വീടിനുള്ളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും വായിക്കപ്പെടാതെ പോകുന്ന പ്രായങ്ങളാണ് ബാല്യവും കൗമാരവും. നിഷ്‌കളങ്കതയ്ക്കും അപ്പുറം പലവിധ ഭയത്താലും ആകുലതകളാലും തന്നിലേക്ക് തന്നെ ചുരുങ്ങി പോകുന്ന കാലം. ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയില്‍ കൗമാര കാലഘട്ടത്തില്‍ ദുരൂഹതകള്‍ ഏറെ അവശേഷിപ്പിച്ച് ആത്മാഹുതിയിലേക്ക് അഭയം തേടുന്ന എത്രയോ കുഞ്ഞുങ്ങള്‍ നമുക്ക് വാര്‍ത്തയാകുന്നു. മരണശേഷം കാരണമെന്തെന്ന് അറിയാതെ ഉറ്റവരും സമൂഹവും ആകുലപ്പെടും. ഈ ആകുലതകള്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളില്‍ മുതിര്‍ന്നവര്‍ കാണിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ഇത്തരം മരണങ്ങള്‍ എത്രയോ ഇല്ലാതാവുമായിരുന്നു എന്നതാണ് ചിന്തിക്കേണ്ട വിഷയം. 

നാട്ടിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ യുപി ക്ലാസില്‍ പഠിക്കുന്ന സമയം. അന്ന് രണ്ടുതരം വിവേചനമാണ് കുട്ടികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും നിലനിന്നിരുന്നത്. സമ്പന്നര്‍, ദരിദ്രര്‍, സവര്‍ണ്ണര്‍, ദളിതര്‍. ഇവരോട് വിവേചനം കാണിക്കുന്നവരായിരുന്നു ഭൂരിപക്ഷം അധ്യാപകരും. ഇതിനിടയില്‍ വളരെ അപൂര്‍വ്വമായി മാത്രം കുട്ടികളെ തുല്യതയോടെ കാണുന്ന അധ്യാപകരും ഉണ്ടായിരുന്നു. എടൂര്‍ മലയോര മേഖലയുടെ ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന സ്‌കൂളിലേക്ക് ഏറെ ദൂരത്ത് നിന്നും കാല്‍നട യാത്രചെയ്ത് വരുന്ന ആദിവാസി കോളനികളിലെ കുട്ടികളും ഉണ്ടായിരുന്നു. 

അന്ന് മുണ്ടയാംപറമ്പ് ഭാഗത്തുള്ള കോളനിയില്‍ നിന്നും രജനി എന്ന് പേരുള്ളൊരു ആദിവാസി പെണ്‍കുട്ടി എനിക്കൊപ്പം പഠിച്ചിരുന്നു. എന്റെ സ്‌കൂള്‍ ഓര്‍മ്മയില്‍ ക്ലാസ്സിലെ മിക്കവാറും എല്ലാ വിദ്യാര്‍ഥികളാലും അധ്യാപകരാലും അങ്ങേയറ്റം അവഗണിക്കപ്പെട്ട പെണ്‍കുട്ടി. അവളോട് ആരും സംസാരിക്കാറ് പോലുമില്ല. ആരും കൂട്ട് കൂടിയില്ല. മറ്റുള്ളവര്‍ അടുത്തിരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു. ബെഞ്ചിന്റെ അറ്റത്തായിരുന്നു എപ്പോഴും അവളുടെ സ്ഥാനം. 

നല്ല ചൂടുള്ള ദിവസങ്ങളില്‍ മുറ്റത്തെ മാഞ്ചുവട്ടില്‍ ഇരുത്തി ഞങ്ങള്‍ക്ക് അധ്യാപകര്‍ ക്ലാസ് എടുക്കുമായിരുന്നു. അപ്പോഴും അവളുടെ സ്ഥാനം പിന്നിലായി. അവളുടെ ശബ്ദം അപൂര്‍വ്വമായി മാത്രമേ എല്ലാവരും കേട്ടിട്ടുള്ളൂ. ഒരിക്കല്‍ നിറമില്ലാത്ത യൂണിഫോം ഇട്ടു വന്നതിന് ടീച്ചര്‍ അവളെ അടിച്ചു. ഡ്രില്‍ പിരീഡില്‍ എല്ലാവരും മൈതാനത്ത് ഇറങ്ങിയപ്പോള്‍ രജനി മാത്രം വന്നില്ല. നീ വരുന്നില്ലേ എന്ന് കാരണം ചോദിച്ചു അടുത്ത് ചെന്നു. അവള്‍ കരയുകയായിരുന്നു. കണ്ണീരോടെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞു. ''ഞാന്‍ തുണി തിരുമ്പാറണ്ട്. സോപ്പില്ലാത്തോണ്ട് ബെളുക്കണില്ല''.

അന്ന് ഉച്ചയ്ക്ക് ഊണ്‌കഴിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ അവളുടെ ചോറ്റു പാത്രത്തിലേക്ക് നോക്കി. തേങ്ങ ചേര്‍ക്കാത്ത ചുവന്ന മുളക് ചമന്തി.  രജനി എന്റെ സുഹൃത്തായത് ആ ദിവസം മുതല്‍ക്കാണ്. വീട്ടില്‍ നിന്നും അലക്ക് സോപ്പും അരിയും തേങ്ങയുമൊക്കെ അവള്‍ക്കു കൊണ്ടുപോയി കൊടുക്കുന്നത് പതിവായി. മറ്റു കുട്ടികള്‍ ആരെയും കാട്ടാതെ. 

ഒരു ദിവസം അതേ സ്‌കൂളിലെ ടീച്ചറുടെ മകള്‍ ക്ലാസിലെ ഒരാണ്‍കുട്ടിയുടെ ചോറ്റുപാത്രം ചവിട്ടി തെറിപ്പിച്ചു. ഞാന്‍ നോക്കി നില്‍ക്കെയാണ് സംഭവം. പരാതി ക്ലാസ് ടീച്ചറുടെ അടുത്തെത്തി. കലാപക്കാരിയായ പെണ്‍കുട്ടി കുറ്റസമ്മതത്തിനു തയാറായില്ല. അവളല്ല പാത്രം തെറുപ്പിച്ചത് എന്നും രജനിയാണ് ചെയ്തത് എന്നുമുള്ള അസത്യമായ വെളിപ്പെടുത്തല്‍ ടീച്ചര്‍ ശരിവെച്ചു.

രജനി സംഭവത്തിലെ പ്രതിയായി. സംഭവം കണ്ടു നിന്ന മറ്റുള്ളവര്‍ ആരും വാ തുറന്നില്ല. രജനിയെ അടിക്കാന്‍ ടീച്ചര്‍ ചൂരല്‍ ഉയര്‍ത്തിയതും ഞാന്‍ ഒച്ചയുയര്‍ത്തി. ''രജനിയല്ല തെറ്റ് ചെയ്തത്.'' അവളാണ്. യഥാര്‍ത്ഥ പ്രതിക്ക് നേരെ ഞാന്‍ വിരല്‍ ചൂണ്ടി. പക്ഷെ ടീച്ചര്‍ എന്നെ കേള്‍ക്കാന്‍ തയാറായില്ല. രജനിയെ അടിക്കാന്‍ ഉയര്‍ത്തിയ ചൂരല്‍ എന്റെ വലതു കൈവെള്ളയില്‍ ആഞ്ഞു വീണു. മൂന്നു വട്ടം. അതിനു ശേഷം രജനിക്കും അടി വീണു. ആ സംഭവത്തിന് ശേഷം രജനി സ്‌കൂളില്‍ വന്നതേ ഇല്ല. അധ്യാപകര്‍ ആരും അവളെ കുറിച്ച് സംസാരിച്ചുമില്ല. 

മൗനം ചില അവസരങ്ങളില്‍ ഫാസിസ്റ്റ് സ്വഭാവം കാണിക്കും. സത്യങ്ങള്‍ അസത്യങ്ങള്‍ ആവുന്നത് അങ്ങനെയാണ്. ഇന്ന് പിറകോട്ടു ചിന്തിക്കുമ്പോള്‍ മനസിലാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ദളിത് വിദ്യാര്‍ഥികളെ മറ്റു വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ഇരുത്താന്‍ തയാറാവാത്തത്..? പല ദളിത് വിദ്യാര്‍ഥികളും പഠനം ആരംഭിച്ച ശേഷം ഇടയ്ക്ക് വെച്ച് പഠനം അവസാനിപ്പിച്ചു പോകുന്നതിനു ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നില്ലേ...? വിവേചനം കുട്ടികളില്‍ സൃഷ്ട്ടിക്കാന്‍, സവര്‍ണ്ണ ഫാസിസ്റ്റ് സ്വഭാവത്തിന്റെ വിത്തുകള്‍ പാകാന്‍ എളുപ്പത്തില്‍ സാധിക്കുക വിദ്യാലയങ്ങളില്‍ ആണ്. അത് പ്രയോജനപ്പെടുത്തുന്ന എത്രയോ വിദ്യാലയങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ട്.

ക്ലാസ് മുറികളില്‍ രാഷ്ട്രീയ പ്രസംഗം നടത്തുന്ന എത്രയെത്ര അധ്യാപകര്‍. ചെറിയ പ്രായത്തില്‍ കുട്ടികളുടെ മനസ്സില്‍ ഉടലെടുക്കുന്ന വിഷവിത്തുകള്‍ കാലങ്ങളോളം അവരെ പിന്തുടരുക  തന്നെ ചെയ്യും. ഏറ്റവും നല്ല മനുഷ്യരായി ഒരു തലമുറയെ തന്നെ വാര്‍ത്തെടുക്കാന്‍ കഴിവുള്ളവരും അവസരങ്ങള്‍ ഉള്ളവരുമാണ് അധ്യാപകര്‍. ആ അധ്യാപകര്‍ തന്നെ സമ്പന്നര്‍ എന്നും ദരിദ്രര്‍ എന്നും സവര്‍ണ്ണര്‍ എന്നും ദളിതര്‍ എന്നും രണ്ടു വിഭാഗങ്ങളായി കുട്ടികളെ കാണാനും കുട്ടികളില്‍  വിവേചനബുദ്ധി സൃഷ്ടിക്കാന്‍ശ്രമിക്കുന്നതും നമ്മുടെ സമൂഹത്തിന്റെ സന്തുലനത്തെ തന്നെ ബാധിക്കുന്നുണ്ട്.

കലാ കായിക മത്സരങ്ങളില്‍ നിന്ന് പോലും അകറ്റി നിര്‍ത്തുന്ന ഇത്തരം വിവേചനങ്ങള്‍ക്ക്  എത്രയോ തവണ  സാക്ഷിയായിട്ടുണ്ട്. പല സ്‌കൂളുകളിലും സ്‌കൂള്‍ ലീഡര്‍ മുതല്‍ പ്രാര്‍ഥനാഗാനം ചൊല്ലുന്നവരുടെ ലിസ്റ്റ് വരെ എടുത്തുനോക്കിയാല്‍ പോലും കാണാം വിവേചനത്തിന്റെ പല ഭാവങ്ങള്‍. സമ്പന്നരുടെയും സവര്‍ണ്ണരുടേയും മക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണോ ഇത്തരം സ്ഥാനങ്ങള്‍..? കഴിവുള്ള വിദ്യാര്‍ഥികളെ മുന്നോട്ടു കൊണ്ട് വരാന്‍ ഏറ്റവും താല്പര്യം കാണിക്കേണ്ടത് ആര്‍ട്‌സ് അധ്യാപകര്‍ ആണ്. 

ഉപജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോലും സാധിക്കാത്ത എത്രമാത്രം വിദ്യാര്‍ഥികള്‍. കഴിവുള്ള കുട്ടികളെ അംഗീകരിക്കാന്‍ നമ്മുടെ വിദ്യാലയങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. വര്‍ഗ്ഗീയത സമൂഹത്തില്‍ നിന്ന് പെട്ടന്നൊരു സുപ്രഭാതത്തില്‍ പരിശീലിക്കപ്പെടുന്നതല്ല. വീടുകളില്‍ നിന്ന് തുടങ്ങി വിദ്യാലയങ്ങളില്‍ കണ്ടറിഞ്ഞു സമൂഹത്തിലേക്കു പടരുന്നതാണ്. കുട്ടികളില്‍ കുത്തിവെയ്ക്കപ്പെടുന്ന മതപരവും രാഷ്ട്രീയപരവുമായ എല്ലാ ചട്ടങ്ങളും പൊളിച്ചുമാറ്റേണ്ടതുണ്ട്. 

അനുഭവങ്ങളിലൂടെ പിന്നോട്ട് നോക്കുമ്പോള്‍ ഒരു രജനി മാത്രമല്ല എത്രയോ കുഞ്ഞുങ്ങളുടെ കണ്ണീണരണിഞ്ഞ മുഖം ഓര്‍മകളെ നോവിക്കുന്നു. കാടും മലയും താങ്ങി അക്ഷരംതേടി വിദ്യാലയ മുറ്റത്ത് എത്തുമ്പോള്‍ പാതിക്കു വെച്ച് തിരിഞ്ഞു നടക്കേണ്ടി വരുന്ന ജാതി വിവേചനങ്ങളുടെ നിറം പോയ ഓര്‍മ്മപ്പുസ്തകങ്ങള്‍. പുരോഗമനവാദം പ്രസംഗിക്കുമ്പോഴും ചിന്തകളില്‍ പുരോഗമനം നിറയ്ക്കാന്‍ ഇനിയും കാലമേറെ പോകേണ്ടതുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.