കടലിനക്കരെ നിന്നും കേള്‍ക്കുന്നുണ്ട് മഴയുടെ മുറുകിയ താളം. ഏകാന്തതയും വിഷാദവും ഒരുമിച്ചലിഞ്ഞു നീലിക്കുന്ന രാത്രികളിലേക്ക് ചിന്നം വിളിക്കുന്നു ഇടിമിന്നലിനൊപ്പം കാറ്റും... മഴയോളം ചിന്തിപ്പിച്ച മറ്റൊരു കാഴ്ച്ചയുമില്ല. അത്രമേലെന്റെ ജീവിതത്തോട് പിണഞ്ഞു കിടപ്പുണ്ട് മഴയുടെ പൊക്കിള്‍ക്കൊടി നനവുകള്‍.

ഇടിയും മിന്നലും താണ്ഡവം മുറുക്കുമ്പോള്‍ അടുക്കളയുടെ ചാണകം മെഴുകിയ തറയിലേക്കു ചിമ്മിനിയുടെ പഴുതിലൂടെ വന്നു വീഴുന്ന മഴവെള്ളം. നിലത്തു വര്‍ഷകാലം നിലയ്ക്കുവോളം തുടരുന്ന ഞളുപ്പിലും മുഷിപ്പ് പറച്ചിലുകള്‍ ഇല്ലാതെ പുലര്‍ച്ചയും അടുപ്പില്‍ നനഞ്ഞ വിറകിലേക്ക് തീ പടര്‍ത്താന്‍ ആഞ്ഞൂതുന്ന അമ്മമേഘം. 

കാറ്റ് വീശുമ്പോള്‍ പുരപ്പുറത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന പിന്‍ വശത്തെ റബര്‍ മരങ്ങളെ കുറിച്ചുള്ള ആധികള്‍. തുറന്നിട്ട ജാലകങ്ങള്‍ കാറ്റ് വീശുമ്പോള്‍ വന്നടയുന്ന ശബ്ദത്തില്‍ എത്ര രാത്രികള്‍ കവിതക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു. മഴയെ ചേര്‍ത്തുപിടിച്ചു അമ്മമഴയ്‌ക്കൊപ്പം എത്ര പെയ്തിരിക്കുന്നു. എന്നാലും ഇഷ്ട്ടമായിരുന്നു മഴയെ.  മഴ ഓരോ കാലങ്ങളിലും ഓരോ അനുഭവമായിരുന്നു.

അനുഭവങ്ങളില്‍ അത്രമേല്‍ മനോഹരമായൊരു മഴയോര്‍മ്മയുണ്ട്.  ജീവിതത്തിന്റെ തോണി കരയിലേക്കടുപ്പിക്കാനുള്ള തുഴച്ചിലില്‍ ആധികളെല്ലാം ഒഴിയുന്നൊരു വസന്തകാലം വന്നാല്‍ മഴയ്‌ക്കൊപ്പം അലഞ്ഞു നടക്കാന്‍ കൊതിക്കുന്ന മഴയിടം. 

പയ്യന്നൂരില്‍ ഒരു പരിപാടി കഴിഞ്ഞു വൈകി മടങ്ങേണ്ടി വന്നൊരു ദിനമാണ്  ബന്ധുവീട്ടിലേക്ക്  വീണ്ടും കര്‍ക്കിടക മഴയുടെ തണുപ്പുമായ് കടന്നു ചെല്ലുന്നത്.  മുന്നില്‍ വളപട്ടണം പുഴ. ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശത്താല്‍ എന്നും മടക്കി വിളിക്കുന്ന വീടും... അവിടെ ആ  പുഴയുടെ തീരത്ത്, പുഴയിലേക്ക് മുഖം തുറന്നു കിടക്കുന്ന വീട്ടില്‍, മുകള്‍ നിലയിലെ നിശബ്ദ സൗകുമാര്യത്തില്‍ വന്നിരിക്കുമ്പോഴൊക്കെ  പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാര വായ്പ്പിന്റെ വേലിയേറ്റമാണ് ഹൃദയത്തില്‍ അലയടിക്കുക.

മൂവന്തിയില്‍ കടലിനക്കരെ ചക്രവാളം സുമംഗലിയായി നാണത്തില്‍ തുടുത്തു നില്ക്കും.. ശ്യാമവര്‍ണ്ണം ആകാശത്ത് തൂവി തെറുപ്പിച്ച് പുഴയിലേക്ക് മുങ്ങി നിവരുമ്പോള്‍ പകല്‍ കറുത്ത തെറ്റുടുത്ത് നിലാവില്‍ മുഖം മിനുക്കി നില്ക്കും.. 

എനിക്ക് വളപട്ടണം പുഴ ഏറ്റവും സുന്ദരിയായി തോന്നുന്നത് മഴ ചാറുന്ന രാത്രികളില്‍ ആണ്.... പറശ്ശിനിക്കടവ് അമ്പല ദര്‍ശനത്തിനു നാട്ടില വരുമ്പോഴൊക്കെ പോകുന്നത് ഈ പുഴയുടെ ഹൃദയ വിശാലത കണ്‍ കുളിര്‍ക്കെ കാണാനാണ്... 

രാവേറെ ആവുമ്പോള്‍ അനേകം റാന്തല്‍ വിളക്കുകള്‍ പുഴക്കരയില്‍ തെളിയും... മീന്‍ കൂടകളും വലകളും എറിഞ്ഞു മടങ്ങി പോവുന്ന ഗ്രാമീണര്‍... ചാഞ്ഞും ചെരിഞ്ഞും തോണികള്‍ വിദൂരതയിലേക്ക് മങ്ങി അകലും... തോണി തുഴഞ്ഞെത്തുന്ന അരയനു വഴി മാറി തുഴയാന്‍ വലകള്‍ എറിഞ്ഞ ഇടങ്ങളില്‍ പ്രകാശിച്ചു നില്ക്കും കെടാവിളക്കുകള്‍... 

നിലാവ് പടര്‍ന്നു കിടക്കുന്ന പുഴ കടല്‍ പോലെ വിശാലം... ഏറെ ദൂരെ, പുഴയ്ക്കക്കരെ വീടുകളില കാണാം ഇനിയും ഊതിക്കെടുത്താത്ത പ്രകാശ വലയങ്ങള്‍ പൊട്ടു പോലെ മിന്നുന്നത്... ചെരിഞ്ഞു പെയ്യുന്ന മഴയില്‍ പാതി മെയ് മറച്ചു വെയ്ക്കുന്ന ജല നിബിഡത... ദൂരെ പെയ്തു അടര്‍ന്ന മേഘപാളികളുടെ തിരുശേഷിപ്പുകള്‍ ചെമ്മണ്ണിന്‍ നിറത്താല്‍ ഒരു ശിരോ വസ്ത്രം പോലെ പുഴയ്ക്കു മീതെ ചുളുങ്ങി ഒഴുകും.. 

മലബാറിലെ പുഴകള്‍ കടലിനോടു സംഗമിക്കുന്ന സമുദ്ര സമാഗമം ആണ് വളപട്ടണം പുഴ.... എന്റെ പ്രഭാതം ഈ കണി കണ്ടുണരുമ്പോള്‍ മനസിന് കടല്‍ കാറ്റിന്റെ കുളിര്.... ഇറുകെ പുണരുന്ന തണുത്ത കരങ്ങള്‍.. ഇരമ്പി ആര്‍ക്കുന്ന ഓളങ്ങളുടെ രൗദ്രത, ചിലപ്പോള്‍ ഒരു കുഞ്ഞിന്റെ മുഖം പോലെ പ്രസന്നവും ശാന്തവും...

കടവിനോട് ചേര്‍ത്ത് കെട്ടിയ തോണികളുടെ അമരത്ത് മീനനക്കങ്ങള്‍ക്ക് കാഴ്ച മൂര്‍ച്ചപ്പെടുത്തി നീലപൊന്മാന്‍ കൂട്ടങ്ങള്‍ ... വെള്ളക്കൊറ്റികള്‍, ദിശ തേടി പറക്കുന്ന പേരറിയാ പറവകള്‍...

പുലര്‍ച്ചെ മണല്‍ വാരാന്‍ എത്തുന്ന തൊഴിലാളികള്‍.. അവരിലൊക്കെ ഗ്രാമത്തിന്റെ വിശുദ്ധി കാണാം. മുണ്ടുടുത്ത് തലയില തോര്‍ത്ത് കെട്ടി ആവേശഭരിതരായി ജോലി ചെയ്യുന്നവര്‍.. മണല്‍ കയറ്റാന്‍ നിരന്നു കിടക്കുന്ന ലോറികള്‍.. തലേ ദിവസം എറിഞ്ഞ വലകളിലും കൂടകളിലും നിറഞ്ഞു കാണുന്ന മത്സ്യ സമൃദ്ധിയില്‍ സന്തോഷ തിമിര്‍പ്പ് കാട്ടുന്ന ആളുകള്‍... ഓല മറച്ച തട്ടുകടയില്‍ ചൂട് ചായയൂറ്റി കുടിക്കുന്ന നിവാസികള്‍, അരയന്മാര്‍.. 

കരയിലേക്ക് പുഴയോളങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ ഹൃദയം ഒരു കൊച്ചുകുട്ടിയുടെതാകും.. ശക്തമായി മഴ പെയ്യുമ്പോള്‍ വീട്ടു മുറ്റത്തേക്ക് വെള്ളം കയറും... ആഷാഢം ജലതരംഗങ്ങള്‍ സൃഷ്ടിച്ചു തൊടിയിലെ പച്ചപ്പില്‍ നൃത്തം ചെയ്യും, തുള്ളി തിമിര്‍ക്കും.. തെങ്ങുകള്‍ ചുമല്‍ കുലുക്കും... ചെടികള്‍ തിരകളുടെ ആഴങ്ങളില്‍ മൂങ്ങാംകുഴിയിടും വേലിയിറക്കം വരും വരെ.. 

രണ്ടു നിറങ്ങളിലാണ് മഴ പെയ്യുന്ന ദിവസങ്ങളില്‍ ഈ പുഴ... രണ്ടായി പകുത്ത പോലെ.. അന്യം നില്ക്കാന്‍ മടിക്കുന്ന കാലത്തിന്റെ നിറഞ്ഞ യൗവ്വനം ആണ് പുഴകള്‍... ഓരോ പുഴയും പറയുന്നത് ഗ്രാമങ്ങളെ കുറിച്ചാണ്... വിശപ്പിനെ കുറിച്ചാണ്... അരയന്റെ ആവലാതികളെ കുറിച്ചാണ്.. പറയാതെ പറയുന്നത് സമുദ്ര ഗര്‍ഭങ്ങളില്‍ മരണപ്പെട്ട ആരുടെയൊക്കെയോ പ്രതീക്ഷകളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും... 

ഇവിടെയുള്ള രാത്രികളില്‍ ഈ പുഴ കണ്ടിരിക്കുമ്പോള്‍ ഞാന്‍ പ്രകൃതിയുടെ പ്രണയിനിയാവും... നനവിന്‍ ഗന്ധങ്ങളെ ഉമ്മ വെയ്ക്കും... ഇവിടെയല്ലാതെ മറ്റെങ്ങും അനുഭവിക്കാന്‍ കഴിയാത്ത ഏകാന്തതയുടെ പൊന്‍വെട്ടത്തില്‍ മറ്റെല്ലാ കാഴ്ചകളുടെയും ഭാണ്ഡം മുറുക്കി കെട്ടി, ഓര്‍മ്മകളുടെ താഴ് പൊളിച്ച് ഞാനൊരു ശംഖിലേക്ക് ഒളിച്ചു കടക്കും... ഞാന്‍ മാത്രം കേള്‍ക്കുന്ന ഇരുളിന്‍ സ്വനങ്ങളില്‍ ശംഖിനറ്റത്തൊരു ജലബിന്ദുവായി നിന്നിലേക്ക് മിഴി കൂര്‍പ്പിക്കുന്ന, നിന്നിലേക്ക് ആത്മാവും മനസും ചേര്‍ത്ത് ചുംബിക്കുന്ന നിന്റെ മാത്രം പ്രണയിനി... 

മഴ ഓര്‍മ്മകളിലേക്ക് വീണ്ടും തിമിര്‍ത്തു പെയ്യുന്നു. വര്‍ഷകാലത്തിന്റെ ഇരമ്പലുകള്‍ ഒരു തോണിപ്പാട്ടോടെ കടല്‍ മുറിച്ചു കടന്നു വന്നു മരുഭൂമിയുടെ ഈ ഊഷരക്കാറ്റില്‍ തൊട്ടു വിളിക്കുന്നു.