ക്രമിക്കപ്പെട്ടവളുടെ ദുഃഖം നമ്മുടെ പടിവാതിലെത്തുവോളം തിരിച്ചറിയാന്‍ വൈകി പോകുന്നവരാണ് നമ്മളില്‍ ഏറെയും. അതിജീവിച്ചു വന്നവരെ പേരില്ലാത്തവരായി അടയാളപ്പെടുത്തുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ ഭാവിയെന്നത് പിന്നീടൊരു സമരമാണ്. വ്യവസ്ഥിതിയോട് മാത്രമല്ല തന്നോട് തന്നെയും. 

കാരണം ആ ആക്രമണം സൃഷ്ടിച്ച ഭീതി മറ്റെന്തിനെക്കാളും ഭയാനകമായിരിക്കും അത് നേരിട്ട വ്യക്തിയുടെ അനുഭവങ്ങളില്‍ എന്നത് തന്നെ. 
കേരളത്തില്‍ ഒരു നടി ആക്രമിക്കപ്പെട്ട സംഭവം ജോലിയിടങ്ങളില്‍ പോലും സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതത്വത്തിന്റെ നേര്‍ചിത്രം ആണ്. 

രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന, യാത്രകള്‍ നടത്തേണ്ടി വരുന്ന അനേകായിരം സ്ത്രീകള്‍ ഉള്ള നാട്ടില്‍ ഈ സംഭവം നമ്മുടെ നിയമ വ്യവസ്ഥിതിയുടെ ബലഹീനത കൂടി ചൂണ്ടി കാട്ടുന്നു. 

നിര്‍ഭയ, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സുപ്രീംകോടതി വക്കീല്‍ അടക്കമുള്ളവര്‍ പറഞ്ഞത് അവള്‍ രാത്രി കാലത്ത് പുറത്തിറങ്ങിയതുകൊണ്ടാണ് അത്തരമൊരു ദുര്‍വിധി ഉണ്ടായതെന്നാണ്. ആണ്‍മക്കള്‍ തെറ്റ് ചെയ്താല്‍ അവരെ ഉപദേശിക്കേണ്ടതിനു പകരം ''ആണ്‍കുട്ടികളായാല്‍ പല വൃത്തികേടുകളും കാണിക്കും, പെണ്‍കുട്ടികളാണ് സൂക്ഷിക്കേണ്ടത്. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട്'' എന്നു പഠിപ്പിച്ചു ശീലിപ്പിക്കുന്ന രക്ഷിതാക്കാള്‍ ഓരോ പെണ്‍കുഞ്ഞും അവളുടെ പെണ്ണത്വത്തിനു നേരിടേണ്ടി വരുന്ന മുറിവുകളെ മൂടി വെയ്ക്കാനാണ് പരിശീലിപ്പിക്കുന്നത്.  

ഒരു പെണ്‍കുട്ടി ആക്രമണ സമയത്ത് അനുഭവിച്ച ഭയത്തേക്കാള്‍, ചെറുത്തു നില്‍പ്പിനെക്കാള്‍ പൊരുതേണ്ടി വന്നിട്ടുണ്ടാവുക അതിന്റെ പേരില്‍ സമൂഹം അവള്‍ക്കു നേരെ ഉയര്‍ത്തുന്ന അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നേരെയാവും. അത്രമേല്‍ ദുര്‍ബലമാണ് നമ്മുടെ സമൂഹത്തില്‍ ലിംഗനീതി. ആക്രമണത്തിന് വിധേയയായവളെ ചേര്‍ത്ത് പിടിക്കാനല്ല ഒറ്റപ്പെടുത്താനാണ് നമ്മുടെ ചുറ്റുപാടുകള്‍ എല്ലാ കാലത്തും ശ്രമിച്ചു പോരുന്നത്. അതില്‍ മാധ്യമങ്ങള്‍ക്കും ഒരു വലിയ പങ്കുണ്ട്. ആക്രമണങ്ങള്‍ എല്ലാം ബലാത്സംഗങ്ങള്‍ അല്ലെന്ന് സ്ത്രീകളുടെ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം മറന്നു പോകാറുണ്ട്. പീഡന വാര്‍ത്തകള്‍ ആണ് കമ്പോള സംസ്‌ക്കാരത്തിനു അഭികാമ്യമെന്നുള്ള മൂല്യശോഷണത്തിലേക്ക് നമ്മുടെ മാധ്യമ മേഖലയും കടന്നു വന്നിട്ടുണ്ട്.

ബെംഗളൂരുവില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു പെണ്‍കുട്ടി നേരിട്ട ആക്രമണ അനുഭവം മുന്നില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഞാനും എന്റെ റൂംമേറ്റായ പെണ്‍കുട്ടിയും രാവിലെ കോളേജിലേക്ക് പോകുന്ന വഴി. ലിംഗരാജപുരം ഉറുസുലൈന്‍ ഹോസ്റ്റലില്‍ ആണ് അന്ന് താമസം. എന്റെ വലതു സൈഡില്‍ ആണ് അവള്‍.  കോണ്‍വെന്റ് റോഡിനു മുന്നിലൂടെ വഴിയോരം ചേര്‍ന്ന് നടക്കുകയാണ് ഞങ്ങള്‍. നല്ല മഞ്ഞുണ്ട്. പെട്ടെന്നാണ് ബൈക്കില്‍ രണ്ടുപേര്‍ അവളെ പാസ് ചെയ്ത് കടന്നു പോയത് ' ഒഹ് ജീസസ് ' എന്നവള്‍ നിലവിളിച്ചപ്പോള്‍.. ഇടതു മാറും പൊത്തിപ്പിടിച്ചു നില്‍ക്കുന്ന അവളെയാണ് കണ്ടത്.

 ബൈക്കില്‍ കടന്നു പോയ മനുഷ്യന്‍ തിരിഞ്ഞൊന്നു നോക്കി സ്വറ്ററിന്റെ ക്യാപ് തലവഴി മൂടി ബൈക്കില്‍ ചീറിപ്പാഞ്ഞു പോയി.  വിറങ്ങലിച്ചു നിന്ന ഞാന്‍ സ്വബോധം വീണ്ടെടുത്തു. നിലത്തു കുത്തിയിരുന്ന കരഞ്ഞ അവളെ പിടിച്ചെണീപ്പിച്ചു. ചിതറിപ്പോയ അക്ഷരങ്ങളിലൂടെ അവള്‍ കാര്യം പറഞ്ഞു. അയാള്‍ എന്റെ ഇടതു മാറില്‍ പിടിച്ചു ഞെരിച്ചു. പിന്നീടൊന്നും മിണ്ടാന്‍ പറ്റാത്ത വിധം അവള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. 

''ഞാനിന്ന് കോളേജിലേക്കില്ല. ' അവള്‍ കരയാന്‍ തുടങ്ങി. പ്ലസ് വണ്ണിന് പഠിക്കുന്ന കൊച്ചു പെണ്‍കുട്ടിയായിരുന്നു അവള്‍. കര്‍ണ്ണാടകയിലെ കോളാറില്‍ സ്ഥിരതാമസമാക്കിയ തമിഴ്‌നാട്ടുകാരി.  ഞാനവളെ ഹോസ്റ്റലിലേക്ക് തിരിച്ചു കൊണ്ടു ചെന്നു വിട്ടു. 

ബെംഗളൂരു നഗരത്തില്‍ ഇത്തരം സംഭവം സ്ഥിരമായതിനാല്‍ കൂടുതല്‍ ഭയപ്പെടുത്താതെ അവളെ പറഞ്ഞു സമാധാനിപ്പിച്ചു. അതിനു ശേഷമുള്ള ആദ്യത്തെ ഞായര്‍. രാവിലെ ഞാന്‍ എണീക്കും മുന്നേ അവള്‍ പള്ളിയില്‍ പോയിരുന്നു. 
ഞങ്ങളുടെ ഹോസ്റ്റല്‍ നിയമ പ്രകാരം എല്ലാ കുട്ടികളും വൈകീട്ട് കൃത്യം ആറരയ്ക്ക് മുന്‍പെ ഹോസ്റ്റലില്‍ എത്തിയിരിക്കണം. വളരെ ചിട്ടയോടെ ആയിരുന്നു അവിടുത്തെ ഓരോ കാര്യങ്ങളും. അന്ന് വൈകിട്ട് എട്ടു മണി ആയിട്ടും അവള്‍ മടങ്ങി വന്നില്ല. പുറത്ത് ഗേറ്റില്‍ ബെല്‍ മുഴങ്ങി. സ്റ്റഡി ടൈം ആണ്. വാര്‍ഡന്‍ അങ്ങോട്ടുമിങ്ങോട്ടും നടപ്പുണ്ടാകും. രാത്രി പത്തിന് മുന്നേ സ്റ്റഡി ഹോളില്‍ നിന്ന് റൂമില്‍ പോകാന്‍ പാടില്ല. 

ഞങ്ങള്‍ മറ്റുകുട്ടികള്‍ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് ഇരിപ്പാണ്. അവള്‍ വൈകി വന്നതിന്റെ ചീത്ത വിളികള്‍ ഇപ്പോള്‍ കേള്‍ക്കാം എന്ന മുന്‍വിധിയോടെ. പക്ഷേ എല്ലാവരെയും നൂറു ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ക്ക് മുന്നിലൂടെ അവള്‍ കടന്നു പോയി. അഴിഞ്ഞു പാറിയ മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും. 
കുറച്ചു കഴിഞ്ഞു വാര്‍ഡന്‍ എന്നെ വന്നു വിളിച്ചു. ഞാന്‍ അവരെ അനുഗമിച്ചു. വാര്‍ഡന്‍ എന്നെ അവരുടെ മുറിയില്‍ കൊണ്ടിരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. രാവിലെ പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ ഹോസ്റ്റല്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള നാലുംകൂടിയ റോഡില്‍ വെച്ച് അവളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വായ് മൂടിക്കെട്ടി, എന്തോ മണപ്പിച്ചു ബോധം കെടുത്തി. ബോധം വരുമ്പോള്‍ അവള്‍ വൈറ്റ് ഫീല്‍ഡിലെ ഒരു റോഡരികില്‍ കിടക്കുകയാണ്. വസ്ത്രങ്ങള്‍ എല്ലാം സ്ഥാനം തെറ്റിയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പോലും ചിന്തിച്ചെടുക്കാന്‍ കഴിയാത്ത ഭീകരാവസ്ഥ. ആഭരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ദേഹത്ത് അവിടവിടെ നഖം ഉരഞ്ഞ പാടുകള്‍ പോലെന്തോ. 

രണ്ടു ദിവസം മുന്നേ നടന്ന സംഭവവുമായി എനിക്കീ വിഷയത്തോട് ബന്ധം തോന്നി. ഞാനത് സൂചിപ്പിക്കുകയും ചെയ്തു. പക്ഷെ പോലീസില്‍ പരാതി കൊടുക്കാന്‍ വാര്‍ഡന്‍ തയാറായില്ല. അവളുടെ രക്ഷിതാക്കളും അതിനെ സപ്പോര്‍ട്ട് ചെയ്തു. 
'ആ കുട്ടി വല്ലാതെ പേടിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാതെ കൂട്ടിരിക്കണം. എന്തേലും കടുംകൈ ചെയ്താല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ' വാര്‍ഡന്‍ മുന്നറിയിപ്പ് നല്‍കി. എന്നിലെ പെണ്ണത്വം എന്നെ തന്നെ ഭയക്കാന്‍ തുടങ്ങി. 

ഞാന്‍ മുറിയിലെത്തി. അവള്‍ ഭിത്തിയിലേക്ക് തുറിച്ചു നോക്കി ഇരിപ്പാണ്. ഞാന്‍ സമാധാനിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞു. അവള്‍ ഒന്നിനും പ്രതികരിച്ചില്ല. ഇരു കണ്ണുകളുടെ കോണുകളിലൂടെയും അവസാനമില്ലാത്ത പോലെ കണ്ണീര്‍ മാത്രം ഒലിച്ചിറങ്ങി. ഞാനും ആഗ്‌നസ് എന്ന ബീഹാറി പെണ്‍കുട്ടിയും അവള്‍ക്കന്ന് കാവലിരുന്നു. രാത്രി അവള്‍ക്കു വല്ലാതെ പനിച്ചു. മയക്കത്തില്‍ അവള്‍ പലപ്പോഴും പിച്ചും പേയും പുലമ്പി. രാവിലെ വാര്‍ഡന്‍ അറിയിച്ച പ്രകാരം അവളുടെ രക്ഷിതാക്കള്‍ എത്തി. അവളെയും കൂട്ടി ഞാന്‍ വാര്‍ഡന്റെ മുറിയില്‍ എത്തുമ്പോള്‍ അവളുടെ അമ്മ നെഞ്ച് പൊട്ടി കരയുകയാണ്. ' ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല. ' വാര്‍ഡന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 

എനിക്ക് മുന്നില്‍ നിര്‍ജീവമായി അവള്‍ നിന്നു. ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്ത ആ നില്‍പ്പ് എന്നെ കൂടുതല്‍ ദുഖത്തിലും ഭയത്തിലും ആഴ്ത്തി. ഞങ്ങള്‍ക്ക് മുന്നിലൂടെ മെഡിക്കല്‍ പരിശോധനക്കായി മാതാപിതാക്കള്‍ക്കൊപ്പം അവള്‍ നടന്നു പോയി. ആശുപത്രിയില്‍ നിന്ന് കിട്ടിയ വാര്‍ത്ത ശുഭകരമായിരുന്നില്ല.  ഞങ്ങളുടെ ഹോസ്റ്റല്‍ ജീവിതത്തില്‍ പിന്നീടവള്‍ ഉണ്ടായില്ല. 

ഇന്നും അവളെ ഓര്‍ക്കാറുണ്ട്. അവളുടെ ഭീതി നിറഞ്ഞ മുഖം മനസ്സില്‍ തെളിയാറുണ്ട്. നാട്ടില്‍ സന്ധ്യ ആയി തുടങ്ങുമ്പോള്‍ എനിക്ക് പിന്നില്‍ ഏതോ പുരുഷന്റെ നിഴലുണ്ടോ എന്ന് സംശയിക്കാറുണ്ട്. പകല്‍ തനിച്ചായി പോകുമ്പോള്‍ പോലും വീടിന്റെ വാതില്‍ അകത്തു നിന്നും താഴിടാറുണ്ട്. നടക്കുന്ന വഴികളില്‍ ഒക്കെ ഞാനറിയാതെ ഏതോ വേട്ടക്കാരന്‍ പതിയിരിപ്പുണ്ടെന്ന തോന്നല്‍ കടന്നു വരാറുണ്ട്. 

പക്ഷേ പ്രവാസം എന്നിലെ പെണ്ണത്വത്തിനു വല്ലാത്ത സുരക്ഷിതത്വം തരുന്നു. ഇവിടെ ഞാന്‍ രാത്രികാലങ്ങളില്‍ ഭയമില്ലാതെ പുറത്തിറങ്ങി നടക്കുന്നു. കടലുകളെ ചുംബിക്കുകയും നക്ഷത്രങ്ങളെ മിഴികളാല്‍ വാരിപ്പുണരുകയും ചെയ്യുന്നു. ഏത് ഇരുട്ടിലും ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ മധുരം ആവോളം ആസ്വദിക്കുന്നു. എനിക്കിഷ്ടമുള്ള വേഷമിട്ട് നടക്കുന്നു. സദാചാരക്കണ്ണുകള്‍ എന്നെ പിന്‍തുടരുന്നില്ല. മഞ്ഞും ചൂടും ഏല്‍ക്കാന്‍ എനിക്കിവിടെ പകലുകളെ കാത്തിരിക്കേണ്ടതില്ല. 
അതെ... രാത്രികള്‍ സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. 

എന്നാണ് ഞങ്ങള്‍ക്കും നാട്ടില്‍ രാത്രികള്‍ കാണാന്‍ സ്വാതന്ത്ര്യം ഉണ്ടാവുക ? രാത്രികാലങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാവുക. ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ, പ്രതികരികരിക്കുന്ന സ്ത്രീകളെ സദാചാര വടികള്‍ കൊണ്ട് ആക്രമിക്കാതിരിക്കുക ? ആക്രമിക്കപ്പെട്ടവര്‍ ഇരകളല്ല. അവര്‍ പോരാളികളാണ്. വേട്ടക്കാര്‍ക്ക് നേരെയാവട്ടെ നിങ്ങളുടെ ആക്രോശങ്ങള്‍. അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ അതിനനുവദിക്കൂ....! കല്ലെറിഞ്ഞു കൊല്ലാതിരിക്കൂ... ചേര്‍ത്ത് പിടിക്കൂ... ! ഒപ്പമുണ്ടെന്ന് ധൈര്യം നല്‍കൂ. സ്വയം നവീകരിക്കുമ്പോള്‍ നവീകരിക്കപ്പെടുന്നത് സമൂഹമാണ്. സംസ്‌ക്കാരമാണ്.