മനാമ: പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായ വ്യവസായി വി.കെ.രാജശേഖരന്‍ പിള്ളക്ക് ബഹ്‌റൈന്‍ കേരളീയ സമാജം സ്വീകരണം നല്‍കുന്നു. ഈ മാസം ആറിന് വൈകീട്ട് 6.30ന് സമാജം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 ഇതോടനുബന്ധിച്ച് സുദീപ് കുമാര്‍, രഞ്ജിനി ജോസ്, സലീഷ്, സിയ ഉള്‍ഹഖ്, യാസിര്‍, നസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗീത നിശയും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വര്‍ഗീസ് കാരക്കല്‍ ജന.കണ്‍വീനറായി കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, സെക്രട്ടറി എന്‍.കെ.വീരമണി, ദേവദാസ് കുന്നത്ത്, ആഷ്‌ലി ജോര്‍ജ്, വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പങ്കെടുത്തു.

മാന്നാര്‍ സ്വദേശിയായ വി.കെ.രാജശേഖരന്‍ പിള്ള 70കളുടെ അവസാനം മുംബൈയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് സൗദി പ്രവാസിയായി. ജോലി വിട്ട് ബിസിനസ് രംഗത്തേക്ക് കടന്ന അദ്ദേഹം ബഹ്‌റൈനില്‍ നാഷണല്‍ ഫയര്‍ ഫൈറ്റിങ് കമ്പനി സ്ഥാപിച്ചു. നിലവില്‍ ഇന്ത്യ, യു.കെ, യു.എ.ഇ, ബഹ്‌റൈന്‍, സൗദി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 14 കമ്പനികളുടെ ഉടമയാണ്. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ വിവിധ നാടുകളില്‍ നിന്നുള്ള 2,000ത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. ചാരിറ്റി രംഗങ്ങളിലും സജീവമാണ്.