പ്രവാസം ജീവിതത്തെ ഒരുപാടുയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ട് പലപ്പോഴും പൊള്ളിച്ചിട്ടുണ്ട്. പറിച്ചു നടപ്പെട്ട പല മനുഷ്യരുടെയും വേദനകളില്‍ ഒരുമിച്ച് നിന്നിട്ടുണ്ട്. കൂടുമാറ്റങ്ങള്‍ക്കനുസരിച്ച്  ഓരോ രാജ്യവും ഉപദേശിക്കുന്ന പരിമിതികള്‍ക്കുള്ളില്‍ ചിലപ്പോഴൊക്കെ നിസ്സഹായയായി പലതും നോക്കി നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്.  ഓരോ പ്രവാസിയുടെയും ജീവിതത്തിന് പറയാനുണ്ടാകും പകുക്കപ്പെട്ട സ്വപ്നങ്ങളുടെ, നഷ്ട വേദനകളുടെ കണ്ണീരുണങ്ങാത്ത അനുഭവ കഥ. 
 
നാട്ടില്‍  നിന്ന് ആദ്യമായി ഗള്‍ഫില്‍ വന്ന കാലത്താണ്  പുതിയ വീടന്വേഷണം ഒരു വലിയ ബാധ്യതയാവുന്നത്. നാട്ടിലെ കോടീശ്വരന്‍മാരൊക്കെ ഇവിടെ ജീവിക്കുന്നത് ഒറ്റമുറി വീടുകളിലാണെന്നുള്ള കണ്ടെത്തല്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞിരുന്നു അക്കാലത്ത്. 

ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ ബുര്‍ജുമാന്‍ മെട്രോ സ്റ്റേഷന്റെ അടുത്തായി ഒരു വീടു ശരിയായി. അഡ്വാന്‍സ് കൊടുക്കാന്‍ പോയ സമയത്താണ് ആ അപ്പാര്‍ട്ട്‌മെന്റിന്റെ വാച്ച്മാനെ  ആദ്യം കാണുന്നത്. പ്ലാസ്റ്റിക് ഉരുകിയ പോലെ ദേഹമാസകലം തൊലി ചുളുങ്ങിപ്പിടിച്ച ഒരു മനുഷ്യന്‍. കണ്ടാല്‍ ഭയം തോന്നും വിധം രൂപം മാറിയിരിക്കുന്നു. അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. കണ്ട ഞെട്ടലില്‍ നിന്ന് മുക്തയായ ശേഷം ഞാനയാളോട് ഫ്‌ളാറ്റിന്റെ കാര്യങ്ങള്‍ തിരക്കി, കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ഈ രൂപമാറ്റത്തിന്റെ കാരണവും. 

സുലൈമാന്‍ എന്ന് പേരുള്ള അയാള്‍ മലപ്പുത്തുകാരനാണ്. ഏകദേശം നാല്‍പ്പത്തിയഞ്ച് വയസ് പ്രായം. ഇലക്ട്രിഷ്യന്‍ ആയിട്ടായിരുന്നു ഗള്‍ഫ് ജീവിതത്തിന്റെ തുടക്കം. എല്ലാ പ്രവാസികളെയും പോലെ ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുമായ് ഗള്‍ഫിലേക്ക് സ്വപ്നങ്ങളെ പറിച്ചു നട്ട ഒരാള്‍. ചെറിയ ശമ്പളം കൊണ്ടാണെങ്കിലും ജീവിതം മെച്ചപ്പെട്ടു വരികയായിരുന്നു. കുടുംബം നാട്ടില്‍. അഞ്ച് പെണ്‍മക്കള്‍. 

ജോലി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റിലെ ജനറേറ്റര്‍ റൂമിലായിരുന്നു രാത്രി കിടപ്പ്. അങ്ങനൊരു ദിവസം രാത്രി ഷോട്ട് സര്‍ക്യൂട്ട് വഴി  മുറിയില്‍ തീ പിടിച്ചപ്പോള്‍ പൊള്ളിവെന്ത തന്റെ ശരീരത്തിന്റെ അവശേഷിക്കുന്ന തെളിവാണ് എനിക്ക് മുന്നില്‍ ഉരുകി ഒലിച്ചു നില്‍ക്കുന്ന മെഴുകുതിരിയുടെ രൂപം പോലുള്ള മനുഷ്യന്‍

'എത്ര വര്‍ഷമായി ഇപ്പോള്‍ ഇത് സംഭവിച്ചിട്ട് '? ഞാന്‍ ചോദിച്ചു. '6 വര്‍ഷം... കഴിഞ്ഞു. പിന്നീട് നാട്ടില്‍ പോയിട്ടില്ല. പെണ്‍മക്കളെ രണ്ടു പേരെ ഇനീം കെട്ടിക്കാന്‍ ബാക്കിണ്ട്''. ഞാനിവിടെ നിന്നാലെ അവര്‍ക്ക് ജീവിതമുണ്ടാകൂ...'. അത് പറയുമ്പോള്‍ ആ മനുഷ്യന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അയാള്‍ക്ക് നല്‍കാന്‍ സ്വന്തമായ് സമ്പാദിച്ച നൂറ് ദിര്‍ഹം പോലും കൈവശമില്ലാതിരുന്ന നിസ്സഹായത എന്നെ അതീവം പരവശപ്പെടുത്തി. സുലൈമാന്‍ യഥാര്‍ത്ഥ പ്രവാസജീവിതത്തിന്റെ കണ്ണാടിയാണ്. പ്രവാസം ഏറിയ പേര്‍ക്കും ഇതുപോലൊരു ഉരുകിത്തീരല്‍ ആണ്... നാട്ടില്‍ തന്നെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കായ് വെളിച്ചം തെളിയിക്കാന്‍ നിലം ചേരുവോളം മെഴുകുതിരി പോലെ ഉരുകുന്നവര്‍... നാട്ടിലുള്ളവര്‍ പലപ്പോഴും മണലാരണ്യത്തിന്റെ ഉഷ്ണമറിയുന്നില്ല... ആ ഉഷ്ണം ഇവിടെ ജീവിതം തരിശാക്കപ്പെട്ടു പോയ സുലൈമാനെ പോലുള്ള പല നിസ്സഹായരായ മനുഷ്യരുടെയും വിയര്‍പ്പിന്റെ ഉഷ്ണമാണ്..!