രു സന്ധ്യക്ക് ബെംഗളൂരു നഗരത്തില്‍ വെച്ചാണ് അവളെ ഞാന്‍ വീണ്ടും കാണുന്നത്. ജീവിച്ചിരിക്കുന്ന കഥാപാത്രമായതുകൊണ്ട് അവളെ ഞാന്‍ ഇവിടെ ജിനുമോള്‍ എന്ന് സംബോധന ചെയ്യട്ടെ. എനിക്കത്രമേല്‍ പരിചിതമായ ഒരു പ്രദേശത്തെ ബധിരയും മൂകയുമായ ഒരമ്മയുടെ മകളായിരുന്നു. അവിഹിത ഗര്‍ഭത്തിന്റെ സകല അപമാനങ്ങളും പേറി വളര്‍ന്ന പെണ്‍കുട്ടി. 

പിഴച്ചവള്‍ എന്ന് അമ്മയെ നാലുപാടും സദാചാര സമൂഹം കല്ലെറിഞ്ഞപ്പോള്‍ തന്തയില്ലാത്തവള്‍ എന്ന് ആ മകളെയും കല്ലെറിഞ്ഞു. വഴി പിഴപ്പിച്ചന്‍ പഴി കേട്ടില്ല. അവനു ജീവിതം നഷ്ടപ്പെട്ടതില്ല. അവന്‍ അപമാന ഭാരം തലയില്‍ ചുമക്കേണ്ടിയും വന്നില്ല. നമ്മുടെ പൊതുബോധ നിര്‍മിതി അത്തരത്തില്‍ ആണല്ലോ. 

പഠനകാലത്ത് ഒരുപാട് തവണ ഞാന്‍ ജിനുമോളുടെ അമ്മയെ കണ്ടിട്ടുണ്ട്. അവരെ കാണുമ്പോള്‍ കുട്ടികള്‍ കളിയാക്കി ചിരിക്കുമായിരുന്നു. അവര്‍ ഒച്ച വെയ്ക്കുകയും ഉച്ചത്തില്‍ ചിരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ നീളമുള്ള ബ്ലൗസിന് മീതെ കൂടി പുതച്ചിട്ട തോര്‍ത്തെടുത്ത് കുട്ടികള്‍ക്ക് നേരെ വീശി അക്ഷരങ്ങള്‍ തേഞ്ഞു പോയ തന്റേതായ ഏതോ ഭാഷയില്‍ കുട്ടികളെ വഴക്ക് പറയുമായിരുന്നു. 

ജിനുമോള്‍ കാണാന്‍ മിടുക്കി ആയിരുന്നു. പഠിപ്പില്‍ അത്ര മിടുക്കി ആയിരുന്നില്ലതാനും. എന്നെക്കാള്‍ ആറോ ഏഴോ വയസിന് ഇളയതാവണം. പി. ജി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാംഗ്ലൂരില്‍ ഞാന്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആ കാലത്താണ് അന്ന് വീണ്ടുമാ സന്ധ്യക്ക് ജിനുമോളെ അപ്രതീക്ഷിതമായി സ്‌കൂള്‍ കാലത്തിനു ശേഷം വീണ്ടും കാണുന്നത്. 

മടിവാളയിലെ കനത്ത തിരക്കിലൂടെ ഹോസ്റ്റലിലേക്ക് തിരക്കിട്ട് ഓടുന്നതിനിടയില്‍ ഇരുട്ടത്ത് 'ഹണിചേച്ചീ.... ' എന്ന ഉച്ചത്തിലുള്ള നീട്ടി വിളിയോടെ അവള്‍ വന്ന് കയ്യില്‍ പിടിച്ചു.  പരിസരം നോക്കാതെ വര്‍ത്താനം പറയുന്ന സ്വഭാവം അവള്‍ക്കുള്ളതിനാല്‍ തന്നെ 'തെറിച്ച പെണ്ണ്' എന്ന വിളിപ്പേരില്‍ പരിചിതര്‍ക്കിടയില്‍ അവള്‍നോട്ടപ്പുള്ളിയായിരുന്നു. 

'എവിടാണ് താമസം ' എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഹോസ്റ്റലിന്റെ പേര് പറഞ്ഞു. അവള്‍ ബാംഗ്ലൂരില്‍ ഏതോ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയായി ചേര്‍ന്നതേ ഉള്ളൂ. പതിനെട്ടു വയസ്സില്‍ താഴെ പ്രായമേ അന്നവള്‍ക്ക് ഉള്ളൂ. രാത്രി ആയതുകൊണ്ട് കൂടുതല്‍ വിശേഷം പറച്ചിലുകള്‍ക്ക് നില്‍ക്കാതെ ഞാന്‍ നടന്നു. 
പിറ്റേ ദിവസം അതി രാവിലെ ഹോസ്റ്റല്‍ റൂമിലെ കോളിംഗ്‌ബെല്‍ ശബ്ദിച്ചപ്പോള്‍ ഉറക്കച്ചുടവോടെ ഞാനാണ് ചെന്ന് വാതില്‍ തുറന്നത്. 

കയ്യില്‍ വളരെ ചെറിയ ബാഗും പിടിച്ചു ചിരിച്ചു കൊണ്ട് അവള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നു. എന്റെ റഫറന്‍സും പറഞ്ഞാണ് ഹോസ്റ്റലില്‍ അഡ്മിഷന്‍ എടുത്തിരിക്കുന്നതെന്ന് പിന്നാലെ വന്ന വാര്‍ഡന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വായും പൊളിച്ചു നിന്നു. 
എന്തോ പന്തികേടുണ്ടല്ലോ എന്ന് ആലോചിച്ചു നിന്നപ്പോള്‍ വാര്‍ഡന്‍ അതും പറഞ്ഞു. ഫീസ് തന്നിട്ടില്ല. ഒരാഴ്ച കഴിഞ്ഞു തരാം എന്ന് പറഞ്ഞു. ഹണിയുടെ സുഹൃത്താണെന്ന് പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത് എന്ന്. 

ഉള്ളില്‍ തികട്ടി വന്ന നീരസം കടിച്ചു പിടിച്ചു കൂടുതല്‍ ഒന്നും പറയാതെ മുന്നില്‍ വന്നു നിന്ന കണിയെ ഞാന്‍ മുറിയിലേക്ക് സ്വീകരിച്ചു. എന്റെ മുറിയില്‍ പതിനാറു പേരാണ് ഉണ്ടായിരുന്നത്. അതില്‍ ഏറെയും ജര്‍മ്മന്‍ പഠിക്കാന്‍ നാട്ടില്‍ നിന്നും വിദേശത്ത് നിന്നും നാട്ടില്‍ വന്ന സ്ത്രീകള്‍ ആയിരുന്നു. ഏതോ ഏജന്‍സി മുഖേന ജര്‍മ്മനിയിലെ ഹോസ്പിറ്റലിലേക്ക് ജോലിക്കായി തയാറെടുക്കുന്നവര്‍. ജിനുമോള്‍ വന്ന അന്ന് മുതല്‍ അവളുടെ രീതികള്‍ അവിടെ ആര്‍ക്കും പിടിച്ചിരുന്നില്ല. അവളുടെ രാത്രികാലങ്ങളിലെ ഫോണ്‍ വിളികളും ഉറക്കെയുള്ള സംസാരവുമെല്ലാം അവരുടെ പഠനത്തെയും ഉറക്കത്തേയും മുഷിപ്പിച്ചു. 

ഹോസ്റ്റലിലെ ഭക്ഷണം ജിനുമോള്‍ ഇഷ്ട്ടപ്പെട്ടില്ല. വലിയ കമ്പനികള്‍ മാത്രം കൊടുക്കുന്ന ഫുഡ് കൂപ്പണ്‍ കൊടുത്ത് ഹോട്ടലില്‍ നിന്ന് വിഭവ സമൃദ്ധമായ ഭക്ഷണം വാങ്ങി കഴിക്കുന്നത് സ്ഥിരമായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ഇത് എവിടുന്നെന്ന് തിരക്കി. ഒരു സുഹൃത്ത് തന്നതാണെന്ന് അറിയിച്ചു. ഇത്രയും വിലയുള്ള മന്ത്‌ലി ഫുഡ് കൂപ്പണ്‍ സംഭാവന ചെയ്യാന്‍ മാത്രം വിശാലരാണോ അവളുടെ സുഹൃത്തുക്കള്‍ എന്ന അവിശ്വാസ്യത മനസ്സില്‍ വന്നെങ്കിലും മറുപടി പറഞ്ഞില്ല. വളരെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി സ്വീകരിക്കുന്ന രീതികള്‍ ഒന്നും ഞാന്‍ അവളില്‍ കണ്ടതേയില്ല.  

ഒരു ദിവസം രാത്രി വേച്ചുവേച്ചാണ് ജിനുമോള്‍ റൂമിലേക്ക് കയറി വന്നത്. കാലുകള്‍ രണ്ടും ഉറപ്പിച്ചു നിര്‍ത്താതെ അകത്തി വെച്ച് പതിയെ നടന്നു വന്ന അവളുടെ രൂപം ഒരിക്കലും മറക്കില്ല. മദ്യപിച്ചു എന്ന തോന്നലിനപ്പുറം വേറെ സംശയങ്ങള്‍ ഒന്നും ആ കാഴ്ച എന്നില്‍ ഉണ്ടാക്കിയില്ല. 

അവള്‍ ഉറങ്ങി കഴിഞ്ഞപ്പോള്‍ റൂമിലെ മറ്റു സ്ത്രീകള്‍ അടക്കം പറഞ്ഞു. 'ഈ കുട്ടി എന്തൊക്കെയോ അപകടത്തില്‍ ചെന്ന് പെട്ടിട്ടുണ്ട് , നല്ല രീതിയില്‍ അല്ല പോക്ക്. അവളെ ആരൊക്കെയോ ഉപയോഗിക്കുന്നുണ്ട്. അവള്‍ ജീവിക്കാനുള്ള പണമുണ്ടാക്കുന്നതും ആ വഴിക്കാണ്.' ഞങ്ങള്‍ വിവാഹിതരായ സ്ത്രീകളാണ്. ആ കുട്ടി ഇന്ന്  വന്ന കോലം മാത്രം മതി അവള്‍ക്കെന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാന്‍.'.

പിന്നീടുള്ള ദിവസങ്ങളില്‍ ഹോസ്റ്റലില്‍ നിന്ന് പലരുടെയും സാധനങ്ങള്‍ കാണാതായി തുടങ്ങി. കള്ളി ആരെന്നു പിടിക്കപ്പെടാതെ ദിവസങ്ങള്‍ പോകെ ഒരു ദിവസം മാസം ഒരിക്കല്‍ കൃത്യമായി വന്നു പോകുന്ന വയറു വേദനയാല്‍ ജോലിക്ക് പോകാന്‍ സാധിക്കാതെ എനിക്ക് മുറിയില്‍ തന്നെ ഇരിക്കേണ്ടി വന്നു. അന്ന് ജിനുമോളും മുറിയിലുണ്ട്. അവള്‍ കോളേജില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടേയില്ല.

ഞാന്‍ കുളിച്ചു മാറാന്‍ എടുത്തു വെച്ച തുണികള്‍ക്കിടയില്‍ നിന്ന് 'ചിലതു' മാത്രം കുളിച്ചു വന്നപ്പോള്‍ കാണാനില്ല. കള്ളന്‍ കപ്പലില്‍ തന്നെയാണ് എന്ന് പാകമാകാത്ത ' ചിലതിട്ടു ' നടന്ന  അവളില്‍ നിന്ന് നേരിട്ടെനിക്ക് ബോധ്യപ്പെട്ടു. അവളുടെ ഗതികേട് ആവുമെന്ന് കരുതി ഞാന്‍ ചോദിച്ചില്ല. അലമാരയുടെ കീ വിരലില്‍ തൂക്കികൊണ്ടായി പിന്നീടെന്റെ നടപ്പ്. അന്ന് രാത്രി ഡിന്നറിന്റെ സമയത്ത് അപ്പുറത്തെ മുറിയിലെ രശ്മി പറഞ്ഞ് മറ്റൊരു മോഷണ കഥ കൂടിയറിഞ്ഞു. അലക്കിയിട്ട എന്റെ ജാക്കറ്റ് കാണാനില്ല. ജിനുമോള്‍ അതുപോലെ തന്നെ ഒരെണ്ണം ഇട്ടു പോകുന്നത് ഞാന്‍ കണ്ടിരുന്നു.  അതിന്റെ കൈമടക്കു ലേശം കീറിയിരുന്നു. അതും അതുപോലെ തന്നെ അവളിട്ട ജാക്കറ്റില്‍ ഉണ്ട്'.

'അത്ര ഉറപ്പുണ്ടെങ്കില്‍ നീ നേരിട്ട് ചോദിക്കൂ... ' ഞാന്‍ അവളെ ഉപദേശിച്ചു. രശ്മി അന്ന് ജിനുമോള്‍ വന്ന സമയത്ത് ആരും കാണാതെ അവളോട് പറഞ്ഞു. 'ഇതെന്റെ ജാക്കറ്റ് ആണ്. വാര്‍ഡനോട് പറയണ്ടെങ്കില്‍ ഊരി തന്നേക്ക്.''. ജിനുമോള്‍ അത് ഊരി ക്കൊടുത്തു. പക്ഷേ പിറ്റേന്ന് അത് ഹോസ്റ്റലില്‍ പാട്ടായി. വാര്‍ഡന്‍ റൂമില്‍ വന്നു അവളില്ലാത്ത നേരം അവളുടെ ബാഗ് പരിശോധിച്ചു. അതില്‍ മോഷ്ടിക്കപ്പെട്ട പലരുടെയും വസ്തുക്കള്‍. സ്‌പ്രേ, ജീന്‍സ്, ടോപ്പുകള്‍, അടിവസ്ത്രങ്ങള്‍, പിന്നെ ചിതറി കിടക്കുന്ന കുറെ പാഡുകള്‍. ഇട്ട വസ്ത്രമല്ലാതെ മറ്റൊന്നും അവള്‍ ഹോസ്റ്റലിലേക്ക് കൊണ്ട് വന്നിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. 

അന്ന് വൈകിട്ട് ഞാന്‍ അവളെ പിടിച്ചിരുത്തി കുറെ ഉപദേശിച്ചു. അവള്‍ പൊട്ടിക്കരഞ്ഞു കുറെ കാര്യങ്ങള്‍ പറഞ്ഞു. 
''ചേച്ചിക്കറിയോ... ഞാനെന്താ ഇങ്ങനെ ആയി പോയതെന്ന് ? തന്തയില്ലാത്തവള്‍ എന്ന് കേട്ട് കേട്ടാ വളര്‍ന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്നെ ആദ്യം പീഡിപ്പിച്ചത് എന്റെ അമ്മാവന്‍ ആയിരുന്നു. ഒരു ദിവസം വീട്ടില്‍ തങ്ങാന്‍ വന്ന അയാള്‍ എന്നെ പുലരുവോളം പീഡിപ്പിച്ചു. മിണ്ടിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ ഒച്ച വെച്ചപ്പോള്‍ ബധിരയായ എന്റെ അമ്മയ്ക്കതു കേള്‍ക്കാന്‍ പറ്റിയില്ല. അയാളെ പേടിച്ചു ഞാന്‍ ആരോടും പറഞ്ഞില്ല. അവരൊക്കെ പണക്കാരാ. ചിലപ്പോ കൊല്ലുകയും ചെയ്യും. പിന്നീട് പലപ്പോഴും അമ്മയുള്ളപ്പോഴും ഇല്ലാത്തപ്പോഴും അമ്മാവന്‍ വീട്ടില്‍ വന്നു. എന്നെ ആവശ്യാനുസരണം ഉപയോഗിച്ചു. 

ചെവി കേള്‍ക്കാത്ത എന്റെ അമ്മ അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ ഇപ്പുറത്തെ മുറിയില്‍ അയാള്‍ എന്നെ ദയയില്ലാതെ പീഡിപ്പിച്ചു. 'ഇനി പറ... ഞാന്‍ ഇങ്ങനെ വഴി പിഴച്ചു പോയതില്‍ അത്ഭുതമുണ്ടോ '? എന്റെ അപ്പന്‍ ആരെന്നു അറിയുന്ന നിമിഷം അയാളെ ഞാന്‍ കൊല്ലും. പിന്നെ അമ്മാവനെ' അവള്‍ പകയോടെ അലമുറയിട്ടു കരഞ്ഞു. 

എന്റെ അനിത്തിയുടെ പ്രായമേ ജിനുമോള്‍ക്ക് ഉള്ളൂ. ഞാന്‍ എന്തിനോ ജിനുമോള്‍ക്കൊപ്പം അവളെ ചേര്‍ത്ത് പിടിച്ചു കരഞ്ഞു. അവളോട് വല്ലാത്ത വാത്സല്യവും സഹതാപവും തോന്നി. 
'ഇനിയും സമയമുണ്ട് ജീവിതത്തെ വീണ്ടെടുക്കാന്‍. നീ കോളേജില്‍ പോണം. നന്നായി പഠിക്കണം. മറ്റുള്ളവര്‍ക്ക് അസൂയ തോന്നിപ്പിക്കും ഉയര്‍ച്ചകളിലേക്ക് എത്തണം. അങ്ങനെയാണ് നിന്നെ ഇങ്ങനെ ആക്കി തീര്‍ത്തവരോട് പകരം വീട്ടേണ്ടത്.'തിരുത്തുമെന്ന് കണ്ണീരോടെ അവള്‍ സത്യം ചെയ്തു. പക്ഷെ അന്നവളെ ഹോസ്റ്റലിനു അടുത്തുള്ള ജിമ്മില്‍ നിന്ന് ആരുടെയോ വിലകൂടിയ മൊബൈല്‍ മോഷ്ടിച്ച കുറ്റത്തിന്  പോലീസുകാര്‍ അറസ്റ്റു ചെയ്തുകൊണ്ട് പോയി. ഇട്ട വേഷത്തില്‍ ഇറങ്ങി പോയ അവള്‍ പിന്നീട് ഹോസ്റ്റലിലേക്ക് മടങ്ങി വന്നേ ഇല്ല. ആരും തിരക്കി ചെന്നതുമില്ല.

ഇത്തരം എത്രയോ പീഡനകഥകള്‍  പലരില്‍ നിന്ന് കേട്ടിട്ടുണ്ട്. പീഡോഫീലിയ ചില ജീവിതങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന മുറിവുകള്‍ ആഴമുള്ളതും ഭയപ്പെടുത്തുന്നതുമാണ്. അവരുടെ നിഷ്‌ക്കളങ്കതയെ ചൂഷണം ചെയ്യുന്നതിനോളം വല്യ വൈകൃതം മറ്റൊന്നില്ല. അത്തരം ദുരനുഭവങ്ങള്‍ അവ വേരോടെ ചില കുഞ്ഞുജീവിതങ്ങളുടെ വഴികളെ പിഴുതു കളയും. ചിലരില്‍ ഭയത്തിന്റെ, പുരുഷ വിദ്വേഷത്തിന്റെ സൂചിമുനകള്‍ കുത്തിയിറക്കും. 

ഒരായുഷ്‌ക്കാലം മുഴുവന്‍ നീറിക്കും. ചിലര്‍ ആത്മഹത്യ ചെയ്യും. അറിയുന്ന ശിശുപീഡനങ്ങളെക്കാള്‍ അറിയാതെ പോകുന്നതാണ് കൂടുതല്‍. ഈ വനിതാദിനത്തില്‍ ആഗ്രഹിക്കാന്‍ ഒരു സ്ത്രീയെന്ന നിലയില്‍ ഒന്ന് മാത്രമേയുള്ളൂ. ഭയമില്ലാതെ പെണ്‍കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും ജീവിക്കാനുള്ള സാഹചര്യം. അവള്‍ കേവലം ഒരു ശരീരം മാത്രമല്ലെന്ന് വേദനയോടെ കാലത്തോട് ഒന്ന് ഓര്‍മ്മപ്പെടുത്തട്ടെ....