ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ആഹ്ലാദത്തേരിലാണ് യു.എ.ഇ. എന്ന രാജ്യം. അങ്ങനെ യു.എ.ഇ. യുടെ മാത്രം ആഹ്ലാദമായി അതിനെ ചുരുക്കിക്കാണാമോയെന്ന സംശയവുമുണ്ട്. സൗരോര്‍ജംമാത്രം സ്വീകരിച്ച് പറക്കാവുന്ന ഒരു വിമാനം രൂപപ്പെടുത്തിയശേഷം അത് ലോകസഞ്ചാരത്തിനുകൂടി പുറപ്പെട്ടിരിക്കുകയാണ് ഇവിടെനിന്ന്. പതിമൂന്ന് വര്‍ഷത്തോളം നീണ്ട ഒരു തപസ്യയുടെ വിജയകരമായ പരിസമാപ്തി. ഇപ്പോള്‍ ഇന്ത്യയിലുള്ള സോളാര്‍ ഇംപള്‍സ്- 2 എന്ന വിമാനം അടുത്തദിവസംതന്നെ മ്യാന്മറിലേക്ക് തിരിക്കും. ഏതാണ്ട് ലോകമൊന്ന് കറങ്ങി നാലഞ്ച് മാസത്തിനുശേഷം അത് രാജ്യത്ത് തന്നെ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ലോകം.
സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ബര്‍ട്രാന്റ് പിക്കാര്‍ഡും ആന്ദ്രെ ബോര്ഷ്ബര്ഗും സൊരോര്ജത്തിന്റെ അപാരമായ സാധ്യതകളില്‍ ആകൃഷ്ടരായവരാണ് വളരെ മുമ്പുതന്നെ. ഈ ഒരു ആശയവും അതിനായുള്ള അന്വേഷണങ്ങളുമാണ് ഇരുവരെയും തമ്മില്‍ കൂട്ടിയിണക്കിയത്. ഒരേമനസ്സുകാരുടെ സംഗമമെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. ഭൂമുഖത്തുള്ള ഫോസില്‍ ഇന്ധനങ്ങളെല്ലാം വറ്റിപ്പോയാല്‍ എങ്ങനെയാവും നമ്മുടെ വിമാനങ്ങളെല്ലാം പറക്കുകയെന്ന കൊച്ചുചോദ്യത്തില് നിന്നായിരുന്നു അവരുടെ അന്വേഷണത്തിന്റെ ആരംഭം. കാറ്റും സൂര്യനും എക്കാലത്തും അനന്തമായ സാധ്യതകളുള്ള ഊര്ജസ്രോതസ്സുകളാെണന്നത് നാമറിയുന്ന ശാസ്ത്രസത്യം. പക്ഷെ അതിനെ എങ്ങനെ പ്രയോഗത്തിലെത്തിക്കാമെന്നും അത് എങ്ങനെ ബദല്‍ ഊര്‍ജമാക്കി മാറ്റാമെന്നുമാണ് ലോകം കുറെക്കാലമായി അന്വേഷിച്ചുകൊണ്ടിരുന്നത്. ക്ഷമയും പണവും സമയവുമെല്ലാം ആവശ്യമായ അന്വേഷണം തന്നെയാണത്. ആരെങ്കിലും വെട്ടിത്തെളിച്ചവഴിയിലൂടെ പോകുന്നതും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുന്നതിലും വലിയകൗതുകമില്ല. പക്ഷെ കേവലമായ ഒരു ആശയത്തെ മൂര്‍ത്തമായ സംരംഭമാക്കി മാറ്റിയെടുക്കുന്നതാണ് വെല്ലുവിളികള്‍ നിറഞ്ഞ കാര്യം. ഇവിടെ രണ്ട് സ്വിറ്റ്സര്‍ലന്‍ഡുകാരും ചെയ്തത് അത്തരമൊരുകാര്യമാണ്. അതിന് അവര്‍ വലിയ അഭിനന്ദനമര്‍ഹിക്കുന്നു.
എന്നാല്‍ അത്രതന്നെയോ അതിലേറെയോ അഭിനന്ദനവും അംഗീകാരവും ഇതിനെല്ലാം വേദിയൊരുക്കിയ യു.എ.ഇ. എന്ന കൊച്ചുരാജ്യത്തിനും അര്‍ഹതപ്പെട്ടതാണ്. രാജ്യതലസ്ഥാനമായ അബുദാബിയിലെ ഊര്‍ജ പുനരുത്പാദനകേന്ദ്രമായ മാസ്ദാറുമായി ഈ ആശയം പങ്കുവെക്കുന്നതോടെയാണ് സൗരോര്‍ജ വിമാനം എന്ന ആശയത്തിന് പ്രായോഗികതലത്തില്‍ വേഗത കൈവരുന്നത്. നിരന്തരമായ പരീക്ഷണങ്ങള്‍, ഗവേഷണങ്ങള്‍....ഒടുവില്‍ ആ സ്വപ്നസാഫല്യത്തിലേക്ക് കടക്കാന്‍ പതിമൂന്ന് വര്‍ഷമെടുത്തു. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന കോക്പിറ്റിലിരുന്ന് അവര്‍ മാറിമാറി വിമാനം ഓടിക്കുകയാണിപ്പോള്‍. ആകാംക്ഷയും കൗതുകവും നിറഞ്ഞ ഈ യാത്ര ലോകം ചുറ്റിവരുമ്പോഴേക്കും അതൊരു ചരിത്രയാത്രയായി വിശേഷിപ്പിക്കപ്പെടും.
ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന, വേഗതയെക്കുറിച്ച് നിശ്ചയമില്ലാത്ത, കാലാവസ്ഥയെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന ഈ വിമാനത്തിനെക്കൊണ്ട് വാണിജ്യാടിസ്ഥനത്തില്‍ എന്ത് നേട്ടമെന്ന് ചോദിക്കുന്നവരുണ്ട്. അതിനുള്ള മറുപടി സ്രഷ്ടാക്കളുടെ വാക്കുകളിലുണ്ട്. ഇത് അതിനൊന്നും ഉപയോഗിക്കാവുന്ന വിമാനമല്ല. പക്ഷെ ഇങ്ങനെയും വിമാനം പറപ്പിക്കാമെന്ന് കാണിക്കുകയാണ് ആദ്യലക്ഷ്യം. പക്ഷെ ഇതൊരു തുടക്കമാണ്. അവരുടെ ഈ വാക്കുകള്‍ പുതിയ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമുള്ള വാതിലുകള്‍ തുറന്നിടുകയാണ്. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെലക്ഷ്യം. അതില്‍ ആദ്യഘട്ടത്തില്‍ അവര്‍ വിജയിച്ചുകഴിഞ്ഞു. റൈറ്റ് സഹോദരന്മാര് ആദ്യത്തെ വിമാനം പറപ്പിച്ചപ്പോള് അതൊരു അത്ഭുതസംഭവമായിരുന്നു. ആകാശമാര്‍ഗവും സഞ്ചരിക്കാമെന്ന ആശയത്തിന് സ്ഥിരീകരണം ലഭിച്ചതായിരുന്നു ആ കണ്ടുപിടുത്തം. അവര്‍ രൂപകല്‍പ്പനചെയ്ത വിമാനത്തില്‍നിന്ന് ഇന്നത്തെ കൂറ്റന്‍ വിമാനങ്ങളിലേക്കുള്ള വളര്‍ച്ച അത്ഭുതാവഹമാണ്. ഒരുപക്ഷെ അന്നും ഇത്തരത്തിലുള്ള സന്ദേഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാവണം. വിമാനങ്ങളുടെ കരുത്തില്‍, സൗകര്യങ്ങളുടെ മികവില്‍, വേഗത്തിലെല്ലാം ലോകം ഇന്ന് മത്സരിക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ പുത്തന്‍ മോഡലുകളില്‍ ലോകം ദര്‍ശിക്കുന്നു. സൗരോര്‍ജ വിമാനത്തിലും അത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ക്ക് വേദിയൊരുക്കിയെന്നത് യു.എ.ഇ. യുടെ ഏറ്റവും വലിയനേട്ടമായി കാണേണ്ടതുണ്ട്. എണ്ണയുടെകാര്യത്തില് ലോകത്ത് ഏറെ ശേഖരമുള്ള ഒരു രാജ്യം തന്നെയാണ് ഇത്തരത്തിലുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആരായുന്നത് എന്നതാണ് ഇതിലെ ഏറ്റവുംവലിയ കൗതുകവും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുത്തന്‍ ആശയങ്ങള്‍ക്ക് തളിരിടാനുള്ള ഏറ്റവും വളക്കൂറുള്ള മണ്ണാണിതെന്ന ഖ്യാതിക്ക് ഒരിക്കല്‍ കൂടി യു.എ.ഇ. അടിവരയിടുകയാണ്. സോളാര്‍ ഇംപള്‍സിന്റെ ചരിത്രയാത്രയോടൊപ്പം യു.എ.ഇ.യും ചരിത്രം രചിക്കുന്നത് അതിനാലാണ്.