നുഷ്യരില്‍ എല്ലാ ബന്ധങ്ങളെയും ഊട്ടിഉറപ്പിക്കുന്നത് പരസ്പര വിശ്വാസമാണ്‌. വിശ്വാസ വഞ്ചനയ്ക്ക് ഒരാളെ മാനസികമായും ശാരീരികമായും തകര്‍ക്കാന്‍ മാത്രമുള്ള പ്രഹരശേഷിയുണ്ട്. അത് ജീവിതത്തിലായാലും സമൂഹത്തിലായാലും ജോലിയില്‍ ആയാലും. 

വേദപുസ്തകങ്ങളില്‍ വിശ്വാസ വഞ്ചന പൊറുക്കാനാവത്ത കുറ്റമാണ്.  ഇന്ത്യന്‍ നിയമസംവിധാനത്തിലും വിശ്വാസ വഞ്ചന ശിക്ഷാര്‍ഹമാണ്.. വഞ്ചനയുടെ മുറിവ് പറ്റി കാലാ കാലങ്ങള്‍ സൈക്യാട്രി വാര്‍ഡുകളിലും ഡിപ്രഷന്‍ ബാധിച്ചു വീടകങ്ങളില്‍ കുനിഞ്ഞു കൂടി കഴിയുന്നവരും സ്വന്തം ജീവനുപേക്ഷിച്ചവരും ഏറെയുണ്ട്. അറിഞ്ഞവയെക്കാള്‍ കൂടുതല്‍ അറിയാതെ പോകുന്ന വിശ്വാസ വഞ്ചനയുടെ എത്രയെത്ര കഥകള്‍.

അത്തരം ഒരുപാടനുഭവങ്ങള്‍ക്ക് ജീവിതത്തിലുടനീളം പല തവണ സാക്ഷിയായിട്ടുണ്ട്. ജീവിതത്തിലെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍ വഞ്ചനയുടെ നീറ്റല്‍ അതിന്റെ ഏറ്റവും സുതാര്യമായ വരമ്പിലൂടെ ആത്മഹത്യക്കും വിഷാദരോഗത്തിനും ഇടയിലൂടെ എന്ന പോലെ അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. 

ബാംഗ്ലൂരില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന കാലം. മുറിയില്‍ ഞങ്ങള്‍ നാല് പേര്‍.  ഞാനന്ന് ബാങ്കില്‍ ജോലി ചെയ്യുന്നു. കൂടെയുള്ള പെണ്‍ക്കുട്ടികളില്‍ ഒരാള്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആണ്. മറ്റൊരാള്‍ അവിടെ തന്നെ എം.ബി.ബി.എസ് അവാസാന വര്‍ഷ വിദ്യാര്‍ഥി. അനുഭവ കഥയിലെ പ്രധാന കഥാപാത്രം അവിടെ ഏറ്റവും പ്രശസ്തമായ ഒരു കോളേജില്‍ എം.എസ്.സി ചെയ്യുകയാണ്. അവളെ റിയ എന്ന് തല്‍ക്കാലം സംബോധന ചെയ്യാം. 

ഏകദേശം മുന്നൂറിലധികം മുറികള്‍ ആ ഹോസ്റ്റലില്‍ ഉണ്ട്. ഏറെയും മലയാളികള്‍. ഫ്‌ളാറ്റുകള്‍ പോലെയാണ് കെട്ടിടത്തിലെ ഓരോ മുറികളും. ഒരു വാതില്‍ തുറന്നാല്‍ അകത്തു മൂന്നു മുറികള്‍. ഓരോ മുറികളിലും നാല് പേര്‍. ഞാനാണ് ആ മുറിയില്‍ ആദ്യം വന്ന അന്തേവാസി. എനിക്ക് ശേഷമാണ് മറ്റു മൂന്നു പേരും മുറിയില്‍ കൂടെ ചേരുന്നത്. പുതിയതായി തുടങ്ങിയ ഹോസ്റ്റലില്‍ തുടക്കക്കാരില്‍ ഒരാളായിരുന്നു ഞാന്‍. 

മിക്കപ്പോഴും ശബ്ദകോലാഹലമായിരിക്കും എല്ലാ മുറികളിലും. എന്റെ മുറിയിലെ ശബ്ദ നിയന്ത്രണമല്ലാതെ മറ്റു രണ്ടു മുറിയിലും ചെന്ന് ഇടപെടാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല. പരീക്ഷാക്കാലമാകുമ്പോള്‍ ശരിക്കുമിത് പഠനത്തെ നല്ല രീതിയില്‍ ബാധിക്കുകയും ചെയ്തു. 

റിയ കാണാനും പഠിക്കാനും മിടുക്കിയായിരുന്നു. വളരെ പെട്ടന്ന് ചിരിക്കുകയും കരയുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. ആദ്യമാദ്യം അതിനെ മറ്റൊരു രീതിയിലും ഞാന്‍ സംശയിച്ചിരുന്നില്ല. ജോലി കഴിഞ്ഞു ഞാന്‍ എത്താന്‍ വളരെ വൈകുന്നതിനാല്‍ ഞങ്ങള്‍ സംസാരിക്കുന്നത് അപൂര്‍വ്വം ചില ഞായറാഴ്ചകളില്‍ മാത്രമായ് പലപ്പോഴും ചുരുങ്ങി. 

അവള്‍ വന്നു കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി. രാത്രി അവള്‍ക്കു വെട്ടത്തെ ഭയമാണ്. ചിലപ്പോഴെല്ലാം ഒരേ ബിന്ദുവിലേക്ക് നോക്കി കണ്ണുകള്‍ ചിമ്മാതെ കുറെ നേരം ഒറ്റയിരിപ്പാണ്. മറ്റു ചിലപ്പോള്‍ സന്യാസിമാരെ പോലെ ചമ്രംപടിഞ്ഞിരുന്ന് കണ്ണടച്ച് എന്തോ പിറുപിറുക്കുന്നതും കാണാം. മുകളിലെ കോട്ടില്‍ നിന്ന് താഴോട്ട് ദുപ്പട്ട കൊണ്ട് മറചിട്ടാണ് ബെഡ്ഡില്‍ അവള്‍ ഇരിക്കുന്നത്. 

പലപ്പോഴും പാതിരയ്ക്ക് ഒച്ച താഴ്ത്തി സംസാരിക്കുന്നതും  വളരെ ഉച്ചത്തില്‍ ചിരിക്കുന്നതും ചിലപ്പോള്‍ നിര്‍ത്താതെ ഉച്ചത്തില്‍ കരയുന്നതും കേട്ട് തുടങ്ങി. ഫോണില്‍ ആവാം എന്ന ഊഹത്തില്‍ ആദ്യം അവഗണിച്ചെങ്കിലും ഒരു ദിവസം നഴ്‌സ് പെണ്‍കുട്ടിയും സംശയം പറഞ്ഞു. രാത്രി ഒരു ദിവസം അതുപോലെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കെ ഞങ്ങള്‍ മറയായ് കെട്ടിയ ദുപ്പട്ട നീക്കി നോക്കി. 

ഞെട്ടിപ്പോയി. ചുമരിനോട് മുഖം തിരിഞ്ഞു കിടന്ന് തനിയേ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നു. ഞങ്ങളെ കണ്ടതും ചാടി കട്ടിലില്‍ ചമ്രംപടിഞ്ഞിരുന്ന് അര്‍ത്ഥമില്ലാത്ത എന്തോ പറഞ്ഞ് ഉറക്കെ ചിരിച്ചു. അവളുടെ കയ്യില്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഉണ്ടായിരുന്നു. ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ. ആ ഫോട്ടോ ഞങ്ങള്‍ ബുക്‌സ് സൂക്ഷിക്കുന്നതിന്റെ കൂടെ അവള്‍ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. അയാളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ തിരക്കിയിരുന്നുമില്ല. 

അവളുടെ സമീപം ഞങ്ങള്‍ ഇരുന്നു. അവള്‍ കുഞ്ഞുങ്ങളെ പോലെ കയ്യും കാലും ചലിപ്പിച്ച് എന്തൊക്കെയോ പറഞ്ഞു വീണ്ടും ചിരിയാണ്. ഇടയ്ക്ക് ആ ഫോട്ടോയിലേക്ക് നോക്കി വിരല്‍ ചൂണ്ടി പറഞ്ഞു...
' നോക്ക്... ഇവനാ. എന്നെ ചതിച്ചേ...' ഞങ്ങള്‍ ഇരുവരും വല്ലാണ്ടായി. പക്ഷേ റിയ ചിരി തുടര്‍ന്നു.ഒരു നിമിഷത്തെ ദീര്‍ഘശ്വാസത്തിന് ശേഷം ഞാന്‍ ചോദിച്ചു. 'എങ്ങനാ അവന്‍ നിന്നെ ചതിച്ചേ...'? 

അവള്‍ ചിരിയോടെ തന്നെ മടി കൂടാതെ കഥ പറഞ്ഞു തുടങ്ങി. എനിക്കും നഴ്‌സ് പെണ്‍കുട്ടിക്കും അവളുടെ അബ്‌നോര്‍മാലിറ്റി ആ സമയം കൊണ്ട് തന്നെ ഏകദേശം ബോധ്യം വന്നു തുടങ്ങിയിരുന്നു. 

റിയ പഠിക്കുന്ന കോളേജിന്റെ പരിസരത്തായിരുന്നു ആ ചെറുപ്പക്കാരന്റെ വീട്. കോളേജിന്റെ പരിസരത്ത് തന്നെ സ്വന്തമായി കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ഒരാള്‍. പഠന സംബന്ധമായ പല കാര്യങ്ങള്‍ക്കും അവിടെ പോയി തുടങ്ങിയ ശേഷമാണ് അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്.

അവള്‍ക്കയാളെ വിശ്വാസമായിരുന്നു. അയാളുടെ ബന്ധുക്കളോട് അവള്‍ സംസാരിക്കാറുണ്ടായിരുന്നു. അയാള്‍ അവളെ വിവാഹം കഴിക്കുമെന്ന വാഗ്ദാനം അവളെ രാജകുമാരിയാക്കി എന്ന് വേണം പറയാന്‍. പണിയാന്‍ പോകുന്ന വീടിനെ കുറിച്ച്, കിടപ്പ് മുറികളെ കുറിച്ച്, അയാള്‍ അവള്‍ക്ക് നെയ്യാന്‍ പോകുന്ന പ്രണയത്തിന്റെ സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ച് അവളോട് സംസാരിച്ചു തുടങ്ങി. ക്ലാസ് കഴിഞ്ഞുള്ള വൈകുന്നേരങ്ങള്‍ അവര്‍ ഒരുമിച്ചു ചുറ്റി നടന്നു. എന്റെ പെണ്ണ് എന്ന് അയാള്‍ സുഹൃത്തുക്കള്‍ക്ക് അവളെ പരിചയപ്പെടുത്തി. അവളുടെ പ്രതീക്ഷകള്‍ സ്വാഭാവികമായും അവര്‍ ഒരുമിച്ചുള്ള ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങി. 

ഒരിക്കല്‍ ഒരുമിച്ചുള്ള ഒരു ചുറ്റിയടിക്കലില്‍ അയാള്‍ അവളോട് പറഞ്ഞു ' ഞാന്‍ ഒരു കീ എടുക്കാന്‍ മറന്നു. നമുക്ക് വീട്ടില്‍ പോയി എടുത്തിട്ടു വരാം.'സ്വാഭാവികമായും അവള്‍ കൂടെ ചെന്നു. വീടെത്തിയപ്പോള്‍ ഉണ്ടായ അയാളുടെ താലോലിക്കലുകളെ അവള്‍ എതിര്‍ത്തു. പക്ഷേ വീട്ടില്‍ ആദ്യം വരികയല്ലേ. അയാള്‍ കുടിക്കാന്‍ കൊടുത്ത ജ്യൂസ് യാതൊരു സംശയവും ഇല്ലാതെ അവള്‍ കുടിച്ചു. പിന്നീടവള്‍ കണ്ണ് തുറക്കുന്നത് സെന്റ്. ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ആണ്. അവന്‍ അടുത്തുണ്ടായിരുന്നില്ല. കണ്ണ് തുറന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട ശേഷം ദിവസങ്ങളോളം അവള്‍ സംസാരിച്ചിട്ടേ ഇല്ല.  

സംഭവിച്ചത് ഇതാണ്. അയാള്‍ അവള്‍ക്കു കുടിക്കാന്‍ കൊടുത്ത ജ്യൂസില്‍ എന്തോ കലര്‍ത്തിയിരുന്നു. എല്ലാം ആസൂത്രിതം ആയിരുന്നു. ബോധം കെട്ടു പോയ അവളെ അയാള്‍ ലൈംഗികമായി ഉപയോഗിക്കയായിരുന്നു. പിന്നീട് എത്ര നേരം കഴിഞ്ഞിട്ടും അവള്‍ക്കു ബോധം വന്നില്ല. അയാള്‍ തന്നെ അവളെ ഹോസ്പിറ്റലില്‍ ആക്കേണ്ടി വന്നു. 

ഡോക്ടര്‍ അവളോട് പറഞ്ഞു ജനനേന്ദ്രിയത്തില്‍ നഖത്തിന്റെതടക്കം മുറിവുകള്‍ ഉണ്ടായിരുന്നു. ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ബ്ലീഡിംഗ് ഒരുപാടുണ്ടായിരുന്നു. താന്‍ അറിയാതെ തന്നിലേക്ക് പരകായം ചെയ്ത ഉടലേതെന്നു അവള്‍ക്കു സംശയം ഉണ്ടായില്ല. കൊണ്ടു വന്ന ആള്‍ ആരാണെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഭര്‍ത്താവ് ആണെന്ന് അവള്‍ കളവു പറഞ്ഞു. കുറെ ദിവസം ഹോസ്പിറ്റലില്‍ സുഹൃത്തുക്കളുടെ സംരക്ഷണത്തില്‍ അവള്‍ കഴിഞ്ഞു. കാര്യങ്ങള്‍ കോളേജില്‍ പാട്ടായി. അവള്‍ അങ്ങോട്ട് പോവാതെയായി. ഡിസ്ചാര്‍ജ് ആയ ശേഷം അവള്‍ അയാളെ തിരക്കി ഷോപ്പില്‍ ചെന്നു. കടയിലെ പുതിയ മുതലാളി അവളോട് പറഞ്ഞു അയാള്‍ നാട്ടില്‍ പോയി. 

അവള്‍ അയാളുടെ രക്ഷിതാക്കളെ വിളിച്ചു. അവര്‍ പറഞ്ഞു അയാള്‍ ഗള്‍ഫില്‍ പോയി. അവള്‍ കഥകള്‍ അവരോടു പറഞ്ഞു. അവര്‍ കൈമലര്‍ത്തി. ''ആണുങ്ങള്‍ കയ്യും കാലും കാണിക്കുമ്പോള്‍ ഇറങ്ങി പോയിട്ട് അവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഈ കാര്യവും പറഞ്ഞു ഞങ്ങളെ ശല്യപ്പെടുത്തരുത്''. 

പിന്നീടവള്‍ വിഷാദ രോഗത്തിന് അടിമയായി. ക്ലാസില്‍ പോകാതെയായി. പരിഹാസങ്ങള്‍, കുത്തുവാക്കുകള്‍ അവളെ വട്ടംകൂടി. ചില കൂട്ടുകാര്‍ അവള്‍ക്കു സഹായത്തിനെത്തി. അവള്‍ ആരോടും മിണ്ടാതായി. ഹോസ്റ്റലില്‍ കുത്തിയിരിപ്പായി. അവളുടെ മൗനം സുഹൃത്തുക്കളെ ഭയപ്പെടുത്തി. അവര്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു. വീട്ടുകാര്‍  അവളെ കൂട്ടിക്കൊണ്ടു പോയി. 

നാട്ടില്‍ വെച്ച് അവള്‍ ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യാ ശ്രമം നടത്തി. അതിന്റെ ഫലമായി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍.  ഡിപ്രഷന് മരുന്ന് കഴിച്ചു ഏറെക്കാലത്തിനു ശേഷം അവള്‍ വീണ്ടും പഠനം തുടരാന്‍ എന്ന് പറഞ്ഞു ബാംഗ്ലൂരിലേക്ക് മടങ്ങി വന്നു. പഴയ ഹോസ്റ്റല്‍ മാറി. അങ്ങനെയാണ് ഞങ്ങളുടെ ഹോസ്റ്റലിലേക്ക് അവള്‍ വന്നു ചേരുന്നത്. 

പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ അതുവരെ ഉണ്ടായിരുന്ന ചിരി നിര്‍ത്തി ഉറക്കെ കരയാന്‍ തുടങ്ങി. ഞാനും നഴ്‌സ് പെണ്‍കുട്ടിയും അവള്‍ക്കൊപ്പം കണ്ണുകള്‍ നിറഞ്ഞു ഒന്നും മിണ്ടാനാവതെ കുറെ നേരം ഇരുന്നു. 

അയാളെ കയ്യില്‍ കിട്ടിയാല്‍ കൊത്തിയരിയണം മനസ്സില്‍ ഓര്‍ത്തുകൊണ്ടിരിക്കെ അവള്‍ നിലവിളി നിര്‍ത്തി കൊച്ചു കുട്ടിയെ പോലെ കരയാന്‍ തുടങ്ങി ' എനിക്കവനെ വേണം... ഞാനത്രേം സ്‌നേഹിച്ചു പോയി, അയാളോട് തോന്നിയ വെറുപ്പിന്റെയും പകയുടെയും പുളിരസം എന്റെ തൊണ്ടയില്‍ നിന്നൊരു നിമിഷം താഴെക്കിറങ്ങിപ്പോയി. ഞാനവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു. 
''ചതിച്ചിട്ടു പോയവന് വേണ്ടി കിടന്ന് മോങ്ങാന്‍ നിനക്ക് നാണമില്ലേ... ' അവനെ കയ്യില്‍ കിട്ടിയാല്‍ വെട്ടി നുറുക്കുകയാ വേണ്ടത്...'' നഴ്‌സ് പെണ്‍കുട്ടി ഒച്ചവെച്ചു.
ഞാനന്ന് റിയയോട് കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. രാവിലെ അവളോട് ഞാന്‍ ലോകത്ത് കാണുന്ന പോസിറ്റീവ് ആയ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. അവളതൊക്കെ തലകുലുക്കി കെട്ടു. 

 മുറിയില്‍ ഫ്രെയിം ചെയ്തു വെച്ച ഫോട്ടോ  തല്ലിപ്പൊട്ടിക്കാന്‍ തുനിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ഉച്ചത്തില്‍ കരഞ്ഞു. അപമാനങ്ങള്‍ക്കും നോവുകല്‍ക്കും ഇടയില്‍ അവളെങ്ങിനെ അയാളെ വീണ്ടും സ്‌നേഹത്തോടെ ഓര്‍ത്തെടുക്കുന്നു എന്ന് അത്ഭുതം തോന്നി. 

ഹോസ്റ്റലിലെ ഈ അന്തരീക്ഷത്തില്‍ പഠനം ശരിയാവില്ലെന്നുള്ള കാരണം കൊണ്ട് പിറ്റേന്ന് ഞാന്‍ ആന്റിയുടെ വീട്ടിലേക്കു ഒരാഴ്ചത്തെക്ക് പോയി. എം. ബി. എ യുടെ പരീക്ഷ തുടങ്ങാനിരിക്കുന്ന സമയം. അവിടെയുള്ള ഒരു ദിവസമാണ് നഴ്‌സ് പെണ്‍കുട്ടിയുടെ കോള്‍ വരുന്നത്. 'റിയ കൈ ഞരമ്പ് മുറിച്ചു'. 

രണ്ടു ദിവസമായി. എന്നെ വിളിച്ചിട്ട് കിട്ടിയില്ല. ഞാന്‍ ആന്റിയോട് കാര്യം പറഞ്ഞു.'നീ ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം. അവിടെ ഇനി പരീക്ഷ കഴിയും വരെ നില്‍ക്കണ്ട. വല്ലതും പറ്റിയാല്‍ പോലീസും കേസും നിന്റെ പരീക്ഷ വെള്ളത്തിലാവും. ' 

ഞാന്‍ നാട്ടിലുള്ള എന്റെ അമ്മയെ ഓര്‍ത്തു. പഠിക്കാന്‍ എടുത്ത ലോണ്‍ ഓര്‍ത്തു. അതിന്റെ അടയ്ക്കാനുള്ള പലിശ ഓര്‍ത്തു. എന്റെ സ്വാര്‍ഥത വിജയം കണ്ടു. ഞാന്‍ ആന്റി പറഞ്ഞത് അനുസരിച്ചു.  

ഞങ്ങള്‍ ഹോസ്റ്റലില്‍ പോയി. ഞാന്‍ ചെല്ലുമ്പോള്‍ കൈത്തണ്ടയില്‍ വലിയ മുറിവിന്റെ വെച്ചുകെട്ടല്‍. റിയ അപ്പോഴും ജാള്യതയോടെ ഒരു സോറി പറഞ്ഞു ഉച്ചത്തില്‍ ചിരിച്ചു. ഞാന്‍  അവളുടെ അമ്മയെ വിളിച്ചു വിവരം പറഞ്ഞു. അവര്‍ അവളെ കൂട്ടികൊണ്ട് പോവാന്‍ വരന്നുവെന്ന് ഉറപ്പു നല്‍കി. ഞാന്‍ അന്ന് തന്നെ ആന്റിയുടെ കൂടെ തുണികളും പുസ്തകങ്ങളും പെറുക്കി കെട്ടി വീട്ടിലേക്കു മടങ്ങി. 
പരീക്ഷകള്‍ എല്ലാം അവസാനിച്ചു ഞാന്‍ ഹോസ്റ്റലിലേക്ക് മടങ്ങി എത്തുമ്പോള്‍ റിയ നാട്ടില്‍ പോയിരുന്നു. പിന്നീട് ഞങ്ങള്‍ കണ്ടിട്ടില്ല.

 എന്തുകൊണ്ടോ അവളിന്നും ഓര്‍മ്മയില്‍ ഒരു നീറ്റലായ് ബാക്കി നില്‍പ്പുണ്ട്. സ്‌നേഹത്തിനും വിശ്വാസങ്ങള്‍ക്കും ആഴത്തില്‍ ക്ഷതം പറ്റുമ്പോള്‍ ഒരാള്‍ ഇല്ലാതെയായി പോവുന്നത് എങ്ങിനെയെന്ന് പലരിലൂടെ കണ്ട് കടന്നു പോയിട്ടുള്ളതുകൊണ്ടാവാം വിശ്വാസ വഞ്ചനയ്ക്ക് ചിന്തകള്‍ ഒരിക്കലും മാപ്പ് നല്‍കാത്തത്. വഞ്ചനയുടെ, ചതിയുടെ പല മുഖങ്ങള്‍ പലരുടെ അനുഭവങ്ങളിലൂടെ ബാംഗ്ലൂര്‍ നഗര ജീവിതം എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. പലപ്പോഴും ജീവിതത്തില്‍ കളവുകളും ചതിയും കൊണ്ട് ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ പരിചയപ്പെടുമ്പോള്‍ കൊന്നു കളയാന്‍ മാത്രമുള്ള വെറുപ്പ് ഉള്ളില്‍ കനച്ചു വരുമെങ്കിലും ഇവരെ തീര്‍ത്തു കഴിഞ്ഞാല്‍ കൊന്നു കളയുന്നവര്‍ക്ക് ജീവിതമില്ലല്ലോ എന്ന തൊട്ടടുത്ത നിമിഷത്തെ തിരിച്ചറിവില്‍ ആ വെറുപ്പ് അറപ്പിന്റെ ചവര്‍പ്പായ് എല്ലായ്‌പ്പോഴും ഉമിനീരില്‍ കലര്‍ന്ന് തൊണ്ടയോളം തികട്ടി നില്‍ക്കുന്നതും.