കോഴിക്കോട് അഥവാ കരിപ്പൂര്‍ വിമാനത്താവളത്തിനായുള്ള സമരം പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഡല്‍ഹിയില്‍ ജന്തര്‍ മന്ദറിന് മുന്നില്‍ മാര്‍ച്ച് നടത്താനാണ് ഇപ്പോഴത്തെ ഒരുക്കം. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറമാണ് ഇതിന് മുന്നിട്ടിറങ്ങിയത്. കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുന്ന സംഘടനയ്ക്ക് പ്രവാസലോകത്തും വലിയ പിന്തുണയുണ്ട്. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ധാരാളം പ്രവാസികള്‍ ഡല്‍ഹി മാര്‍ച്ചിനായി പോകുന്നുണ്ട്. യു.എ.ഇ. യില്‍നിന്ന് മാത്രം നൂറ് പേരെയെങ്കിലും സമരത്തില്‍ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവിടെയുള്ള പ്രധാന സംഘാടകര്‍. ഇത്തരത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍ ചലോ ഡല്‍ഹിയെന്ന് പറഞ്ഞ് ഒരുക്കംതുടങ്ങിയിട്ടുണ്ട്. പലേടത്തും അനുഭാവസൂചകമായി സെമിനാറുകളും സംവാദങ്ങളും നടന്നുവരുന്നുണ്ട്.

നവീകരണത്തിന്റെ പേരില്‍ റണ്‍വേ ഭാഗികമായി അടച്ചിട്ടതോടെയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ ശനിദശതുടങ്ങുന്നത്. എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ വലിയൊരു ഭാഗം പൂര്‍ത്തിയായിട്ടും ശനിദശ നീങ്ങുന്നില്ല എന്നതാണ് പുതിയ അനുഭവം. റണ്‍വേയുടെ നീളംകൂട്ടാന്‍ സ്ഥലം ഏറ്റെടുപ്പ് ഇനിയും പൂര്‍ത്തിയാവാത്തതിനാല്‍ ആ കാര്യം തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നു. വലിയവിമാനങ്ങള്‍ ഇപ്പോഴും സുരക്ഷാകാരണങ്ങളാല്‍ കരിപ്പൂരിലേക്ക് വരുന്നില്ലയെന്നതാണ് കോഴിക്കോടിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയപ്രയാസം. സൗദി യാത്രക്കാരാണ് ഇതിനാല്‍ ഏറെയും ബുദ്ധിമുട്ടുന്നത്. കരിപ്പൂരിന്റെ വാണിജ്യവ്യാപാര നീക്കങ്ങള്‍ക്കും കുറെക്കാലമായി വലിയ പ്രതിസന്ധികളാണ്. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് മാര്‍ച്ച് എന്ന സമര പരിപാടിയിലേക്ക് എല്ലാവരും നീങ്ങിയിരിക്കുന്നത്. മലബാറിന്റെ വികാരമായ കരിപ്പൂരിന്റെ ഈ ദയനീയാവസ്ഥ ഏറ്റവും അധികം നേരിട്ടറിയുന്നതും അത് അനുഭവിക്കുന്നതും പ്രവാസികളാണ്. കൃത്യമായി പറഞ്ഞാല്‍ മലബാറില്‍നിന്നുള്ള പ്രവാസി മലയാളികള്‍ തന്നെ.

enthapanachottilഈ ഒരു വികാരത്തിലാണ് യു.എ.ഇ.- യിലെ കോഴിക്കോട് പ്രവാസി അസോസിയേഷന്‍ നേരത്തെ തിരികെ വേണം കരിപ്പൂര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കാമ്പയില്‍ തുടങ്ങിയത്. എല്ലാഭാഗത്തുനിന്നും അഭിപ്രായം സ്വരൂപിച്ച് അധികൃതരുടെ കണ്ണ് തുറപ്പിക്കുക തന്നെയായിരുന്നു ലക്ഷ്യം. പുതിയ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ഓര്‍മിപ്പിക്കാനും കാമ്പയിനില്‍ ലക്ഷ്യമിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വിമാനത്താവളത്തെ കുറിച്ചാലോചിക്കാന്‍ യോഗം ചേര്‍ന്നതും മന്ത്രി കെ.ടി. ജലീലിനെ ഭാവികാര്യങ്ങള്‍ ഏകോപിപ്പിക്കാനായി ചുമതലപ്പെടുത്തിയതും എല്ലാ ഭാഗത്തുനിന്നുമുള്ള സമ്മര്‍ദങ്ങളെ തുടര്‍ന്നായിരുന്നു.
വികസനത്തിന്റെയും നവീകരണത്തിന്റെയും പേരില്‍ റണ്‍വേ ഭാഗികമായി അടച്ചിട്ട് ഏറെക്കാലം കഴിഞ്ഞു. വലിയ വിമാനങ്ങളെല്ലാം കരിപ്പൂരിനെ എന്നേ കൈവിട്ടു. മുംബൈ വഴി യാത്രചെയ്തിരുന്ന മലബാറിലെ ഗള്‍ഫ് മലയാളികള്‍ക്ക് കോഴിക്കോട് യാഥാര്‍ഥ്യമായതോടെ അത് സ്വന്തം വിമാനത്താവളമെന്ന പോലെയായി. അതിനിടെ വ്യാപകമായ സ്വര്‍ണക്കടത്തിന്റെപേരില്‍ കുറെ കുപ്രസിദ്ധി നിലനില്‍ക്കുന്നതിനിടയിലായിരുന്നു വിമാനത്താവളത്തിനകത്തെ വെടിവെപ്പും മരണവുമൊക്കെ. ഇതോടെ കരിപ്പൂര്‍ ദേശീയതലത്തില്‍ തന്നെ അറിയപ്പെട്ടു. റണ്‍വേ നീളം കൂട്ടാതെ ഇനി മുന്നോട്ടുപോകാനാവില്ല എന്നായിരുന്നു നവീകരണത്തിന് മുമ്പ് തന്നെ കേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പ്. സുരക്ഷാകാരണങ്ങളായിരുന്നു ഇതിന് അടിസ്ഥാനമായി അവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആവശ്യമായ ഭൂമി ഇനിയും ലഭ്യമായിട്ടില്ല. അതെല്ലാം കിട്ടി റണ്‍വേ പണി പൂര്‍ത്തിയാവണമെങ്കില്‍ ഇനിയും കാലം കുറെയെടുക്കും.
കരിപ്പൂരിനെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി കോഴിക്കോട് സമരപരിപാടികള്‍ പല തലങ്ങളിലായി ഏറെ നടന്നു. മാനാഞ്ചിറയില്‍ നിരാഹാരസമരം ഉള്‍പ്പെടെയുള്ള സമരമുറകളുമായി അധികൃതരുടെ കണ്ണുതുറപ്പിക്കാനും ശ്രദ്ധ ക്ഷണിക്കാനുമായി നടത്തിയ പ്രക്ഷോഭത്തില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും അണിനിരന്നിരുന്നു.

മലബാറിലെ ജനങ്ങളുടെ മുന്നേറ്റത്തില്‍നിന്നും പ്രവാസികളുടെ കൈയയച്ച സംഭാവനകളില്‍നിന്നും ഉയര്‍ന്നുവന്നതാണ് കരിപ്പൂരിലെ വിമാനത്താവളം. കരിപ്പൂരില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാനായി ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ കൈയയച്ച് സഹായം നല്‍കിയിരുന്നു. അതിന്റെ കരുത്തിലായിരുന്നു വിമാനത്താവളത്തിന്റെ വികസനവും. കരിപ്പൂര്‍ എന്നത് ജനങ്ങളുടെ വികാരമാണ്. ഓരോ യാത്രക്കാരനെയും സ്വീകരിക്കാനും യാത്രയയയ്ക്കാനും അവിടെയെത്തുന്ന ജനക്കൂട്ടം തന്നെ അതിന്റെ തെളിവ്. ആ വികാരം ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയണം. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ചില ഉദ്യോഗസ്ഥരാണ് കരിപ്പൂരിന് എതിര് നില്‍ക്കുന്നതെന്നാണ് അണിയറ സംസാരം. അതെന്തായാലും ഡിസംബര്‍ അഞ്ചിന് നടക്കാന്‍ പോകുന്ന ഡല്‍ഹി മാര്‍ച്ച് പ്രവാസികളുടെ കൂടി സമരപ്രഖ്യാപനമാണ്. അതിന് എല്ലാ ഐക്യദാര്‍ഢ്യവും പ്രവാസലോകത്ത് നിന്നുയരുന്നുണ്ട്.