പ്രവാസലോകത്തിരുന്ന്‌  പുതിയ സംസ്ഥാനബജറ്റിനെ സമീപിക്കുമ്പോൾ മൂന്നുകാര്യങ്ങളാണ് പരിശോധിക്കേണ്ടത്. എന്തൊക്കെ കാര്യങ്ങളാണ് ഭരണത്തിലേറുന്നതിനുമുമ്പ് സർക്കാറിനെ നയിക്കുന്നവർ പറഞ്ഞിരുന്നത്? ഇപ്പോഴത്തെ നടപടികൾ ഗുണകരമാണോ? എത്രയാണ് അവർക്കുള്ള പദ്ധതികൾക്കായി വകയിരുത്തിയ വിഹിതം? തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങൾ അടുത്ത തിരഞ്ഞെടുപ്പുകാലത്തുമാത്രം പരിശോധിക്കുന്ന രീതിയൊക്കെ മാറിപ്പോയെന്ന് രാഷ്ട്രീയപ്പാർട്ടികൾ തിരിച്ചറിഞ്ഞോ എന്നാണ് ഇപ്പോഴും സംശയം. 

ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 35 ഇന പ്രകടനപത്രികയിൽ മുപ്പതാമത് ഇനമായി പ്രവാസിവിഷയങ്ങൾ തുടങ്ങുന്നതുതന്നെ ഗൾഫ് മലയാളികൾ വിമാനയാത്രക്കൂലിയുടെ പേരിൽ നേരിടുന്ന വിവേചനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് (നമ്പർ-471). ഇതിനുപരിഹാരമായി സ്വന്തമായി ഒരു വിമാനക്കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്നതായിരുന്നു വാഗ്ദാനം. എന്നാൽ, അധികാരത്തിലെത്തി അധികം വൈകാതെതന്നെ അക്കാര്യം സർക്കാറിന്റെ അജൻഡയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യനിർദേശംതന്നെ അട്ടിമറിക്കപ്പെട്ടു. പ്രകടനപത്രികയിലെ ഓരോ വാഗ്ദാനവും ഇത്തരത്തിലാവുമോ എന്ന ആശങ്കയുയരുന്നതും ഈ പശ്ചാത്തലത്തിലാണ്. നേരത്തേ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച എയർ കേരള പദ്ധതിയെക്കുറിച്ച് പഠനംനടത്തുമെന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ വിഷയം കൈവിട്ടിട്ടില്ലെന്ന് കരുതാമായിരുന്നു. എന്നാൽ, ആ വിഷയം ഏതാണ്ട് അടഞ്ഞ അധ്യായമായാണ് സംസ്ഥാനസർക്കാർ ഇപ്പോൾ കാണുന്നത്. പ്രവാസികളെയും വോട്ടർമാരെയും കബളിപ്പിക്കാനായിരുന്നോ അത്തരമൊരു വാഗ്ദാനമെന്നതിന് ഉത്തരംനൽകാൻ മുഖ്യമന്ത്രിക്കും മുന്നണിനേതാക്കൾക്കും ബാധ്യതയുണ്ട്. 

പ്രവാസികൾക്കായി ഇരുപതോളം നിർദേശങ്ങളാണ്  ഇടതുമുന്നണി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രവാസലോകത്തെ വിഷയങ്ങൾ നന്നായി പഠിച്ചുകൊണ്ടുള്ള ആ നിർദേശങ്ങൾ കാര്യമാത്രപ്രസക്തവുമാണ്. എന്നാൽ, ഗവർണറുടെ ആദ്യത്തെ നയപ്രഖ്യാപനപ്രസംഗത്തിൽ പ്രവാസിവിഷയങ്ങൾ പരിഹരിക്കുമെന്ന ഒഴുക്കൻ പ്രഖ്യാപനമാണുണ്ടായത്.  സമ്പൂർണബജറ്റ് വന്നിട്ടും ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. മുഖ്യമന്ത്രിപദമേറ്റെടുത്തശേഷം രണ്ട് ഗൾഫ്പര്യടനങ്ങൾ മുഖ്യമന്ത്രി നടത്തിക്കഴിഞ്ഞു. ആദ്യം യു.എ.ഇ.യും പിന്നീട് ബഹ്‌റൈനുമാണ് അദ്ദേഹം സന്ദർശിച്ചത്. അതിൽത്തന്നെ പ്രവാസലോകം സാകൂതം വീക്ഷിച്ച സന്ദർശനമായിരുന്നു യു.എ.ഇ.യിലെ ആദ്യപര്യടനം. ഗൾഫ്നാടുകളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെയോ പുനരധിവാസം നടക്കുന്നതുവരെയോ ആറുമാസമെങ്കിലും ശമ്പളം നൽകുമെന്നാണ് ആയിരങ്ങളുടെ കരഘോഷത്തിനിടയിൽ മുഖ്യമന്ത്രി ദുബായിൽ പ്രഖ്യാപിച്ചത്. പക്ഷേ, അപ്പോഴും അതിന്റെ സാധ്യതകളെപ്പറ്റി സംശയിച്ചവർ അനവധിയാണ്. അവരുടെ സംശയം ബലപ്പെടുത്തുംവിധം അത് എങ്ങനെ നടപ്പാക്കുമെന്നോ അതിന് എന്തുവിഹിതം നീക്കിവെച്ചിട്ടുണ്ടെന്നോ ആദ്യത്തെ സമ്പൂർണബജറ്റും കൃത്യമായി പറയുന്നില്ല. 

പുനരധിവാസത്തിനും നൈപുണ്യവികസനത്തിനുമായി 18 കോടിരൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് എന്നത് മറക്കുന്നില്ല. പക്ഷേ, കൃത്യമായ പദ്ധതികളില്ലാതെ ആ പണം എങ്ങനെ വിനിയോഗിക്കുമെന്നോ നൈപുണ്യവികസനത്തിനായി എന്തുചെയ്യുമെന്നോ ഉള്ള പരാമർശം എവിടെയുമില്ല.  വിമാനടിക്കറ്റ് നിരക്കിന്റെ പ്രശ്നമോ പ്രവാസികളായ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചോ സൂചനയില്ല. അതേസമയം, കിഫ്ബി, പ്രവാസിചിട്ടി എന്ന രണ്ടുവിഷയത്തിലൂന്നിയാണ് ബജറ്റ് പ്രവാസികളെ അഭിമുഖീകരിക്കുന്നത്. ബഹുഭൂരിപക്ഷംവരുന്ന പ്രവാസി മലയാളികൾ ഇതിനോട് എത്രമാത്രം ചേർന്നുനിൽക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇപ്പോഴും 900 മുതൽ 1500 വരെയാണ് കഫ്‌റ്റീരിയകളിലും ലേബർക്യാമ്പുകളിലും ഗ്രോസറികളിലുമൊക്കെ പണിയെടുക്കുന്നവരുടെ ശരാശരി സമ്പാദ്യം. നാട്ടിൽ വേറെ വഴിയില്ലാത്തതിനാൽ അവർ ഇവിടെ നിൽക്കുന്നു എന്നുമാത്രം. 
നിക്ഷേപം ആസ്തികളാവുമ്പോൾ

ഗൾഫ് നാടുകളിലെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും യഥാർഥസ്ഥിതി ഇതായിരിക്കെ സംസ്ഥാനസർക്കാരിന് അവരുടെ നിലവിലുള്ള ആസ്തികളുപയോഗിച്ചുതന്നെ വലിയൊരു അവസരം ഉണ്ടാക്കിനൽകാൻ കഴിയും. സ്വന്തമായി ഒരു വീട്, അല്ലെങ്കിൽ ഫ്ലാറ്റ്, കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും വിവാഹവും-ഇത്രയുമാണ് ഓരോ പ്രവാസിയുടെയും വലിയ സ്വപ്നം. ഇതുകഴിഞ്ഞ് മാത്രമേ അവൻ നാടിന്റെ  അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ചൊക്കെ ചിന്തിക്കുകയുള്ളൂ. ഇന്ന് കേരളത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും കണക്കെടുത്താൽ 90 ശതമാനവും  പ്രവാസികളുടേതായിരിക്കും. നാട്ടിലൊരു സുരക്ഷിതനിക്ഷേപം എന്നനിലയിലാണിത്. ജില്ലാതലത്തിലോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾവഴിയോ ഇത്തരം വീടുകളുടെയും ഫ്ലാറ്റുകളുടെയും കണക്കെടുത്ത് അത് സർക്കാറോ ടൂറിസംവകുപ്പോ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്ന സംവിധാനത്തെക്കുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടാ.   

ഇതുതന്നെയാണ് പ്രവാസികൾ നാട്ടിൽ സൂക്ഷിക്കുന്ന വാഹനങ്ങളുടെയും കാര്യം. അതിൽ സാധാരണ കാർമുതൽ ആഡംബരവാഹനങ്ങൾവരെയുണ്ട്. പലർക്കും ഇത് നാട്ടിൽ സൂക്ഷിക്കുന്നതുതന്നെ ഇപ്പോൾ വലിയ ബാധ്യതയാണ്.  ഉടമകൾ വരുമ്പോൾ അവർക്ക്‌ ഉപയോഗിക്കാവുന്നവിധം ഈ ഫ്ലാറ്റുകളുടെയും വാഹനങ്ങളുടെയും സൂക്ഷിപ്പ് ക്രമീകരിച്ചാൽ ഇവയുടെ വിനിമയം ഏറെ വരുമാനം നേടിക്കൊടുക്കുന്നതാവും. വലിയ പദ്ധതികളെക്കുറിച്ച് പറയുന്നതിനേക്കാൾ പ്രവാസികൾ എളുപ്പം ഉൾക്കൊള്ളുന്നത് ഇത്തരം പദ്ധതിയാവും. പക്ഷേ, വരുമാനത്തിനൊപ്പം സുരക്ഷിതത്വവും സർക്കാർ ഉറപ്പാക്കണമെന്നുമാത്രം.  പ്രവാസികൾക്കുള്ള ക്ഷേമനിധി പെൻഷൻ ഇപ്പോൾ രണ്ടായിരമാക്കി ഉയർത്തിയത് സ്വാഗതാർഹമാണ്. എന്നാൽ, അത് അയ്യായിരമെങ്കിലുമായിരിക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രിയും സർക്കാരും നേരത്തേ സൃഷ്ടിച്ചിരുന്നു. പ്രവാസികൾക്ക് വരുമാനംനോക്കി അംശദായംവാങ്ങാതെതന്നെ പെൻഷൻ നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കേണ്ടതുണ്ട്. 

പ്രവാസിചിട്ടിയുടെ കാര്യവും ഇവിടെ പരാമർശിക്കേണ്ടതുണ്ട്. സാധാരണക്കാരുടെ സമ്പാദ്യമാണ് ചിട്ടികളുടെ ജീവൻ. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇവിടെയുള്ള കാക്കത്തൊള്ളായിരം കൂട്ടായ്മകൾ ഇപ്പോൾത്തന്നെ പലവിധചിട്ടികൾ നടത്തുന്നുണ്ട്. നേരത്തേ വിളിക്കുന്ന, ആവശ്യക്കാരാണ് ചിട്ടിയുടെ നടത്തിപ്പിനാവശ്യം. അതുകൊണ്ടുതന്നെ പ്രവാസിചിട്ടി വന്നാലും പ്രവാസി മുഖംതിരിക്കുകയൊന്നുമില്ല. പക്ഷേ, അത് സമ്പാദ്യംമാത്രമായാണ് പ്രവാസി കാണുന്നത്. അല്ലാതെ അതൊരു നിക്ഷേപമായെടുക്കില്ല. 
(നോർക്ക റൂട്ട്‌സ് മുൻഡയറക്ടറാണ്‌ ലേഖകൻ)