടയ്ക്കണം* അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ അംശദായം അടയ്ക്കുന്നവര്‍ക്ക് പ്രതിവര്‍ഷം മൂന്നുശതമാനം എന്നകണക്കില്‍ അധിക പെന്‍ഷന്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939

പെന്‍ഷന്‍ തുക വര്‍ധന: ക്ഷേമനിധി പദ്ധതി കൂടുതല്‍ ആകര്‍ഷകമാകും

ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതോടെ ക്ഷേമനിധിപെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാകും. നിലവിലുള്ള പെന്‍ഷന്‍തുകയായ 500 രൂപയ്ക്കുപകരം 1000 രൂപയായി ഉയര്‍ത്തിയാല്‍പ്പോലും ഗുണഭോക്താക്കള്‍ക്ക് വലിയ നേട്ടമായിരിക്കുമുണ്ടാകുക. ദീര്‍ഘകാലം അംശദായം അടച്ചാല്‍പ്പോലും നഷ്ടംവരില്ല. 30 വയസ്സുള്ള ഒരാള്‍ അംഗത്വമെടുത്താല്‍ മാസം 100 രൂപവീതം അടുത്ത 30 വര്‍ഷമായിരിക്കും അംശദായം അടയ്‌ക്കേണ്ടിവരിക.
 
ആകെ 36,000 രൂപ ഈ കാലയളവില്‍ ആകെ അടയ്‌ക്കേണ്ടിവരും. പിന്നീട് 1000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുമെന്നു കണക്കുകൂട്ടിയാല്‍ത്തന്നെ മൂന്നുവര്‍ഷത്തിനുള്ളില്‍ അടച്ച തുക മുഴുവന്‍ തിരികെലഭിക്കും. ബാക്കിയുള്ളകാലം കിട്ടുന്നത് ലാഭം. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ക്കാലം അടയ്ക്കുന്ന അംശദായത്തിനു ഒരുവര്‍ഷം മൂന്നുശതമാനം എന്ന കണക്കില്‍ അധികപെന്‍ഷനും ലഭിക്കും.
 
കാലാകാലങ്ങളില്‍ പെന്‍ഷന്‍ തുക സര്‍ക്കാര്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതകൂടി കണക്കാക്കുമ്പോള്‍ ഇതിലും വലിയ നേട്ടമാകും ലഭിക്കുക. അറുപതു വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ഇപ്രകാരം അഞ്ചുവര്‍ഷം മാത്രം ഒരാള്‍ അംശദായം അടച്ചാല്‍ ആകെ ചെലവ് 6000 രൂപയായിരിക്കും. പെന്‍ഷന്‍ ലഭിച്ചുതുടങ്ങി ആറുമാസംകൊണ്ട് മുടക്കിയ പണം തിരിച്ചുലഭിക്കും.

നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി: പ്രതിവര്‍ഷം 100 രൂപ മുടക്കില്‍ രണ്ടുലക്ഷം രൂപയുടെ പരിരക്ഷ

നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് പദ്ധതിയും തുടങ്ങിയത് 2008-ലാണ്. അന്‍പതുരൂപ രജിസ്ട്രേഷന്‍ ഫീസ് അടക്കം 350 രൂപയാണ് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ചെലവുവരുന്നത്. മൂന്നുവര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ്. അതായത് ഒരുവര്‍ഷത്തേക്ക് ചെലവ് 120 രൂപയില്‍ താഴെമാത്രം. പെന്‍ഷന്‍പദ്ധതി പോലെതന്നെ ചെന്നൈയിലെ മലയാളികളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് നോര്‍ക്ക ഇന്‍ഷുറന്‍സിലും ചേര്‍ന്നിരിക്കുന്നത്.
 
പദ്ധതി ആരംഭിച്ച് ഏറെ നാളുകളായിട്ടും അധികം പേര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനു കാരണം പൊതുജനങ്ങള്‍ക്കിടയില്‍ കാര്യമായ പ്രചാരമില്ലാത്തതാണെന്ന് നോര്‍ക്ക സ്‌പെഷ്യല്‍ ഓഫീസര്‍ അനു ചാക്കോ പറയുന്നു. മുന്‍കാലത്തെ അപേക്ഷിച്ചു കൂടുതല്‍പ്പേര്‍ മുന്നോട്ടുവരുന്നുണ്ടെങ്കിലും ചെന്നൈയിലെ പ്രവാസിമലയാളിയുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു ശതമാനം മാത്രമാണിത്.
 
ഇവിടെയുള്ള നോര്‍ക്ക ഓഫീസിലൂടെ ഇന്‍ഷുറന്‍സ് അടക്കമുള്ള പദ്ധതികളില്‍ അംഗത്വം നേടുന്നതിനുള്ള എല്ലാ സഹായങ്ങളും ലഭ്യമായിരിക്കുമെന്നും ഇവര്‍ അറിയിച്ചു. ക്ഷേമപെന്‍ഷന്‍ പദ്ധതിപോലെതന്നെ രണ്ടുവര്‍ഷത്തില്‍ കുറയാതെ കേരളത്തിനുപുറത്ത് താമസിക്കുന്നവര്‍ക്കാണ് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുക.
 
18 മുതല്‍ 70 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാംക്ഷേമനിധിയില്‍ അംഗമാകുന്നതോടെ പെന്‍ഷന്‍ മാത്രമല്ല ചികിത്സാസഹായം, വായ്പ എന്നിവയടക്കം മറ്റ് ആനുകൂല്യങ്ങളുമുണ്ട്. അതേക്കുറിച്ച് നാളെ