കാഴ്ചയിലെ ആകാശങ്ങള്ക്കപ്പുറത്തുള്ള നാടുകളിലെനിധി തേടി, ദേശം വിട്ട് ദേശങ്ങളിലേക്ക് ദുരിതക്കടലുകള്‍ താണ്ടി മനുഷ്യന് യാത്ര ചെയ്യാന്‍ തീരുമാനിച്ചിടത്താണ് പ്രവാസത്തിന്റെ ചരിത്രം തുടങ്ങുന്നത്. അതില്‍ത്തന്നെ, പേര്‍ഷ്യ എന്ന് ആകമാന മലയാളികളാല്‍ അന്ന് വിളിക്കപ്പെട്ട ഗള്‍ഫ് നാടുകളിലേക്കും, യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കു കുടിയേറ്റം, കേരളത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒന്നാണ്.
വിവിധ നാടുകളിലെ, വിദഗ്ദ്ധമായ ഒരുപാട് തൊഴില്‍ മേഖലകള്‍ കൈയടക്കി പ്രാഗത്ഭ്യം തെളിയിച്ചവരാണ് മലയാളികള്‍. ഇവരില്‍ തന്നെ വലിയൊരു വിഭാഗം വരുന്ന, കേരളത്തിന്റെ വിദേശനാണ്യ സമ്പത്തിന്റെ നട്ടെല്ലെന്ന് തന്നെ പറയാവുന്ന ഒന്നാണ് നഴ്സിംഗ് മേഖല.
മലയാളി നഴ്സുമാര്‍, അവരുടെ കഠിനാധ്വാനം കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പ്രാഗത്ഭ്യം കൊണ്ടും, ലോകത്തെവിടെയുമുള്ള ആതുരസേവന രംഗങ്ങളില്‍ ഒന്നാം സ്ഥാനവും, വിശ്വാസവും കൈയ്യടക്കി വച്ചിരിക്കുന്നവരുമാണ്. എന്നാല്‍ ഇന്ന്, ഗള്‍ഫ് നാടുകളില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ വന്നു തുടങ്ങിയതോടെ, മലയാളി നഴ്സുമാരുടെ അവസരങ്ങള്‍ കുറഞ്ഞെങ്കിലും,നഴ്സിംഗ് ജോലി മോഹിച്ച് തള്ളിക്കയറുന്നവരുടെ എണ്ണത്തിന് കുറവു വന്നിട്ടില്ല.
വലിയ ബഹുമാനമര്‍ഹിക്കുന്ന ഈ പ്രൊഫഷന്റെ തൂവെള്ള മാലാഖ പരിവേഷത്തിന് കളങ്കം ചാര്‍ത്തുന്ന കാര്യങ്ങളാണ് ഇന്ന് മെഡിക്കല്‍ വിഭാഗങ്ങളില്‍ പല വിദേശ രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളുമായിരിക്കും.
മറ്റുള്ള മനുഷ്യരുടെ നെറികേടുകളാല്‍ ജീവിതം നഷ്ട്പ്പെട്ട ഒരുപാട് മനുഷ്യര്‍ നമുക്കിടയിലുണ്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കൈപ്പിഴകളാല് ദാരുണമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടവരും അതില്‍ പെടും. അത്തരത്തില്‍ ഒരു ജീവിതകാലം മുഴുവന്‍ ശരീരം തളര്‍ന്നു കിടക്കേണ്ടി വന്ന പെണ്‍കുട്ടിയായിരുന്നു എന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിയുടെ ചേച്ചി.
അവളുടെ അമ്മ വീടിനു വെളിയില്‍ ഇറങ്ങുന്നത് തന്നെ അപൂര്‍വ്വമായിരുന്നു. വയ്യാതെ കിടക്കുന്ന മകള്‍ക്ക് എപ്പോഴും അടുത്തൊരു ആളു വേണം. അവളുടെ അമ്മയുടെ ആദ്യ പ്രസവ സമയത്ത് ശുശ്രൂഷിച്ച നഴ്സ് മരുന്നു മാറി കുത്തിവെച്ചതിന്റെ ഫലമായിരുന്നു ജന്മനാ തളര്‍ന്നു കിടക്കുന്ന ആ പെണ്‍കുട്ടി. ആശുപത്രിക്കും നഴ്സിനുമെതിരെ കേസും കാര്യവുമായി വര്‍ഷങ്ങള്‍ നീണ്ടു പോവുകയും കോടതിവിധി അനുകൂലമാവുകയും ചെയ്തെങ്കിലും അവളുടെ ശരീരം ആ കിടപ്പില്‍ നിന്ന് ഒരിക്കല്‍ പോലും സ്വയം അനങ്ങിയില്ല.
വിധിക്കുമപ്പുറം ഒരാളുടെ അറിവില്ലായ്മ വിധിച്ച വിധി ആ കുടുംബത്തിന്റെ എക്കാലത്തെയും സങ്കടമായി കണ്മുന്നില് മകളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ നൊമ്പരപ്പെടുത്തുന്നു.
മുമ്പ് എച്ച്.ആര്.മാനേജര്‍ ആയി ജോലി ചെയ്തിട്ടുള്ളത് കൊണ്ട് പലയിടത്തു നിന്നും സുഹൃത്തുക്കള്‍ മുഖേന ഇപ്പോഴും ബയോഡാറ്റകള്‍ എന്റെ പക്കലെത്താറുണ്ട്. ജോലിചെയ്ത ഒരു കൂട്ടം കമ്പനികളില്‍ ഒന്ന് ആശുപത്രിയായിരുന്നു. അതുകൊണ്ട് നാട്ടിലും വിദേശങ്ങളിലും നഴ്സിംഗുമായി ബന്ധപ്പെട്ട പരീക്ഷകളെ പറ്റിയും അതിന്റെ പ്രക്രിയകളെ കുറിച്ചും ഏകദേശ ധാരണയുണ്ട്.
കുറച്ചു കാലം മുമ്പ് ആറുവര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം നഴ്സിംഗ് ജോലി അന്വേഷിക്കുന്ന ഒരു സ്ത്രീയുടെ വിവരങ്ങള്‍ കയ്യില്‍ കിട്ടി. ജോലി മാനേജ്മെന്റ് ട്രെയിനിംഗ് കോഴ്സുകളുമായി ഏറെ ബന്ധമുള്ളത് കൊണ്ടു ആദ്യം ശ്രദ്ധിച്ചത് ലൈസന്‍സ് ഉണ്ടോ എന്നാണ്. ലൈസന്‍സ് നമ്പര്‍ കണ്ടപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. എനിക്ക് പരിചയമുള്ള സ്ത്രീയായത് കൊണ്ടു കാലങ്ങളായി അവര്‍ നഴ്സിംഗ് ജോലി ചെയ്തിട്ടില്ലെന്ന് വ്യക്തം. സുഹൃത്തുക്കള്‍ വഴി അറിഞ്ഞു നാട്ടില്‍ നിന്ന് പണം കൊടുത്തുണ്ടാക്കിയ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വെച്ച് പരീക്ഷ എഴുതിയതാണെന്ന്.
ഗള്ഫ്രാജ്യങ്ങളില് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടാല്‍ വലിയ പിഴയും ശിക്ഷയും അനുഭവിക്കേണ്ടിവരും എന്നുറപ്പുള്ളത്കൊണ്ടും ആശുപത്രി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നറിയാവുന്നതുകൊണ്ടും വളരെ സൂക്ഷ്മതയോടെയാണ് നമ്മുടെ നാട്ടില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കുന്ന ആശുപത്രികള്‍ അവരുടെ രേഖകളില്‍ ഇത്തരക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. പരാതിപ്പെടും എന്ന് ഞാന്‍ ഉറപ്പ് പറഞ്ഞപ്പോള്‍ അവര്‍ മറ്റു വിഭാഗങ്ങളിലേക്ക് ജോലി അന്വേഷണം തുടങ്ങി. ജീവന് അപായമാണ് ഇത്തരം തട്ടിപ്പുകളുടെ പരിണിത ഫലം.
45000 രൂപ മുതല്‍ ഒരു ലക്ഷം വരെ ആശുപത്രി മാനേജ്മെന്റിന്റെ അഡ്മിന് വിഭാഗത്തിലെ വില്ലന്മാര്ക്ക് വ്യാജസര്‍ട്ടിഫിക്കറ്റിന് പലരും നല്‍കുന്നുണ്ട്. നഴ്സിങ് ജോലി എന്തെന്ന് പോലും അറയാത്തവരാണ് ഇവരിലധികവും.
ഇത്തരം നഴ്സുമാര്‍ വിദേശത്തേക്കാണ് കൂടുതലും പോവുന്നത്.സമഗ്രമായ ഒരു അന്വേഷണം നടത്തിയാല്‍ ജീവന് അപകടകരമായ സാധ്യതയൊരുക്കാന്‍ ഇത്തരത്തില്‍ കേരളത്തിലെ നിരവധി ആശുപത്രികള്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്ന് ബോധ്യപ്പെടും.
മരുന്നിന്റെ പേര് കൂട്ടി വായിക്കാനറിയാത്ത, ഇഞ്ചക്ഷന് എടുക്കാന്‍ പോലും അറിയാത്ത എത്രയോ നഴ്സുമാര്‍ പലവിധ ആശുപത്രികളിലും ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ അറിവ്കേട് മൂലം പല രോഗികളുടെയും ജീവന് തന്നെ അപകടത്തിലായിട്ടുണ്ട്.
വിദേശെത്തെത്തി കൂടുതല്‍ പണം സമ്പാദിക്കുന്നതിനായി നഴ്സുമാര്‍ സ്വീകരിക്കുന്ന് ഇത്തരം വഴികള്‍ നിരപരാധികളുടെ നിരവധി കുടുംബങ്ങളെയാണ് ബാധിക്കുക...യാതൊരു ദാക്ഷിണ്യവും ഇവര്‍ അര്‍ഹിക്കുന്നില്ല..