മനാമ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഗള്‍ഫ് പ്രവാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്‌ളാഘനീയമാണെന്ന് ' കെയര്‍ & ക്യൂര്‍ ഫൌണ്ടേഷന്‍ ' ജനറല്‍ സെക്രട്ടറി മുഹമ്മദ് നിസാര്‍ പറഞ്ഞു. ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിച്ചേര്‍ന്നതായിരുന്നു അദ്ദേഹം. തലശ്ശേരി മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ' കെയര്‍ & ക്യൂര്‍ ഫൌണ്ടേഷന്‍ ', വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ടോളം സംഘടനകളുടെ (തലശ്ശേരി വെല്‍ഫെയര്‍ അസോസിയേഷന്‍) പ്രവര്‍ത്തനം ക്രോഡീകരിക്കുന്നു.  

ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫൗണ്ടേഷന്‍  പ്രാധാന്യം നല്‍കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ 28 ലക്ഷം രൂപ ചിലവില്‍ അത്യാധുനിക ഐ. സി. യു. നല്‍കിയ ഖത്തര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം ഏതൊരു പ്രവാസിക്കും അഭിമാനിക്കാവുന്നതാണെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനാമ അല്‍ ഒസ്‌റ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി തല്‍ഹത്ത് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് വി. പി. അബ്ദുല്‍ റസാഖ് അദ്ധ്യക്ഷത വഹിച്ചു.