നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നാല്‍ രണ്ടുണ്ട് ഗുണം. ചെറിയ തുക പ്രീമിയത്തില്‍ അപകട ഇന്‍ഷുറന്‍സ് ലഭിക്കും, ഒപ്പം ഒരു പ്രവാസി തിരിച്ചറിയല്‍കാര്‍ഡ് സ്വന്തമാക്കുകയും ചെയ്യും. രണ്ടുലക്ഷംരൂപ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. രജിസ്‌ട്രേഷന്‍ ഫീസും മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയവും അടച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ ഒരുമാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡ് ഇന്‍ഷുറന്‍സ് ആവശ്യംകൂടാതെ മറുനാടന്‍ മലയാളിയാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാം. പ്രവാസി മലയാളികള്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കുവേണ്ടി അപേക്ഷിക്കേണ്ടിവരുമ്പോള്‍ കാര്‍ഡ് ഉപകാരപ്പെടും.

വര്‍ഷങ്ങള്‍നീണ്ട ആവശ്യത്തെത്തുടര്‍ന്നായിരുന്നു പ്രവാസിമലയാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചെന്നൈയിലെയടക്കം മലയാളിസംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. 2008 മുതലാണ് ഇന്‍ഷുറന്‍സ്-പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിത്തുടങ്ങിയത്. ആദ്യനാളുകളിലൊക്കെ വലിയതാത്പര്യം കാട്ടിയ മദിരാശി മലയാളികളില്‍ പലരും പിന്നീട് ഈ പദ്ധതിയെ മറന്നുതുടങ്ങുകയായിരുന്നു. മൂന്നുവര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. അതിനുശേഷം പുതുക്കണം. എന്നാല്‍, ഒരിക്കല്‍ അംഗത്വം നേടിയവര്‍ പിന്നീട് പുതുക്കുന്ന കാര്യത്തില്‍ അനാസ്ഥകാട്ടുകയാണ്. അതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമാത്രമല്ല, മറ്റു സഹായങ്ങള്‍ വേണ്ടിവരുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഓടിനടക്കേണ്ടിയും വരുന്നു.

യോഗ്യത

രണ്ടുവര്‍ഷത്തില്‍ കുറയാതെ കേരളത്തിനുപുറത്ത് താമസിച്ചുവരുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷുറന്‍സ് കം തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിക്കാം. 18 മുതല്‍ 70 വയസ്സുവരെയാണ് പ്രായപരിധി.

ആനുകൂല്യം

അപകടമരണം സംഭവിച്ചാല്‍ രണ്ടുലക്ഷംരൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കും. അപകടത്തെത്തുടര്‍ന്ന് ശരീരം പൂര്‍ണമായും തളര്‍ന്ന നിലയിലായാലും ഇതേതുക ലഭിക്കും. ഭാഗികമായി തളരുകയോ അംഗഭംഗം വരികയോ ചെയ്താല്‍ ഒരുലക്ഷം രൂപയായിരിക്കും ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക.

അപേക്ഷിക്കേണ്ടവിധം

പൂരിപ്പിച്ച നിശ്ചിത അപേക്ഷാഫോറത്തിനൊപ്പം രജിസ്‌ട്രേഷന്‍ ഫീസായി 350 രൂപയുടെ ഡി.ഡി.യും പ്രവാസിമലയാളിയാണെന്ന് തെളിയിക്കുന്ന മറ്റു രേഖകളും സമര്‍പ്പിക്കണം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. വേണം സമര്‍പ്പിക്കേണ്ടത്. പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള രണ്ടുഫോട്ടോകളും അപേക്ഷയ്‌ക്കൊപ്പമുണ്ടായിരിക്കണം. താമസിക്കുന്ന സംസ്ഥാനത്തെ മേല്‍വിലാസം തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം. ഗ്രീംസ് റോഡില്‍ റെയിന്‍ ഡ്രോപ്‌സ് ഹോട്ടലിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. തപാല്‍മുഖേന നേരിട്ട് തിരുവനന്തപുരത്തുള്ള നോര്‍ക്ക റൂട്ട്‌സ് ഓഫീസിലേക്ക് അയക്കാനും സാധിക്കും.


ഇന്‍ഷുറന്‍സ് പദ്ധതി: പ്രത്യേകതകള്‍

$ രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്

$ ഇന്‍ഷുറന്‍സ് നല്‍കുന്നത് ന്യൂ അഷ്വറന്‍സ് കമ്പനി

$ ഒരുവര്‍ഷത്തെ പ്രീമിയം ചെലവ് 100 രൂപ

$ ഇന്‍ഷുറന്‍സ് കാലാവധി മൂന്നുവര്‍ഷം

$ പ്രായപരിധി 18-70 വയസ്സ്

$ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവാസജീവിതം


സാന്ത്വന പദ്ധതി

ഇന്‍ഷുറന്‍സ് പദ്ധതികൂടാതെ നോര്‍ക്ക റൂട്ട്‌സ് മുഖേന കേരളസര്‍ക്കാര്‍ നടത്തുന്ന പ്രവാസി സഹായ പദ്ധതിയാണ് സാന്ത്വനം. ചികിത്സാസഹായം, വിവാഹ സഹായം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. മാരകമായ രോഗം ബാധിച്ചവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതുകൂടാതെ വീല്‍ചെയറുകള്‍, കൃത്രിമ കാല്‍ തുടങ്ങിയവ വാങ്ങുന്നതിനും സാന്ത്വനപദ്ധതിപ്രകാരം സഹായം നല്‍കും. മരിച്ച പ്രവാസികളുടെ കുടുംബത്തിന് പദ്ധതിപ്രകാരം ധനസഹായം നല്‍കും. സഹായം ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച് നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.


പ്രത്യേകതകള്‍

$ വാര്‍ഷിക വരുമാനപരിധി ഒരുലക്ഷം രൂപ

$ മരണം സംഭവിച്ച പ്രവാസിയുടെ കുടുംബത്തിന് ഒരു ലക്ഷംരൂപ നഷ്ടപരിഹാരം

$ കാന്‍സര്‍, ഹൃദ്രോഗ ശസ്ത്രക്രിയ, ഗുരുതര വൃക്ക രോഗങ്ങള്‍, ഗുരുതര അപകടങ്ങളെത്തുടര്‍ന്നുള്ള ചികിത്സകള്‍ എന്നിവയ്ക്ക് 50,000 രൂപവരെ

$ മറ്റുരോഗങ്ങള്‍ക്ക് 20,000 രൂപവരെ

$ പെണ്‍കുട്ടികള്‍ക്ക് 15,000 രൂപ വിവാഹസഹായം

$ വീല്‍ചെയര്‍, കൃത്രിമ കാല്‍ തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപ


കാരുണ്യ പദ്ധതി

പ്രവാസികളായ മലയാളികളുടെ മൃതദേഹം സ്വന്തം നാട്ടിലെത്തിക്കാനുള്ള ധനസഹായമാണ് കാരുണ്യ പദ്ധതിയിലൂടെ നല്‍കുന്നത്. രാജ്യത്തിനുള്ളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 15,000 രൂപ വരെയും വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് 50,000 രൂപ വരെയും നല്‍കും. റെയില്‍, റോഡ് തുടങ്ങി ഏതുമാര്‍ഗം മൃതദേഹം എത്തിക്കുന്നതിനും സഹായം നല്‍കും. ചെലവുകളുടെ യഥാര്‍ഥബില്ലുകള്‍ സമര്‍പ്പിച്ച് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുക. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് മറ്റുമാര്‍ഗങ്ങളൊന്നുമില്ലാതെ വരുമ്പോള്‍ സഹായിക്കുന്നതിനുവേണ്ടി രൂപംകൊടുത്ത പദ്ധതിയാണിത്.


നോര്‍ക്ക പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍

നോര്‍ക്ക റൂട്ട്‌സ് പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇന്‍ഷുറന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും ചെന്നൈയിലെ നോര്‍ക്ക് റൂട്ട്‌സ് ഓഫീസിനെ സമീപിക്കാം. നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതികൂടാതെ പ്രവാസിക്ഷേമനിധി തുടങ്ങിയ പദ്ധതികളെക്കുറിച്ചുളള വിവരങ്ങളും നോര്‍ക്ക റൂട്ട്‌സ് ഓഫീസില്‍നിന്ന് ലഭിക്കും.

മേല്‍വിലാസം: നോര്‍ക്ക റൂട്ട്‌സ് ഓഫീസ്, ഗ്രൗണ്ട് ഫ്‌ളോര്‍, കെ.ഡി.ടി.സി. റെയിന്‍ ഡ്രോപ്‌സ് ഹോട്ടല്‍, 169/2, ഗ്രീംസ് റോഡ്, ചെന്നൈ-06
ഫോണ്‍: 28293020.