മനാമ: മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ 100 ാം ജന്‍മ വാര്‍ഷികത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ മാര്‍ത്തോമ ഇടവകയുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഈ മാസം 28ന് സനദിലെ മാര്‍ത്തോമ കോംപ്ലക്‌സില്‍ നടക്കുന്ന പൊതുയോഗത്തില്‍ സി.എസ്.ഐ മോഡറേറ്റര്‍ തോമസ് കെ.ഉമ്മന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 

കാലത്ത് 9.30നാണ് പരിപാടി തുടങ്ങുക. ബഹ്‌റൈന്‍ സാമൂഹിക മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കും. ഇതര ചര്‍ച്ചുകളിലെ വികാരിമാരുടെ സാന്നിധ്യവുമുണ്ടാകും. മാര്‍ ക്രിസോസ്റ്റം തിരുമേനിയുമായി ലൈവ് വീഡിയോ കോണ്‍ഫറന്‍സും സംഘടിപ്പിക്കുന്നുണ്ട്. ചര്‍ച്ച് കൊയറിന്റെ സാന്നിധ്യം പരിപാടിയില്‍ ഉടനീളമുണ്ടാകുമെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ സല്‍മാനിയ മാര്‍ത്തോമ പാഴ്‌സണേജില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ റെവ. സാം മാത്യു, റവ. റെജി.പി.എബ്രഹാം എന്നിവര്‍ പറഞ്ഞു. 

1950കളില്‍ ക്രിസോസറ്റം തിരുമേനി ബഹ്‌റൈന്‍ സന്ദര്‍ശിച്ച കാര്യവും അവര്‍ സ്മരിച്ചു. 3,000 ത്തോളം അംഗങ്ങളുള്ള ഇടവകയാണ് തങ്ങളുടേതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി എബ്രഹാം സാമുവല്‍, വൈസ് പ്രസിഡന്റ് ടി.ടി.ജോണ്‍, ട്രസ്റ്റി ചാക്കോ പി.മത്തായി, കോശി സാമുവല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.