ദൈവത്തിന്റെ സ്വന്തം നാടാണല്ലോ കേരളം. മനുഷ്യദൈവങ്ങള്‍ക്കും ഒട്ടും കുറവില്ല. നാട്ടിന്‍പുറത്ത് കുട്ടിക്കാലവും കൗമാരവും ജീവിച്ചു തീര്‍ത്ത എനിക്കുള്ള ഏറ്റവും രസകരമായ ഓര്‍മ്മകള്‍ ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. 

കണ്ണൂരിലെ കോളിക്കടവ് എന്ന ഗ്രാമപ്രദേശത്താണ് വീട്. കണ്ണെത്താത്ത ദൂരത്തോളം വയലുകളും അവിടവിടെ അമ്പലങ്ങളും കാവും എങ്ങോട്ട് തിരിഞ്ഞാലും പുഴകളും തോടുകളും. പല വഴി പിരിഞ്ഞു പിരിഞ്ഞു സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ട പ്രദേശങ്ങളും ഇടയിലുണ്ട്. അവിടങ്ങളില്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത് മുഴുവന്‍ അക്കേഷ്യാ മരങ്ങളാണ്.  നാട്ടില്‍ മനുഷ്യരുടെ എണ്ണം കൂടിയപ്പോള്‍ കാവുകളും കൂടി. ഈ പ്രദേശങ്ങള്‍ പലരും കാവുകളാക്കി വെട്ടിത്തിരിച്ചു പ്രതിഷ്ഠ വെച്ചു പൂജിക്കാന്‍ തുടങ്ങി. അവിടൊക്കെ മുത്തപ്പന്‍ വെള്ളാട്ടവും തെയ്യങ്ങളും തുടങ്ങി. 

ഓരോ കാവുകള്‍ ഉണ്ടാക്കുന്നതിനു പിന്നിലും രസകരമായ ഓരോ കഥകള്‍ ഉണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ആകാശത്തൂടെ ഒരു വാല്‍നക്ഷത്രം പാഞ്ഞാല്‍ മതി, പിറ്റേന്ന് ആ വെട്ടം പോയ വഴിക്ക് ഒരു കാവ് കെട്ടി തിരിച്ചിട്ടുണ്ടാകും. രാത്രികാലങ്ങളില്‍ അതുവഴി ദൈവങ്ങളുടെ പോക്കുവരവ് ഉണ്ടെന്നായിരിക്കും കാരണം പറയുക. 

ഒരിക്കല്‍ ഒരുത്സവകാലത്ത് ബന്ധുവീട്ടില്‍ പോയതാണ്. പുലര്‍ച്ചെ അമ്പലത്തിലെ നാടകമൊക്കെ കണ്ടു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ വെളിക്കിരിക്കാന്‍ മുട്ടി. ആരൊക്കെയോ ഒപ്പമുണ്ട്. 'ചോറ്റാനിക്കരയമ്മ' നാടകത്തിലെ പനമുകളിലെ യക്ഷി സ്ത്രീയെ കൊന്ന് ചോര കുടിച്ച് എല്ലുകള്‍ ഓരോന്നായി താഴെക്കിടുന്ന ദൃശ്യം കണ്ടതിന്റെ പേടി മാറാന്‍ ഞാന്‍ മൂളിപ്പാട്ട് പാടുന്നുണ്ട്. 

കൂടെയുള്ളവര്‍ ചൂട്ട് ഊതിക്കെടുത്തി ഇരുട്ടത്തെക്ക് മാറിയിരിക്കുമ്പോള്‍ അതാ  മുകളിലൂടെ ഒരു ദൈവം പായുന്നു. കൂടെ ഇരുന്ന എല്ലാരും ശിവ ശിവ പറഞ്ഞു കൊണ്ട് എണീറ്റ് കൈകൂപ്പുന്നു. ഞാന്‍ കൂടെ ആളുണ്ടല്ലോ എന്ന ധൈര്യത്തില്‍ ആകാശത്തേക്ക് നോക്കിയപ്പോള്‍ കാര്യം മനസിലായി. അത് ദൈവവും കുന്തവും ഒന്നുമല്ല. വിമാനം പോകുന്നതാണ്. ഇത് പറഞ്ഞിട്ടുണ്ടോ ആരേലും വിശ്വസിക്കുന്നു. പണ്ടേ എന്റെ ഇത്തരം ഗവേഷണങ്ങള്‍ക്ക് കുടുംബത്തില്‍ എല്ലാരും അഹങ്കാരം എന്ന് ഓമനപ്പേരിട്ട് വിളിച്ചുപോരുന്നതിനാല്‍ എന്റെ വാദം അന്നും ദയനീയമായി പരാജയപ്പെട്ടു. 

പിറ്റേ ദിവസം ആ ചുറ്റുവട്ടത്തൊക്കെ കഥ പരന്നു. തൊട്ടടുത്ത അമ്പലത്തിലെ ദേവി അപ്പുറത്തെ ക്ഷേത്രത്തിലെ ദേവനെ കാണാന്‍ പോയ പോക്കാണത്രേ അത്. ദേവന്മാര്‍ക്കും ദേവിമാര്‍ക്കും രഹസ്യമായ കൂടിക്കാഴ്ച്ച നടത്താമെങ്കില്‍ മനുഷ്യന്മാര്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നൊരു ചോദ്യം അന്ന് വീട്ടില്‍ ചോദിച്ചു. എന്റമ്മോ... ഇത്തിരി നാള്‍ കഴിഞ്ഞു എനിക്ക് പിടിപെട്ട ചിക്കന്‍പോക്‌സ് ദേവിയുടെ വരവാണെന്ന് വരെ അമ്മൂമ്മ അടക്കമുള്ളവര്‍ വരുത്തിത്തീര്‍ത്തു. ദേഹത്ത് സൂചി കുത്താന്‍ ഇടമില്ലാത്ത വിധം വെള്ളം നിറഞ്ഞ കുമിളകളുമായി ഉഷ്ണിച്ചു കരയുമ്പോള്‍ അമ്മമ്മ അടുത്ത് വന്നു ചോദിച്ചു: 

'ചോന്ന പട്ട് പൊതച്ച ദേവിയെ ഞ്ഞി സ്വപ്നം കാണ്ന്ന്ണ്ടാ...? പണ്ടെല്ലം ഈന് ബസൂരീന്നാ പറയാ... ദേവി കൂടിയതാ ഇന്റെ മേത്ത്... എത്ര എണ്ണാ പണ്ടെല്ലം ചത്തിന്.. ഉയിശ്. എന്റെ കുട്ടീനെ കാത്തോള്‍ണെ ദേവ്യേ... ഒരു കുപ്പി ബെളിച്ചെണ്ണ നേര്‍ച്ച തരാ...'' മരുന്ന് കഴിച്ചു ഭേദമായി പതിനഞ്ചു ദിവസം കഴിഞ്ഞ് ഞാന്‍ പയറുമണി പോലെ എണീറ്റ് നടന്നപ്പോ അമ്മമ്മ പറഞ്ഞു. ''ഞാന്‍ പാര്‍ത്തിച്ചേന്റെ കൊണാ...'' 

പിന്നീടൊരിക്കല്‍ വീടിനടുത്തുള്ള ഒരു കാവില്‍ തെയ്യം നടക്കുകയാണ്. പലവിധ തെയ്യങ്ങള്‍. പ്രത്യേക സമുദായക്കാര്‍ മാത്രമേ തെയ്യങ്ങള്‍ കെട്ടിയാടാറുള്ളൂ. (സവര്‍ണ്ണരെയൊന്നും ഈ പണിക്ക് കാണാറില്ല). മിക്ക തെയ്യങ്ങളും വ്രതാനുഷ്ടാനങ്ങള്‍ക്ക് ശേഷമാണ് കെട്ടുക. പല തെയ്യക്കോലങ്ങളും ആ ദിവസങ്ങളില്‍ പ്രധാനമായി ഉപയോഗിക്കുന്നതാവട്ടെ കരിക്കും കള്ളും. 

അങ്ങനെ ഞാനും പോയി തെയ്യം കാണാന്‍. അക്കേഷ്യാമരങ്ങള്‍ വെട്ടിത്തെളിച്ച് ഒരു തറയും അതിനു മീതെ വിളക്കും വെച്ച് ഒരു കാവ്. അവിടെയാണ് തെയ്യം നടക്കുന്നത്. ചുറ്റും നിറയെ ആളുകള്‍. റോഡിനോട് ചേര്‍ന്നുള്ള തിടമ്പില്‍ കുത്തിയിരുന്ന് കുട്ടികള്‍ക്കൊപ്പം ഞാനും തെയ്യം കാണുകയാണ്. പലവിധ രൂപത്തില്‍ ദൈവങ്ങള്‍ ഇറങ്ങി തുടങ്ങി. അതില്‍ ഒരു തെയ്യം തീയുമായി ബന്ധപ്പെട്ട ചരിത്രം ഉള്ളതാണ്. ചുറ്റും തീ കൂട്ടിയിട്ടിട്ടുണ്ട്. ഇടയ്ക്കിടെ തീയിലേക്ക് ചാടും, ചാടി ഇറങ്ങാന്‍ നേരം ചുറ്റും നില്‍ക്കുന്ന ആളുകള്‍ പിടിച്ചോണം. അല്ലെങ്കില്‍ തെയ്യം അടുത്തുള്ള പുഴയിലോ തോട്ടിലോ പോയി ചാടും. അതാണ് ആചാരം. 

തെയ്യമിങ്ങനെ ഉറഞ്ഞു തുള്ളുകയാണ്. കയ്യില്‍ ഉള്ള വാള്‍ ഇടയ്ക്കിടെ വിറപ്പിക്കുന്നുണ്ട്. കൂടെ തെയ്യവും കുലുങ്ങുന്നുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ ഇരുന്നാല്‍ നാടിനു സംഭവിക്കാന്‍ പോകുന്ന വിപത്തുകളെ കുറിച്ചു പറയുന്നുണ്ട്. (ശരീരത്തിലേക്ക് ദൈവീകമായ ചൈതന്യം പരകായം ചെയ്യുന്ന സമയത്താണ് തെയ്യം പ്രവചനങ്ങള്‍ നടത്തുക). മഴക്കാലമാണ്. പെയ്തു തോര്‍ന്ന മഴയുടെ കണ്ണീര്‍ തളം കെട്ടിയ പോലെ കേരളത്തിലെ വിശ്വവിഖ്യാതമായ റോഡുകളില്‍ പോലും ടാര്‍ പൊളിഞ്ഞ് കുളങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സമയം. തീയില്‍ നിന്നിറങ്ങി തെയ്യം ഓട്ടം തുടങ്ങി. ഓടിയ തെയ്യത്തെ പിടിക്കാന്‍ കയ്യാളുകള്‍ പിന്നാലെ. കയ്യാളുകളുടെ പിടുത്തം വിടുവിച്ച് തെയ്യം ഓടുകയാണ്. കാല്‍ത്തളകള്‍ ഉച്ചത്തില്‍ കിലുക്കിക്കൊണ്ട് അതിവേഗതയിലുള്ള ഓട്ടം. അതിനിടയില്‍ കാഴ്ച്ച കാണാന്‍ നിന്ന കൊച്ചുകുട്ടിയെ ചെളിക്കുളത്തില്‍ തട്ടിയിട്ടിട്ടും തിരിഞ്ഞു നോക്കാതെയുള്ള ഓട്ടം.  

പാവം കുട്ടി. വെള്ളത്തില്‍ വീണു കിടന്നു കരച്ചില്‍. കുഞ്ഞിനെ പിടിച്ച് എഴുന്നെല്‍പ്പിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ അമ്മയോടായി ഞാന്‍ പറഞ്ഞു. 'മനുഷ്യരെ സംരക്ഷിക്കേണ്ട ദൈവങ്ങള്‍ ഒക്കെ ഇങ്ങനെ തുടങ്ങിയാലോ...'' 
''അങ്ങനൊന്നും പറഞ്ഞൂടാ... ദൈവകോപം ഇണ്ടാകും..'' സ്ത്രീ ചുണ്ടത്തു വിരല്‍ ചേര്‍ത്തു. എനിക്കെന്തോ ചിരി വന്നു. ഈ ദൈവങ്ങള്‍ക്കൊക്കെ എന്തും ആവാല്ലോ... ഞാന്‍ നേരെ വീട്ടിലേക്കു വെച്ചുപിടിച്ചു.

പിന്നീടൊരിക്കല്‍ തറവാട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടം നടക്കയാണ്. മീനും പുഴുങ്ങിയ പയറുമാണ് പ്രസാദമായി ഈ ചടങ്ങില്‍ തരിക. രണ്ടു ദിവസത്തോളം വ്രതം എടുത്താണ് മുത്തപ്പന്‍ കെട്ടി ഇറങ്ങുക. ആ ദിവസങ്ങളില്‍ കൂടുതല്‍ കഴിക്കുന്നത് നേരത്തെ പറഞ്ഞ പോലെ കള്ളുതന്നെ. ഈ കാരണം കൊണ്ടാവണം, മുത്തപ്പനെ സഹായിക്കാന്‍ നാട്ടില്‍ കയ്യാളുകള്‍ തമ്മില്‍ മത്സരമാണ്. ഇടയ്ക്കിടെ വെള്ളിക്കിണ്ടിയില്‍ നിറച്ചു വെക്കുന്ന കള്ള് വായിലേക്കൊഴിച്ചു നുണഞ്ഞു മുത്തപ്പന്‍ അതിന്റെ ബാക്കി കയ്യാളുകളുടെ വായിലേക്കൊഴിക്കും. നാട്ടിലെ പ്രധാന കുടിയന്മാര്‍ ഒക്കെ മുത്തപ്പനെ ചുറ്റിപ്പറ്റി ഇരിപ്പുണ്ടാകും. മുത്തപ്പന്‍ എണീക്കുമ്പോ ഇവരും എണീക്കും. മുത്തപ്പന്‍ ഓടുമ്പോ അവരും കൂടെ ഓടും. വെള്ളാട്ടം കഴിഞ്ഞു നേര്‍ച്ച കൊടുത്തു തീരുമ്പോഴേക്കും കയ്യാളുകള്‍ നല്ല പൂസായിട്ടുണ്ടാകും. 

ഏറ്റവും ഒടുവിലാണ് കുടുംബക്കാരെ കാണുക. അങ്ങനെ എന്റെ ഊഴം എത്തി. പ്രവചനം സംഭവിച്ചു. 'കുട്ടികള്‍ ആയില്ല ല്ലേ... ഉടനെ ആ ഭാഗ്യം ഉണ്ടാകും. മുത്തപ്പന്‍ അനുഗ്രഹിച്ചിരിക്കുന്നു.'' കേട്ടതും എന്റെ മനസ്സില്‍ ലഡ്ഡു അല്ല ഇടി പൊട്ടി.

'കല്യാണം കഴിക്കാത്ത എനിക്ക് ഉടനെയൊന്നും കുട്ടികള്‍ വേണ്ട മുത്തപ്പാ...'' എന്റ മറുപടി മുത്തപ്പന്റെ പ്രവചനത്തെ തകിടം മറിച്ചപോലെ പൊയ്ക്കണ്ണുമായ് മൂപ്പര്‍ എന്നെ ഒരു നോട്ടം നോക്കി എന്നിട്ട് കാലിയായ ഉള്ളം കയ്യില്‍ തലോടിക്കൊണ്ട് പറഞ്ഞു: 'മുത്തപ്പന് നേര്‍ച്ച തന്നില്ല.' 

ഇത്തരം അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ രസം തോന്നാറുണ്ട്. കേരളത്തില്‍ ചിലരുടെയെങ്കിലും ഭക്തിയും ആചാരങ്ങളും പ്രഹസനങ്ങളായി മാറുന്നില്ലേ? ആചാരങ്ങള്‍ക്ക് എതിരല്ല, പക്ഷേ അതിനെ കച്ചവടമോ തൊഴിലോ സാമൂഹിക അപചയമോ ആക്കി മാറ്റുന്ന അവസ്ഥ കാണുമ്പോള്‍ എന്തോ, നിരാശ തോന്നുന്നു...