തിരുവനന്തപുരത്ത്, നന്തന്‍കോട് നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ടാണ്   'ആസ്ട്രല്‍ പ്രോജെക്ഷന്‍' എന്ന വാക്ക്, മലയാളിയുടെ ചര്‍ച്ചമേശകളില്‍ എത്തുന്നത്. 'ആസ്ട്രല്‍ പ്രോജെക്ഷന്‍,'സാത്താന്‍സേവ' ഇവയൊക്കെ ഭീതിജനകവും,അത്യന്തം ചൂടുള്ളതുമായ വാര്‍ത്താവിശകലനങ്ങളായി കഴിഞ്ഞ രണ്ടാഴ്ച്ചകളായി ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൊക്കെത്തന്നെ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. 

കുറ്റവാളി എന്ന് സംശയിക്കപ്പെടുന്ന മകന്‍ പോലീസ് കസ്റ്റഡിയിലാണെങ്കിലും, കൊലയ്ക്കു പിന്നിലെ യാഥാര്‍ത്ഥ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും, ഊഹാപോഹങ്ങള്‍ക്കപ്പുറത്ത് കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണമായി, പോലീസ് ഭാഷ്യവും, വീട്ടിലെ വേലക്കാരിയുടെ മൊഴികളും ഒരേ പോലെ,കുടുംബബന്ധങ്ങള്‍ക്കിടയിലെ അകലത്തിലേക്കു വിരല്‍ചൂണ്ടുന്നു. 

എവിടെയാണ് ഏറ്റവും മഹത്തരം എന്ന് നമ്മള്‍ അഭിമാനം കൊണ്ടിരുന്ന കുടുംബബന്ധങ്ങളുടെ ഇഴകള്‍ പൊടിഞ്ഞു തുടങ്ങിയത്? എന്തുകൊണ്ടാണ് ശരണാലയങ്ങളും, വൃദ്ധസദനങ്ങളും അടുത്തകാലത്തായി കിലോമീറ്ററുകളുടെ മാത്രം അകലത്തില്‍  നാമ്പെടുക്കുന്നത്?   നിലനില്‍പ്പിനും, കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയ്ക്കുമൊക്കെയായി അന്യ നാടുകളിലേയ്ക്ക് മലയാളി ചേക്കേറിത്തുടങ്ങിയത് മുതല്‍, തിരികെ വിദേശപ്പണത്തിനൊപ്പം അവനറിഞ്ഞോ,അറിയാതെയോ തന്നെ പ്രവാസിയായി ജീവിക്കുന്ന നാടുകളുടെ നാനാവിധങ്ങളായ സംസ്‌കാരങ്ങള്‍ക്കൂടി തിരികെ ഒഴുകിത്തുടങ്ങിയിരുന്നു.

ആദ്യമൊക്കെ പല തുള്ളികളായി തുടങ്ങിയ ഈ ഒഴുക്കാണ്, പിന്നീട് ഒന്നായി ചേര്‍ന്ന് ,ഭദ്രമെന്ന് നാം വിശ്വസിച്ചിരുന്ന നമ്മുടെ സംസ്‌കാരത്തിന്റെ വേരുകളിലേയ്ക്ക് കലര്‍ന്നതും, പിന്നീട് തലമുറകളിലേയ്ക്ക് കൂടി പടര്‍ന്നൊഴുകി, ചിന്തകളെയും, പ്രവര്‍ത്തികളെയും  നമ്മുടേത് മാത്രമല്ലാത്ത രീതിയില്‍ കലര്‍പ്പുറ്റതാക്കി മാറ്റിയതും. ഒപ്പം ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചാവേഗങ്ങള്‍, ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തന്നെ, പ്രായ വ്യത്യാസങ്ങളില്ലാതെ വീടകങ്ങളിലേക്ക് കടന്നു കയറി സ്ഥാനം പിടിച്ചപ്പോള്‍, പരസ്പരം കാണാനും, സംസാരിക്കാനും, ഒന്നിച്ചിരുന്ന് ചിരിക്കാനും, കരയാനും  അതുവഴി ഓരോരുത്തരുടേയും മാനസികവും ബൗദ്ധികവുമായ കെട്ടുറപ്പും, ആരോഗ്യവും ഉറപ്പുവരുത്താനുമുള്ള പഴയ ഒറ്റമൂലികളാണ് ഇല്ലാതെയായത്. 

പഠനം കഴിഞ്ഞു തിരികെ വീട്ടിലെത്തിയ മക്കളും, ജോലി കഴിഞ്ഞെത്തിയ അച്ഛനും, പകലത്തെ തിരക്കുകള്‍ക്ക് വിശ്രമം കൊടുത്തു അമ്മയും, സന്ധ്യയ്ക്ക് വീടിന്റെ അകത്തളങ്ങളില്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയും, വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്യുന്നത്  ഇന്ന് നമ്മുടെ സിനിമകളില്‍ നിന്നുപോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

നിസാരമെന്നു തോന്നിപ്പിക്കുന്ന  ഈ ഒത്തുകൂടലുകളായിരുന്നു, ഒരു കാലത്ത് ഓരോരുത്തരുടേയും ചിന്തകളെ കെട്ടുറപ്പുള്ളതാക്കിയതും, എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ അന്നത്തെ കുട്ടികളെ പോലും പ്രാപ്തരാക്കിയിരുന്നതും. തോല്‍വിയ്ക്കും, ജയത്തിനും അപ്പുറം, വീട് കാത്തിരിയ്ക്കുന്നെണ്ടെന്നും, വീഴ്ചകളില്‍ നിന്നും എണീറ്റ് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജം അവിടെയുണ്ടെന്നുമുള്ള തിരിച്ചറിവാണ്, പതറാതെ അവരെ നടത്തിയിരുന്നതും. 

എന്നാല്‍  മൂന്നോ നാലോ വര്‍ഷങ്ങളായി, നമ്മുടെ കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണത, ജീവിതത്തിലെ സാധാരണ പരീക്ഷണങ്ങളെ നേരിടാന്‍ ഉള്ള മാനസികമായ കരുത്ത് നാം മറന്നു കളഞ്ഞ ഇത്തരം ചെറിയ വലിയ കാര്യങ്ങള്‍ക്കൊപ്പം,പുതിയ തലമുറയ്ക്ക് നഷ്ടമായി എന്നതിന്റെ ഉത്തമോദാഹരണമാണ്. 

അതിവൈകാരികമായാണ് പലപ്പോഴും പുതിയ തലമുറ, കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ക്ലാസ് പരീക്ഷകളിലെ തോല്‍വിയെന്ന നിസാര കാര്യം മുതല്‍,  ആണ്‍കുട്ടിയെന്നോ, പെണ്‍കുട്ടിയെന്നോ മാറ്റമില്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്ന ക്രൂരകൃത്യങ്ങള്‍ വരെ തുറന്നു പറയാന്‍ ആരുമില്ലെന്ന് വിശ്വസിച്ച് ഭയന്ന് കഴിയുകയും, ക്രമേണ വിഷാദരോഗത്തിലേക്കും, അതുവഴി ജീവിതം അവസാനിപ്പിക്കാമെന്ന മനോനിലയിലേക്കും നടന്ന് കയറുകയാണ്  പലരും.

അണുകുടുംബങ്ങളുടെ വ്യാപനവും, ജീവിതം മെച്ചപ്പെടുത്താനുള്ള ഓട്ടത്തിനിടയില്‍ മാതാപിതാക്കള്‍, വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുന്ന മക്കളെ മറന്നു പോകുന്നതും ഇതിന്റെ മൂലകാരണങ്ങളില്‍ ചിലതുമാണ്. 

എത്രയോ വലുതെന്നു കരുതിയിരുന്ന ഒരു ലോകത്തെ നാട്ടിന്‍പുറത്തെ സാധാരണക്കാരനായ ഒരു മനുഷ്യന്റെ ഉള്ളം കയ്യിലെ ചതുരപ്പെട്ടിയിലേയ്ക്ക്  ഒതുക്കി കൊടുത്തപ്പോള്‍, സാധ്യതകളുടെ ആയിരക്കണക്കിന് വാതിലുകള്‍ തുറന്നതിനൊപ്പം, മറുവശത്ത്, ഒരു വീടിനുള്ളില്‍ തന്നെ പല തുരുത്തുകളെ സൃഷ്ടിക്കുകകൂടിയാണ് ചെയ്തത്.  

പഴയതിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍  എന്ന നിരുപദ്രവകരമായ ആഗ്രഹത്തില്‍ നിന്നും, തൊട്ടടുത്തവനെക്കാള്‍  ഒരു പടി ഉയര്‍ന്ന്'' എന്ന ലക്ഷ്യത്തിലേയ്ക്കും, അവിടെ നിന്നും ക്രമേണ 'ഏറ്റവും ഉയര്‍ന്ന' എന്ന നിലയിലേയ്ക്കുള്ള പരാക്രമങ്ങളിലേയ്ക്കും മനുഷ്യന്റെ ശ്രദ്ധ മാറിത്തുടങ്ങിയപ്പോള്‍ മക്കള്‍ തമ്മിലും,മാതാപിതാക്കള്‍ തമ്മിലും,തിരിച്ചും ഉള്ള കുടുംബ ബന്ധങ്ങളിലെ അകല്‍ച്ചകള്‍ വര്‍ദ്ധിക്കുകയും, പരസ്പര സ്‌നേഹവും, ബഹുമാനവും ഉള്‍പ്പെടെയുള്ള മാനുഷിക മൂല്യങ്ങളെ അത് തകര്‍ക്കുകയും ചെയ്തു. 

ഇത്തരം അകലങ്ങളെ, ഇന്റര്‍നെറ്റിന്റെ വിശാല വല മുതലെടുക്കുകകൂടി ചെയ്തപ്പോള്‍, പവിത്രമെന്നു നാം കരുതിയ ബന്ധങ്ങളിലേക്കൊക്കെ, വിശദീകരിക്കാനാവത്ത മറ്റു പലതും കടന്നു വന്നു. കൃത്യമായ ലൈംഗിക വിജ്ഞാനം പകര്‍ന്നു കിട്ടാത്ത തലമുറയ്ക്ക്, ശ്ലീലമല്ലാത്ത കാഴ്ചകളുടെ  വലിയ ലോകം തുറന്നു കിട്ടുക എന്ന വലിയ അപകടകരമായ സ്ഥിതിവിശേഷമാണ് ഇന്റര്‍നെറ്റിന്റെ വ്യാപ്തിയോടെ സംജാതമായത്. 

അവിടെയാണ് അമ്മയെന്നും,മകളെന്നും,സഹോദരിയെന്നും,മകനെന്നും, അച്ഛനെന്നും ഒക്കെ നാം മറന്നു തുടങ്ങിയതും, ലൈംഗിക കുറ്റകൃത്യങ്ങളുടെ ബാഹുല്യത്തിലേയ്ക്ക് വളരെ വേഗത്തില്‍ നമ്മുടെ കാഴ്ചകള്‍ തിരിഞ്ഞു തുടങ്ങിയതും. അത്രത്തോളം അപകടകരമായ അവസ്ഥയിലേയ്ക്ക്, സാത്താന്‍ സേവയും, ആസ്ട്രല്‍ പ്രോജെക്ഷനും ഒക്കെ ഉദാഹരണ സഹിതം പ്രലോഭനങ്ങള്‍ നിരത്തുക കൂടി ചെയ്യുമ്പോള്‍, ഉയര്‍ന്ന് താഴുന്ന 'മഴു' വിന്റെ  എണ്ണം, ഇനി കൂടി വന്നാലും അത്ഭുതപ്പെടാനില്ല. 

ചെറിയ സ്‌ക്രീനുകളുടെ കെണികളില്‍ നിന്ന് തലയുയര്‍ത്തി നോക്കി പരസ്പരം പുഞ്ചിരിക്കാനും, സംസാരിക്കാനും, സന്തോഷങ്ങളും,സങ്കടങ്ങളും പങ്കുവയ്ക്കാനും  നാം മടിക്കുന്ന കാലത്തോളം, വീടുകള്‍ക്കുള്ളിലെ ''അഗ്‌നിപര്‍വ്വതങ്ങളുടെ'' എണ്ണം കൂടുകയും, അവയോരോന്നും അനുകൂലമായ സാഹചര്യങ്ങളെ മുതലെടുത്ത് പൊട്ടിത്തെറിക്കുകയും ചെയ്യാം.