മനാമ: ബഹ്‌റൈനിലെ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന 'സാംസ' സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള സംഗീത നിശ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും.  സംഗീത പരിപാടിക്ക് പ്രമുഖ പിന്നണി ഗായകന്‍ ബിജു നാരായണന്‍ നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സര്‍ഗവസന്തം എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ബിജു നാരായണനോടൊപ്പം കീര്‍ത്തന ശബരീഷ്, റിയാലിറ്റി ഷോ താരം ശ്രീലക്ഷ്മി, ബഹ്‌റൈനിലെ കലാകാരനായ അനില്‍, ഗോപിക ഗണേഷ് എന്നിവരും പങ്കുചേരും. റഫീഖ് വടകരയുടെ നേതൃത്വത്തിലാണ് ഓര്‍കസ്ട്ര ഒരുക്കുന്നത്. 
പരിപാടിയില്‍ പെങ്കടുക്കാന്‍ വ്യക്തികളില്‍ നിന്ന് ഒരു ദിനാറും കുടുംബങ്ങളില്‍ നിന്ന് രണ്ടുദിനാറുമാണ് ഈടാക്കുന്നത്. ഈ തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിരവധി ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അവര്‍ കൂട്ടിേച്ചര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സറീന, ഹംസ ചാവക്കാട്, ജിജോ, സതീഷ്, മുരളി, ഗണേഷ്, വത്സരാജ് എന്നിവര്‍ പെങ്കടുത്തു.